India - 2025

വിവിധ എപ്പിസ്കോപ്പൽ സഭകളിലെ വൈദികരുടെയും സന്യസ്‌തരുടെയും സംയുക്ത സമ്മേളനം 25ന്

പ്രവാചകശബ്ദം 23-09-2024 - Monday

തിരുവല്ല: നിലയ്ക്കൽ എക്യുമെനിക്കൽ പ്രസ്ഥാനത്തിൻ്റെ റൂബി ജൂബിലിയോടനുബന്ധിച്ച് കേരളത്തിലെ വിവിധ എപ്പിസ്കോപ്പൽ സഭകളിലെ വൈദികരുടെയും സന്യസ്‌തരുടെയും സംയുക്ത സമ്മേളനം 25ന് തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രലിൽ നടക്കും. രാവിലെ 9.30ന് മാർത്തോമ്മ സഭാധ്യക്ഷൻ ഡോ. തിയൊഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ ചങ്ങനാശേരി അതിരുപത നിയുക്ത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ മുഖ്യപ്രഭാഷണം നടത്തും. മാർത്തോമ്മ സഭ സഫ്രഗൻ മെത്രാപ്പോലീത്ത ഡോ. ജോസഫ് മാർ ബർണബാസ് അനുഗ്രഹ പ്രഭാഷണം നടത്തും.

തിരുവ ല്ല അതിഭദ്രാസനം മുഖ്യ വികാരി ജനറാൾ റവ.ഡോ. ഐസക് പറപ്പള്ളിയിൽ, കേരള കത്തോലിക്കാ സന്യസ്‌തരുടെ മേജർ സുപ്പീരിയേഴ്സ് പ്രസിഡന്റും ബഥനി സന്യാസിനീ സമൂഹം സുപ്പീരിയർ ജനറാളുമായ സിസ്റ്റർ ഡോ. ആർദ്ര എസ്ഐസി, നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റ് ട്രഷറർ ഏബ്രഹാം ഇട്ടിച്ചെറിയ എന്നിവർ പ്രസംഗിക്കും. സിഎസ്ഐ സഭ മുൻ ബിഷപ്പ് ഡോ. തോമസ് സാമുവൽ ക്ലാസിന് നേതൃത്വം നൽകും. ക്നാനായ യാക്കോബായ സഭ കല്ലിശേരി മേഖല ബിഷപ്പ് കുര്യാക്കോസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത മോഡറേറ്ററായിരിക്കും.

ഉച്ചകഴിഞ്ഞ് നടക്കുന്ന പാനൽ ചർച്ചയ്ക്ക് മലങ്കര കത്തോലിക്കാ സഭ മാവേ ലിക്കര ഭദ്രാസനാധ്യക്ഷനും നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റ് വൈസ് പ്രസിഡന്റുമായ ഡോ. ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് മെത്രാപ്പോലീത്ത മോഡറേറ്ററായിരിക്കും. 'നിലയ്ക്കൽ എക്യുമെനിക്കൽ പ്രസ്ഥാനം - മാർത്തോമ്മാ നസ്രാണി സഭകളുടെയും സമുദായത്തിന്റെയും ഐക്യവും സുവിശേഷ ദൗത്യവും' എന്ന വിഷയത്തിൽ റവ.ഡോ. എം.ഒ. ജോൺ വിഷയാവതരണം നടത്തും.

പാനൽ ചർച്ചയ്ക്ക് മലങ്കര യാക്കോബായ സഭ മുവാറ്റുപുഴ ഭദ്രാസനാധ്യക്ഷൻ ഡോ. മാത്യുസ് അന്തീമോസ്, കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവർഗീ സ് മാർ അപ്രേം, ബഥനി സന്യാസ സഭ സുപ്പീരിയർ ജനറൽ റവ. ഡോ. ഗീവർഗീ സ് കുറ്റിയിൽ ഒഐസി, മാർത്തോമ്മ സഭ റാന്നി-നിലയ്ക്കൽ ഭദ്രാസന വൈദിക സെക്രട്ടറി റവ. തോമസ് കോശി പനച്ചമൂട്ടിൽ, നിലയ്ക്കൽ റൂബി ജൂബിലി ഫിനാ ൻസ് കൺവീനർ റവ. സോജി ജോൺ വർഗീസ് എന്നിവർ നേതൃത്വം നൽകും. തിരുവല്ല സെൻ്റ് ജോൺസ് കത്തീഡ്രൽ ഗായകസംഘം, സിഎസ്ഐ സഭ ഗായക സംഘം, ബഥനി സിസ്റ്റേഴ്‌സിന്റെ ഗായകസംഘം തുടങ്ങിയവർ ഗാനങ്ങൾ ആലപിക്കും.

പരിപാടികൾക്ക് മാർത്തോമ്മ സഭ മെത്രാപ്പോലീത്തൻ സെക്രട്ടറി റവ. കെ.ഇ. ഗീവർഗീസ്, സെൻ്റ് ജോൺസ് കത്തീഡ്രൽ വികാരി ഫാ. മാത്യു പുനക്കുളം, ഓർത്തഡോക്‌സ് സഭ നിലയ്ക്കൽ ഭദ്രാസന സെക്രട്ടറി ഫാ. സോബിൻ സാമുവൽ, നിലയ്ക്കൽ എക്യുമെനിക്കൽ പള്ളി അഡ്‌മിസ്‌ട്രേറ്റർ ഫാ. ഷൈജു മാത്യു ഒഐസി, നിലയ്ക്കൽ റൂബി ജൂബിലി പ്രോഗ്രാം കോ-ഓഡിനേറ്റർ ഫാ. ജോർജ് തേക്കടയിൽ തുടങ്ങിയവർ നേതൃത്വം നൽകും. കേരളത്തിലെ വിവിധ എപ്പിസ്കോപ്പൽ സഭകളിലെ വൈദികരുടെയും സന്യസ്തരുടെയും സംയുക്ത സമ്മേളനം ആദ്യമായിട്ടാണ് നടക്കുന്നത്.


Related Articles »