India - 2024

സഭാ തര്‍ക്കത്തിന് പരിഹാരം ചര്‍ച്ച് പ്രോപ്പര്‍ട്ടി ആക്ടല്ല: ജാഗ്രതാ സമിതി

സ്വന്തം ലേഖകന്‍ 22-11-2019 - Friday

ചങ്ങനാശേരി: ചില സഭകള്‍ തമ്മിലും സഭകള്‍ക്കുള്ളിലും ഉള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും പരിഹാരം എന്ന വ്യാജേന കേരളത്തിലെ ക്രൈസ്തവ സഭകള്‍ക്ക് മുഴുവന്‍ ബാധകമാകുന്ന വിധം ചര്‍ച്ച് പ്രോപ്പര്‍ട്ടി ആക്ട് കൊണ്ടുവരുവാനുള്ള നീക്കം അത്യന്തം ആശങ്കാജനകവും പ്രതിഷേധാര്‍ഹവും ആണെന്ന് ചങ്ങനാശേരി അതിരൂപതാ പബ്ലിക് റിലേഷന്‍സ് ജാഗ്രതാ സമിതി. കത്തോലിക്കാ സഭയ്ക്ക് സിവില്‍ നിയമത്തിന് വിധേയമായി സ്വത്ത് ആര്‍ജിക്കുന്നതിനും അത് കൈകാര്യം ചെയ്യുന്നതിനും പരമ്പരാഗതമായ വ്യവസ്ഥാപിത സംവിധാനങ്ങളും മാര്‍ഗങ്ങളും നിലവിലുള്ള സാഹചര്യത്തില്‍ കത്തോലിക്കാ സഭയുടെ സ്വത്തുക്കളെ സംബന്ധിച്ച് മറ്റൊരു നിയമം അപ്രസക്തവും അനാവശ്യവുമാണെന്ന് സമിതി വിലയിരുത്തി.

ചര്‍ച്ച് പ്രോപ്പര്‍ട്ടി ആക്ട് കൊണ്ടുവരുവാന്‍ ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നില്ല എന്ന് സഭാമേലദ്ധ്യക്ഷന്മാര്‍ക്ക് മുഖ്യമന്ത്രി നല്‍കിയിരുന്ന ഉറപ്പ് പാലിക്കപ്പെടുണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു. വിശ്വാസവുമായി ബന്ധപ്പെട്ട് സഭകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ സഭാപരമായും രമ്യതയിലും പരിഹരിക്കുന്നതിനു പകരം സ്വത്തു വിഷയങ്ങള്‍ ഉള്‍പ്പെടുത്തി ജനവികാരം ഇളക്കിവിട്ട് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി ചര്‍ച്ച് ആക്ട് നടപ്പിലാക്കാനുള്ള ചില കേന്ദ്രങ്ങളിലെ നീക്കം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്.

സഭകളിലും സന്യാസസമൂഹങ്ങളിലും ഉണ്ടാകുന്ന ഒറ്റപ്പെട്ട വീഴ്ചകളും കുറവുകളും പെരുപ്പിച്ച് കാണിക്കുവാനും അവ മാധ്യമ ചര്‍ച്ചയ്ക്കും പൊതു വിശകലനത്തിനും വിധേയമാക്കുവാനും ചില സംഘടിത സഭാവിരുദ്ധ ശക്തികള്‍ ശ്രമിക്കുന്നുണ്ടെന്നും ചര്‍ച്ച് ആക്ടാണ് സഭകളിലുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമെന്നുമുള്ള ഇത്തരക്കാരുടെ ആശയപ്രചരണം ദുരുദ്ദേശപരമാണെന്നും യോഗം വിലയിരുത്തി.

അതിരൂപതാ കേന്ദ്രത്തില്‍ പി.ആര്‍.ഒ. അഡ്വ.ജോജി ചിറയിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ജാഗ്രതാ സമിതി കോഡിനേറ്റര്‍ ഫാ ആന്റണി തലച്ചെല്ലൂര്‍ ഉദ്ഘാടനം ചെയ്തു. പി.എ. കുര്യാച്ചന്‍ വിഷയാവതരണം നടച്ചത്തി. ഡോ. ആന്റണി മാത്യൂസ്, അഡ്വ. ജോര്‍ജ് വര്‍ഗീസ് കോടിക്കല്‍, ജോബി പ്രാക്കുഴി, കെ.വി. സെബാസ്റ്റ്യന്‍, വര്‍ഗീസ് ആന്റണി എന്നിവര്‍ പ്രസംഗിച്ചു.


Related Articles »