India - 2024

വന്‍ വിജയമായി ഇടുക്കി രൂപതയിലെ വൈദിക സന്യസ്ത അല്‍മായ മഹാസംഗമം

18-11-2019 - Monday

വെള്ളയാംകുടി: ഇടുക്കി രൂപത അസാധാരണ പ്രേഷിത മാസാചരണത്തിന് വൈദിക സന്യസ്ത അല്‍മായ മഹാസംഗമത്തോടെ ഉജ്വല സമാപനം. രൂപതയുടെ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ മഹാസംഗമം വിശ്വാസ ചൈതന്യത്തിന്റെയും സീറോ മലബാര്‍ സഭ മിഷന്‍ ദൗത്യ മഹാത്മ്യത്തിന്റെയും പ്രഘോഷണമായി. ഇരുന്നൂറോളം വൈദികരും ആയിരത്തോളം സമര്‍പ്പിതരും ഇടവക പ്രതിനിധികളും ഭക്തസംഘടന പ്രതിനിധികളും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകളെ സാക്ഷിനിര്‍ത്തി ഷംഷാബാദ് മെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ സമ്മേളനം ഉദ്ഘാടനംചെയ്തു.

കുടുംബ ബന്ധങ്ങളുടെ അച്ചടക്കവും സമര്‍പ്പിതരുടെ ജീവാര്‍പ്പണവുമാണ് ക്രൈസ്തവ സഭകളുടെ അടിസ്ഥാനമെന്നു മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. സംഗമത്തില്‍ ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. കത്തോലിക്കാസഭ ഭാരതത്തിനു നല്‍കിയ സംഭാവനകള്‍ തമസ്‌കരിക്കപ്പെടാതിരിക്കാന്‍ ജാഗ്രത കാട്ടണമെന്നു മാര്‍ നെല്ലിക്കുന്നേല്‍ ആവശ്യപ്പെട്ടു. ഡിസിഎല്‍ കൊച്ചേട്ടന്‍ ഫാ.റോയി കണ്ണന്‍ചിറ സിഎംഐ മുഖ്യപ്രഭാഷണം നടത്തി. ക്രൈസ്തവ സഭയ്ക്കുനേരെ അടുത്ത കാലത്തു നടക്കുന്ന കരുതിക്കൂട്ടിയുള്ള ആക്രമണം കാണാതെ പോകാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഭദ്രാവതി മെത്രാന്‍ മാര്‍ ജോസഫ് അരുമച്ചാടത്ത്, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ആനി പോള്‍ സിഎംസി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി വി.വി. ലൂക്ക, മോണ്‍. ഏബ്രഹാം പുറയാറ്റ് എന്നിവര്‍ പ്രസംഗിച്ചു. പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ മോണ്‍. ജോസ് പ്ലാച്ചിക്കല്‍ സ്വാഗതമാശംസിച്ചു. പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഡോ. സിസ്റ്റര്‍ സുഗുണ എഫ്‌സിസി നന്ദി പറഞ്ഞു.


Related Articles »