Social Media

വിദ്യാർത്ഥി രാഷ്ട്രീയം: ചർച്ച കൊഴുക്കുമ്പോൾ മറക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍

ഡോ.ഡെയ്സൻ പാണേങ്ങാടൻ 10-11-2019 - Sunday

നാം കണ്ട്, നമ്മുടെ മനസ്സിൽ പതിഞ്ഞ കലാലയ കാഴ്ചകൾ അവിസ്മരണീയവും ഒപ്പം അവർണ്ണനീയവുമാണ്! കണ്ണെത്താ ദൂരം നീണ്ട വരാന്തകൾ.....! കുടുസ്സായ ഇടനാഴികൾ......! മഴയെയും വെയിലിനെയും പ്രതിരോധിയ്ക്കുന്ന കുടയെ വെല്ലുന്ന മരത്തണലുകൾ....! വല്ലപ്പോഴും സാന്നിധ്യമറിയിക്കുന്ന പുസ്തകശാലകൾ....! സാമൂഹ്യ മാധ്യമ കാലത്തും അക്ഷരവെളിച്ചം തൂകുന്ന വായനശാലകൾ .....! വിദ്യാർത്ഥികൾക്കു ക്ലാസ്സുമുറികളിൽ ആതിഥേയത്വമരുളുന്ന കുറുകും ഇണപ്രാവുകൾ......! ക്രിക്കറ്റിന്റേയും ഫുട്ബോളിന്റേയും ആവേശം തെല്ലിട ചോരാത്ത മൈതാനങ്ങൾ......! സിരകളിലും ചിന്തകളിലുംആവേശമുണർത്തിയിരുന്ന മുദ്രാവാക്യങ്ങൾ.....! ആശയപരമായ സംഘർഷങ്ങൾ....! കാന്റീനിലെ അട്ടഹാസങ്ങളും പൊട്ടിച്ചിരികളും,പരിഭവ - പരിവേദന തീർക്കലുകളും.....! പ്രണയം മൊട്ടിടുന്ന കെട്ടിട മൂലകളും മരച്ചുവടുകളും...! ക്ലാസ്സുമുറികളിലെ താത്വിക ചർച്ചകളും തർക്കങ്ങളും....! ഈ ഇടവേളകളെ ഗൗരവതരമാക്കുന്ന ക്ലാസ്സുകളും പരീക്ഷകളും പരീക്ഷണശാലകളും....! ഇതായിരുന്നു, നമ്മുടെ കലാലയങ്ങളുടെ യഥാർത്ഥ പരിഛേദം !!

ഈ പരിഛേദത്തിനപ്പുറത്ത്, കത്തിയും ചോരയും ഇടകലർന്ന ഒപ്പം, യുവത്വം ബലി വരെ കഴിയ്ക്കപ്പെടുന്ന അക്രമരാഷ്ട്രീയം വന്നതാണ്, പൊതു സമൂഹം അവയെ അർഹിയ്ക്കുന്ന അവജ്ഞയോടെ തള്ളിക്കളയാൻ കാരണം. പുസ്തകങ്ങളിലെ അറിവുകൾക്കപ്പുറം അതിന്റെ പ്രായോഗികതയും കലയും സാഹിത്യവും തുല്യപരിഗണനയോടെ ചർച്ച ചെയ്യപ്പെടേണ്ട കലാലയങ്ങളിൽ, പക്ഷേ വിദ്യാർത്ഥി രാഷ്ട്രീയ സാധ്യത ചർച്ചകൾ അരങ്ങു തകർക്കുമ്പോൾ, അവിടുത്തെ പഠിതാക്കളുടെ മാതാപിതാക്കൾ ആശങ്കയിൽ തന്നെയാണ്.

വിദ്യ അഭ്യസിച്ച് ഒരു കുടുംബത്തിന്റെ അത്താണിയാവേണ്ട, സമൂഹത്തിന്റേ ബാധ്യതയേറ്റെടുക്കേണ്ട പുതുതലമുറ, കലാലയ രാഷ്ട്രീയത്തിന്റെ അക്രമ സാഹചര്യങ്ങളിൽപ്പെട്ടുഴഞ്ഞതിന് പൂർവ്വകാല ചരിത്രം സാക്ഷി. ഏറ്റവുമൊടുവിൽ അഭിമന്യുവിലെത്തി നിൽക്കുന്ന ആ രക്തസാക്ഷി നിര, ഇനിയും തുടരണോ...?ഒടുങ്ങണോ...? എന്നതു കൂടിയാണ്, ഈ ചർച്ചയുടെ സാംഗത്യത്തിൽ പരാമർശവിധേയമാകേണ്ടത്.

സ്കൂൾ കാലഘട്ടത്തിന്റെ പ്രാഥമിക തലത്തിനപ്പുറത്ത്, അങ്ങ് വാർദ്ധക്യം വരെ സൗഹൃദങ്ങൾ സൂക്ഷിക്കുന്ന സുദൃഢബന്ധത്തിന്റെ ഇടനാഴികൾ കൂടിയാണ് കലാലയങ്ങൾ. സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും ക്രിയാത്മകതയുടേയും വലയങ്ങൾക്കിടയിലാണ്, ഒരു പരിധി വരെ കലാപാഹ്വാനങ്ങളുമായി കലാലയങ്ങളെ കലാപാലയങ്ങളാക്കുന്ന രാഷ്ട്രീയത്തിന്റെ കടന്നുകയറ്റമുണ്ടായത്. അതു കൊണ്ട് തന്നെയാകണം, ഒരു ചെറു ന്യൂനപക്ഷമൊഴികെയുള്ള വലിയൊരു പക്ഷം, ഇത് നിയമസാധുതയേകാനുള്ള സാധ്യതയെ ആശങ്കയോടെ നോക്കി കാണുന്നത്.

എന്തുകൊണ്ടാണ്, നീതിന്യായ സംവിധാനം കലാലയങ്ങളിൽ രാഷ്ട്രീയം നിരോധിക്കാനവസരം നൽകിയതെന്ന്, പ്രബുദ്ധ കേരളം ചിന്തയ്ക്കു വിധേയമാക്കേണ്ടതാണ്.

നാട്ടിലെ വോട്ടറും ഒപ്പം പൗരന്മാരുമായ കലാലയ വിദ്യാർത്ഥികൾ തമ്മിൽ ഒരു പരിധി വരെ ആശയപരമായി മാത്രം ഉടലെടുത്തിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ, സർവ്വ സീമകളും ലംഘിച്ച് വ്യക്തികളും സംഘടനകളും തമ്മിലുള്ള നിതാന്തവൈരമായി വളർന്നതും പരസ്പരം പോർവിളിച്ച് യുദ്ധസമാനമായ അന്തരീക്ഷം കലാലയ മുറ്റങ്ങളിലുണ്ടായതും തന്നെയാണതിന്റെ മൂലകാരണം.അതിന്റെ അനുരണനമെന്നോണം കലാലയങ്ങൾ കലാപഭൂമികളായി രൂപാന്തരപ്പെടുകയായിരുന്നു.

കലാലയ രാഷ്ട്രീയത്തിന്റെ അവസാന ഇരയായി തലങ്ങും വിലങ്ങും കുത്തേറ്റ്, തന്റെ തന്നെ മരണത്തിന് മുക സാക്ഷിയായ ‘അഭിമന്യു’ എന്ന തരുണന്റെ സ്മരണകൾ ഇന്നും മഹാരാജാസിന്റെ അക്ഷരമുറ്റം മറന്നീട്ടില്ല. സർവ്വസാധാരണമായ കുടുംബ സാഹചര്യത്തിൽ പഠനത്തിനായെത്തി, സ്വജീവിതം അക്രമ രാഷ്ട്രീയത്തിൽ ബലി കൊടുക്കപ്പെട്ടപ്പോൾ ഉത്ത പൊലിഞ്ഞപ്പോൾ ഒട്ടനേകം ചോദ്യങ്ങൾ ബാക്കിയാകുകയാണ്. ഒന്നോർക്കുക; യൗവ്വനത്തിന്റെ ആത്യന്തിക ഭാവം വിപ്ലവം തന്നെയാണ്. ആ വിപ്ലവ ചിന്തയിൽ നിന്നു തന്നെയാണ്, തങ്ങൾ ചെയ്യുന്നതാണ് - തങ്ങൾ ചെയ്യുന്നതു മാത്രമാണ് ശരിയെന്ന ആപേക്ഷികത സംഘാതമാകുന്നത്. അവിടെ അവരെ നയിക്കുന്ന ചിന്തകൾക്ക് ഗുരുക്കൻമാരുടേയോ മാതാപിതാക്കളുടേയോ നിർദ്ദേശങ്ങൾക്കോ ഉപദേശങ്ങൾക്കോ പ്രസക്തിയില്ല താനും.

ഈ അവസ്ഥാവിശേഷത്തെയാണ്, രാഷ്ട്രീയ തൽപ്പരകക്ഷികൾ ചൂഷണം ചെയ്യുന്നതും. ആ ചൂഷണത്തിൽ നിന്നാണ് ,ഒരു പരിധി വരെ മാർഗ്ഗ കേന്ദ്രീകൃതമല്ലാത്ത ലക്ഷ്യങ്ങൾ രൂപപ്പെടുന്നതും ആ ലക്ഷ്യങ്ങൾക്കായി എന്തും ചെയ്യാമെന്ന ബോധം ഉരുത്തിരിയുന്നതും. സ്വത്വബോധമുള്ള രാഷ്ട്രീയ ചിന്തകൾക്കു പകരം സ്വാഭാവികമായും ആരാലോ നിയന്ത്രിയ്ക്കപ്പെടുന്ന രാഷ്ട്രീയച്ചട്ടുകമായി അവർ പോലുമറിയാതെ മാറുകയും ചെയ്യുന്നു. ഒന്നിനെയും ചോദ്യം ചെയ്യാനാകാതെ, മറ്റൊരാളാൽ നിയന്ത്രിയ്ക്കപ്പെപെടുന്ന ഒരു പാവയെയല്ല;ജനാധിപത്യ നാടിനാവശ്യം.മറിച്ച് ധൈഷണികമായ ചിന്താധാരകളാൽ നയിക്കപ്പെടുന്ന സാമൂഹ്യ നൻമ കാംക്ഷിയ്ക്കുന്ന യുവതയെയാണ്.

യുവത്വം തുളുമ്പുന്ന ഒരു വിദ്യാർത്ഥിയ്ക്ക് രാഷ്ട്ര ബോധവും രാഷ്ട്രീയ ബോധവും അവശ്യം വേണ്ടതു തന്നെയെന്ന കാര്യത്തിൽ മറുവാദമില്ല. തങ്ങളുടെ അടിസ്ഥാന കർത്തവ്യമായ പഠനവും അതു തീർക്കുന്ന പഠനാന്തരീക്ഷവും അപ്പാടെ മറന്ന്, വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ മറപിടിച്ച്, സഹോദരതുല്യനായ തന്റെ സഹപാഠിയെപ്പോലും ദയാദാക്ഷണ്യമില്ലാതെ തല്ലുകയും കൊല്ലുകയും ചെയ്യുന്ന രാഷ്ട്രീയത്തെ അംഗീകരിക്കാനാകില്ല.

പരന്നതും തെളിഞ്ഞതുമായ വായനയിലൂടെയും മനനത്തിലൂടെയും അവശ്യം വേണ്ട വിശകലനത്തിലൂടെയും താത്വികവും ബൗദ്ധികവുമായ അറിവും അതിന്റെ വ്യാപ്തിയും നേടേണ്ട യുവത്വത്തിന്റെ ഉൻമേഷത്തിന്റേയും പ്രസരിപ്പിന്റേയും കാലയളവിൽ യാന്ത്രികമായ ചിന്താധാരയോടെ യുവത്വം തെരുവിലും അക്ഷരമുറ്റത്തും പൂണ്ടു വിളയാടുമ്പോൾ, നമുക്ക് നഷ്ടപ്പെടുന്നത് പൊതുമുതലുകൾ മാത്രമല്ല; അവരുടെ സ്വത്വബോധവും നാളെയുടെ നൻമകളെയുമാണ്.

വിദ്യാലയങ്ങളിലെ രാഷ്ട്രീയാതിപ്രസരവും ഇതു സംബന്ധിച്ച കോടതി നടപടികളും :-

വിദ്യാലയങ്ങളിൽ രാഷ്ട്രീയം വേണ്ടെന്ന നിലപാടുമായി കഴിഞ്ഞ വർഷത്തിന്റെ അവസാന പാദത്തിൽ കേരളത്തിലെ ഹൈക്കോടതി രംഗത്തെത്തിയിരുന്നു. മാതാപിതാക്കള്‍ അവരുടെ മക്കളെ വിദ്യാലയങ്ങളിലേയ്ക്ക് അയക്കുന്നത് പഠിക്കാനാണെന്നും രാഷ്ട്രീയം തൊഴിലാക്കാനല്ലെന്നും അന്ന് ഹൈക്കോടതി സുവ്യക്തമാക്കിയിരുന്നു.കലാലയ രാഷ്ട്രീയം അധ്യയന അന്തരീക്ഷത്തെ തകര്‍ക്കുമെന്ന് നിരീക്ഷിച്ച കോടതി അതിനാൽ തന്നെ കാമ്പസില്‍ രാഷ്ട്രീയം അനുവദിക്കാനാവില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു.ഇക്കാരണങ്ങൾ കൊണ്ട് തന്നെ, വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള സമാധാനപരമായ അധ്യയനന്തരീക്ഷം ഉറപ്പു വരുത്തേണ്ടത് സര്‍ക്കാരിന്റെ കൂടെഉത്തരവാദിത്വമാണെന്നും കോടതി അറിയിച്ചിരുന്നു.എന്നാൽ പിന്നീട് കാമ്പസ് രാഷ്ട്രീയത്തിനെതിരായി സമര്‍പ്പിച്ച ഹർജി പിന്‍വലിച്ചതോടെ, ഉത്തരവ് അസാധുവാക്കപ്പെടുകയായിരുന്നു.

അനിവാര്യമായ മാറ്റം :-

വർഗീയതയും വംശീയതയും വിഭാഗീയതയും ജാതീയതയും മദിയ്ക്കാത്ത ഒരു കർമ്മപഥത്തിന്റെ പരിശീലകളരിയാണ് നമ്മുടെ വിദ്യാലയങ്ങളും കലാലയങ്ങളും.

അവിടെ മൊട്ടിടേണ്ടത്, തലമുറകളുടെ സൗഹൃദമാണ് ... അവിടെ കൈവരിക്കേണ്ടത്, ബൌദ്ധികാടിത്തറയാണ്...അവിടെ രൂപപ്പെടേണ്ടത്, അവനവന്റെ സ്വത്വബോധമാണ് ... അവിടെ പ്രഖ്യാപിയ്ക്കപ്പെടേണ്ടത്, രാഷ്ട്ര ബോധമാണ്...

ലേഖകനായ ഡോ.ഡെയ്സൻ പാണേങ്ങാടൻ, തൃശ്ശൂർ സെന്റ്. തോമസ് കോളേജിലെ അസിസ്റ്റന്‍റ് പ്രഫസറാണ് ‍


Related Articles »