Faith And Reason - 2024

നിരീശ്വരവാദിയായ ഹാർവാർഡ് പ്രൊഫസര്‍ ഇന്ന്‌ കടുത്ത കത്തോലിക്ക വിശ്വാസി: വഴിത്തിരിവായത് മരിയന്‍ ദര്‍ശനം

സ്വന്തം ലേഖകന്‍ 04-12-2019 - Wednesday

ദൈവമാതാവ് നൽകിയ ദർശനമാണ് തന്നെ കത്തോലിക്ക വിശ്വാസത്തിലേക്ക് നയിച്ചതെന്ന് നിരീശ്വരവാദിയായിരിന്ന ഹാർവാർഡ് പ്രൊഫസറിന്റെ തുറന്നുപറച്ചില്‍. ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ റോയ് ഷൂമാനാണ് കത്തോലിക്കാ വിശ്വാസം സ്വീകരിക്കാനിടയായ ജീവിതാനുഭവങ്ങൾ കഴിഞ്ഞ ദിവസം ശാലോം വേൾഡ് ചാനലിനോട് വെളിപ്പെടുത്തിയത്. പരിശുദ്ധ കന്യാമറിയമാണ് തന്നെ കത്തോലിക്കാ സഭയിലേക്ക് നയിച്ചതെന്ന് പ്രൊഫസർ ഷൂമാൻ അഭിമുഖത്തിൽ വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. ഒരു യഹൂദ കുടുംബത്തിൽ ജനിച്ച ഷൂമാൻ കോളേജ് വിദ്യാഭ്യാസകാലത്താണ് ദൈവീക അസ്ഥിത്വത്തെ നിഷേധിച്ച് കടുത്ത നിരീശ്വരവാദിയായി മാറിയത്.

എന്നാൽ നിരീശ്വരവാദത്തിന്റെ ശൂന്യത കൂടുതൽ ആഗ്രഹിക്കാൻ അദ്ദേഹത്തിന്റെ ഹൃദയത്തെ പ്രേരിപ്പിച്ചു. അങ്ങനെ ദിവസങ്ങൾ മുന്നോട്ട് നീങ്ങവേ ഒരു ദിവസം അദ്ദേഹത്തിന് നിദ്രാമദ്ധ്യേ പ്രത്യേക അനുഭവം ഉണ്ടാകുകയായിരിന്നു. ഉറക്കത്തിനിടയിൽ രണ്ട് കൈകൾ വന്ന് തന്നെ മറ്റൊരു മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതായി ഷൂമാന് അനുഭവപ്പെട്ടു. ആ മുറിയിൽ ഒരു സ്ത്രീ ഇരിപ്പുണ്ടായിരുന്നു. അതീവ സുന്ദരിയായിരിന്നു അവര്‍. അത് പരിശുദ്ധ കന്യകാമറിയമാണെന്ന് പിന്നീട് അദ്ദേഹത്തിന് ബോധ്യമായി. ഷൂമാന്റെ പല ചോദ്യങ്ങൾക്കുമുള്ള ഉത്തരം പരിശുദ്ധ കന്യകാമറിയം നല്‍കി.

അമ്മ ഏറ്റവും ഇഷ്ടപ്പെടുന്ന പ്രാർത്ഥന ഏതാണെന്ന ചോദ്യത്തിന് 'പാപമില്ലാതെ ജനിച്ച മറിയമേ, നിന്നിൽ ആശ്രയിക്കുന്ന ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ' എന്ന ഉത്തരമാണ് പരിശുദ്ധ കന്യാമറിയം നൽകിയത്. രാത്രിവരെ നിരീശ്വരവാദിയായിരിന്ന റോയി ഷൂമാൻ ഈ അനുഭവത്തിന് ശേഷം പിറ്റേ ദിവസം ഒരു മരിയ ഭക്തനായാണ് എഴുന്നേൽക്കുന്നത്. പൂർണ്ണമായ അർത്ഥത്തിൽ ഒരു ക്രൈസ്തവനാകാൻ അദ്ദേഹം ആഗ്രഹിച്ചു. ഷൂമാന്റെ അന്വേഷണങ്ങൾ അദ്ദേഹത്തെ കത്തോലിക്കാ സഭയുടെ വിശ്വാസത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഇന്നദ്ദേഹം താൻ അനുഭവിച്ചറിഞ്ഞ കത്തോലിക്കാ വിശ്വാസം പ്രഘോഷിക്കുന്നതിന്റെ തിരക്കിലാണ്.


Related Articles »