News

എഫ്‌ബി‌ഐ അറസ്റ്റ് ചെയ്ത പ്രോലൈഫ് ആക്ടിവിസ്റ്റിന്റെ ഭവനം സന്ദർശിച്ച് പിന്തുണ അറിയിച്ച് ജർമ്മൻ കർദ്ദിനാൾ

പ്രവാചകശബ്ദം 16-10-2022 - Sunday

വത്തിക്കാൻ സിറ്റി: അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ എഫ്ബിഐ അറസ്റ്റ് ചെയ്ത 'ദ കിംഗ്സ് മെൻ' എന്ന മിനിസ്ട്രിയുടെ സ്ഥാപകനും, പ്രോലൈഫ് ആക്ടിവിസ്റ്റും ഏഴു കുട്ടികളുടെ പിതാവുമായ മാർക്ക് ഹുക്കിന് പിന്തുണ അറിയിക്കാൻ വത്തിക്കാൻ വിശ്വാസ തിരുസംഘത്തിന്റെ മുൻ തലവൻ കർദ്ദിനാൾ ജെറാള്‍ഡ്‌ മുളളർ അദ്ദേഹത്തിന്റെ ഭവനം സന്ദർശിച്ചു. ഒക്ടോബർ 12നു യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ കർദ്ദിനാൾ മുളളർ പെൻസിൽവാനിയയിൽ സ്ഥിതി ചെയ്യുന്ന മാർക്ക് ഹുക്കിന്റെ വീടിന് മുന്നിൽ നിൽക്കുന്നതായി കാണാം. പ്രോലൈഫ് സംഘടനയായ ഐഫാം ന്യൂസ് ആണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫിലാഡൽഫിയിൽ സ്ഥിതി ചെയ്യുന്ന പ്ലാൻഡ് പേരന്റ്ഹുഡ് ക്ലിനിക്കിനു മുമ്പിൽ വച്ച് ക്ലിനിക്കിന് സുരക്ഷ നൽകിയിരുന്ന ഒരാളുമായി നടത്തിയ വാക്കേറ്റമാണ് മാർക്ക് ഹുക്കിന്റെ അറസ്റ്റിലേക്ക് നയിച്ചത്. 12 വയസ്സുള്ള മകനെ ക്ലിനിക്കിന് സുരക്ഷ നൽകുന്ന ആൾ അസഭ്യം പറഞ്ഞപ്പോൾ, മകനെ സംരക്ഷിക്കേണ്ടതിന് വേണ്ടി മാർക്ക് തള്ളി മാറ്റുകയായിരുന്നു.

ക്ലിനിക്കിനു മുമ്പിൽ സ്ഥിരമായി മാർക്ക് ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ എത്തുമായിരുന്നു. തോക്കിൻ മുനയിലാണ് അദ്ദേഹത്തെ എഫ്ബിഐ അറസ്റ്റ് ചെയ്യുന്നത്. മാർക്ക് ഹുക്കിന്റെ അറസ്റ്റിനെ കർദ്ദിനാൾ രൂക്ഷമായി അപലപിച്ചു. നല്ല മനുഷ്യരെ പീഡിപ്പിക്കുന്നത് ഏകാധിപത്യത്തിന്റെയും, ദുർഭരണത്തിന്റെയും ആദ്യത്തെ ലക്ഷണങ്ങൾ ആണെന്ന് കർദ്ദിനാൾ മുളളർ പറഞ്ഞു. അറസ്റ്റ് ഒട്ടും അംഗീകരിക്കാൻ സാധിക്കാത്തതും, അപകീർത്തിപരവുമാണെന്ന് പറഞ്ഞ കർദ്ദിനാൾ, അധികൃതർ അമേരിക്കയെ മറ്റുള്ളവരുടെ മുമ്പിൽ പരിഹാസ്യമാക്കുകയാണെന്ന് കൂട്ടിച്ചേർത്തു. എഫ്ബിഐയുടെ നടപടിയെ ചൈനയിലെ കമ്മ്യൂണിസ്റ്റ് പോലീസിന്റെ സമീപനത്തോടാണ് അദ്ദേഹം ഉപമിച്ചത്.

ഒരു കത്തോലിക്ക മെത്രാൻ എന്ന നിലയിലും, റോമിലെ ഒരു കർദ്ദിനാൾ എന്ന നിലയിലും, സായുധരായ കുടുംബങ്ങൾക്ക് നേരെയും കുട്ടികൾക്ക് നേരെയും നടന്ന അതിക്രമത്തെ താന്‍ അപലപിക്കുന്നു. സമാധാനത്തിൽ മുന്നോട്ടുപോകുന്ന കുടുംബങ്ങൾക്ക് നേരെ നടത്തിയ ക്രൂരമായ അതിക്രമത്തിന് നീതീകരണമില്ലായെന്ന് കർദ്ദിനാൾ മുളളർ പറഞ്ഞു. കൂടാതെ വിഷയത്തിൽ അമേരിക്കൻ ഭരണകൂടം മാപ്പ് ചോദിക്കും എന്ന് പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. മാർക്ക് ഹുക്കിനും, അദ്ദേഹത്തിന്റെ ഭാര്യക്കും, കുട്ടികൾക്കും മുളളർ ആശിർവാദം നൽകുന്നതും വീഡിയോയിൽ ദൃശ്യമാണ്. കേസിന്റെ വാദം ജനുവരി 24നു ഫിലാഡൽഫിയിൽവെച്ച് നടക്കും.


Related Articles »