India - 2024

'വൈദികരെയും സന്യസ്തരെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്ന സഭാവിരുദ്ധ ശക്തികളുടെ ശ്രമങ്ങള്‍ അപലപനീയം'

സ്വന്തം ലേഖകന്‍ 03-12-2019 - Tuesday

കൊച്ചി: പ്രകടമായ അച്ചടക്കലംഘനം മൂലം സന്യാസ സമൂഹത്തില്‍നിന്നു നീക്കം ചെയ്യപ്പെട്ട വ്യക്തിയെ കൂട്ടുപിടിച്ചു സഭയിലെ വൈദികരെയും സന്യസ്തരെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്ന സഭാവിരുദ്ധ ശക്തികളുടെ ശ്രമങ്ങള്‍ അപലപനീയമെന്നു സീറോ മലബാര്‍ അല്മായ കമ്മീഷന്‍ ഭാരവാഹികളുടെ യോഗം. സ്വാര്‍ഥലക്ഷ്യങ്ങള്‍ക്കായി സ്വന്തം വ്യക്തിത്വത്തെയും പദവിയെയും ദുരുപയോഗം ചെയ്തു തങ്ങളുടെ ജീവിതത്തില്‍ വരുത്തിവച്ച അപജയങ്ങള്‍ സഭയുടെമേല്‍ പഴിചാരി മുഖംരക്ഷിക്കാനുള്ള ശ്രമം നടത്തുന്നത് അംഗീകരിക്കാനാവില്ല. ഇത്തരം പ്രതിലോമ ചിന്തകളെ നിരന്തരം സഭയ്‌ക്കെതിരായി അണിനിരത്താന്‍ സഭാവിരുദ്ധരും ദേശവിരുദ്ധരും ഒരുമിക്കുന്ന സങ്കടകരമായ കാഴ്ചയാണ് കേരളസമൂഹത്തില്‍ കാണുന്നതെന്നു യോഗം കുറ്റപ്പെടുത്തി.

നൂറ്റാണ്ടുകളായി പ്രതിഫലേച്ഛ കൂടാതെ സാധുജന ക്ഷേമപ്രവര്‍ത്തനങ്ങളും ദൈവജന ശുശ്രൂഷയും നടത്തിവരുന്ന ആയിരക്കണക്കിനു വൈദികരെയും സന്യസ്തരെയും ഓര്‍ത്ത് അല്‍മായ സമൂഹം അഭിമാനംകൊള്ളുന്നു. സഭാജീവിതത്തില്‍ പ്രശ്‌നങ്ങളോ ഒറ്റപ്പെട്ട തിക്താനുഭവങ്ങളോ ഉണ്ടായാല്‍ സഭയ്ക്കുള്ളില്‍ പരിഹരിക്കാനുള്ള ധാരാളം വേദികള്‍ ഉണ്ടെന്നിരിക്കെ ഒരിക്കല്‍പോലും ആക്ഷേപമോ പരാതിയോ ഉന്നയിക്കാത്തവര്‍ ഇപ്പോള്‍ തല്‍പരകക്ഷികളുടെ കപട പിന്തുണ കിട്ടിയപ്പോള്‍ ഉയര്‍ത്തുന്ന ദുരാരോപണങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു.

ഇത്തരം സാമൂഹിക വിപത്തുകള്‍ക്കെതിരേ സഭാതനയരും പൊതുസമൂഹവും ജാഗ്രത പുലര്‍ത്തണമെന്നും വികലമനസുകളെ പ്രോത്സാഹിപ്പിക്കുന്നതില്‍നിന്നു വിവേകമുള്ളവര്‍ പിന്തിരിയണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. അല്‍മായ ഫോറം സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, സെക്രട്ടറി തോമസ് പീടികയില്‍, മാതൃവേദി പ്രസിഡന്റ് ഡോ. കെ.വി. റീത്താമ്മ, സെക്രട്ടറി റോസിലി പോള്‍ തട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


Related Articles »