News - 2025
യുഎന്നിന്റെ നെയ്റോബി ഉച്ചകോടി: ജീവന്‍ വിരുദ്ധമാകുമെന്ന ആശങ്കയില്‍ ആഫ്രിക്കൻ മെത്രാന്മാർ
സ്വന്തം ലേഖകന്‍ 08-11-2019 - Friday
നെയ്റോബി: ഐക്യരാഷ്ട്രസഭയുടെ നെയ്റോബി ഉച്ചകോടിയെ കുറിച്ച് ആശങ്ക രേഖപ്പെടുത്തി ആഫ്രിക്കയിലെ മെത്രാന്മാർ രംഗത്ത്. അടുത്തയാഴ്ച നടക്കാനിരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ നെയ്റോബി ഉച്ചകോടി മനുഷ്യരാശിക്കും, മനുഷ്യന്റെ മൂല്യങ്ങൾക്കും നാശത്തിന് ഹേതുവാകാൻ സാധ്യതയുണ്ടെന്ന ആശങ്കയാണ് ആഫ്രിക്കയിലെ മെത്രാന്മാര്‍ ഉയര്‍ത്തുന്നത്. നവംബർ 12 മുതൽ 14 വരെ നടക്കുന്ന ഉച്ചകോടി യുഎന്നിന്റെ പോപ്പുലേഷൻ ഫണ്ടും, കെനിയയുടെയും ഡെൻമാർക്കിന്റെയും സർക്കാരുകളുമാണ് സംഘടിപ്പിക്കുന്നത്. ഇത് നന്മയ്ക്കായി ഭവിക്കില്ലെന്ന് കുടുംബത്തിനും, ജീവനുംവേണ്ടിയുള്ള കെനിയൻ മെത്രാൻ സമിതിയുടെ കമ്മീഷന്റെ അധ്യക്ഷ പദവി വഹിക്കുന്ന ബിഷപ്പ് എമിരറ്റസ് ബിഷപ്പ് ആൽഫ്രഡ് റൊട്ടിച്ച് പറഞ്ഞു.
ഉച്ചകോടിയ്ക്കു എത്തുന്ന ആളുകളെ പറ്റി തങ്ങൾക്ക് ബോധ്യമുണ്ടെന്നും അവർ പ്രോലൈഫ് ചിന്താഗതിയുളവരായിരിക്കില്ലെന്നും മറിച്ച് ഭ്രൂണഹത്യയെ അനുകൂലിക്കുന്നവരായിരിക്കുമെന്നും തെറ്റായ നയത്തെ പിന്തുണയ്ക്കാനായാണ് അവർ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തുന്നതും അദ്ദേഹം വിശദീകരിച്ചു. ജീവന്റെ മൂല്യത്തിനെതിരെയുള്ള നിലപാടുകൾ പ്രോത്സാഹിപ്പിക്കാൻ കെനിയയെ വിട്ടുനൽകിയ പ്രസിഡന്റിന്റെ നടപടി ആശ്ചര്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
ഉച്ചകോടിയുടെ ലക്ഷ്യത്തെ കത്തോലിക്കാസഭയുടെ പഠനങ്ങളനുസരിച്ച് അംഗീകരിക്കാൻ സാധിക്കില്ലെന്ന് മോംപാസ അതിരൂപതയുടെ ആർച്ച് ബിഷപ്പ് മാർട്ടിൻ കീവുവയും വ്യക്തമാക്കിയിട്ടുണ്ട്. വികസ്വര രാജ്യങ്ങള്‍ ഏറെയുള്ള ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഭ്രൂണഹത്യ, ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുവാന്‍ ഐക്യരാഷ്ട്ര സഭയും ഏതാനും യൂറോപ്യന്‍ രാജ്യങ്ങളും ഇടപെടല്‍ നടത്തുന്നുണ്ടെന്ന ആരോപണം നേരത്തെ മുതല്‍ ശക്തമാണ്.