India - 2024

‘സമുദായത്തിന് സമനീതി, അധികാരത്തിൽ പങ്കാളിത്തം’: ഒരു ലക്ഷം ലത്തീന്‍ കത്തോലിക്കരുടെ റാലി ഞായറാഴ്ച

സ്വന്തം ലേഖകന്‍ 29-11-2019 - Friday

തിരുവനന്തപുരം∙ ‘സമുദായത്തിന് സമനീതി, അധികാരത്തിൽ പങ്കാളിത്തം’ എന്ന മുദ്രാവാക്യമുയർത്തി കേരള ലത്തീൻ കാത്തലിക് അസോസിയേഷന്റെ സംസ്ഥാന സമ്മേളനവും ലത്തീൻ കത്തോലിക്കാ സമുദായ സംഗമവും ശനിയും ഞായറും നെയ്യാറ്റിൻകരയിൽ നടക്കും. ശനി രണ്ടിന് കെഎൽസിഎ മുൻ മേഖലാ പ്രസിഡന്റ് വി.ജെ. ശലമോന്റെ സ്മൃതി മണ്ഡപത്തിൽ നിന്നാരംഭിക്കുന്ന പതാകാപ്രയാണം ഐ.ബി. സതീഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ആറിന് സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ പതാകയുയർത്തും. തുടർന്ന് നയ രൂപീകരണ യോഗം. ഞായർ 10 ന് ലോഗോസ് പാസ്റ്ററൽ സെന്ററിൽ പ്രതിനിധി സമ്മേളനം കോട്ടപ്പുറം ബിഷപ്പ് ഡോ. ജോസഫ് കാരിക്കേശേരി ഉദ്ഘാടനം ചെയ്യും.

വൈകീട്ട് മൂന്നിന് മുനിസിപ്പൽ സ്റ്റേഡിയത്തിൽനിന്ന് പട്ടണത്തിലേക്ക് ഒരു ലക്ഷം ലത്തീൻ കത്തോലിക്കാ സമുദായാംഗങ്ങൾ പങ്കെടുക്കുന്ന മഹാറാലി രൂപതാ വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ് ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് അക്ഷയാ കോംപ്ലക്സിൽ പൊതു സമ്മേളനം ബിഷപ്പ് ഡോ. വിൻസെന്റ് സാമുവൽ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, മേഴ്സിക്കുട്ടിയമ്മ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ പങ്കെടുക്കും. 12 രൂപതകളിലെ 20 ലക്ഷം വരുന്ന ലത്തീൻ കത്തോലിക്കരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമുദായ സംഗമം നടത്തുന്നതെന്ന് വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ്, മോൺ. വി.പി. ജോസ്, ഫാ. എസ്.എം. അനിൽകുമാർ ഡി. രാജു തുടങ്ങിയവർ അറിയിച്ചു.


Related Articles »