India - 2025
കർണ്ണാടകയിൽ കത്തോലിക്ക സന്യാസിനിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ
സ്വന്തം ലേഖകന്‍ 10-12-2019 - Tuesday
ഹൂബ്ലി: കർണാടകയിലെ ഹൂബ്ലി റെയിൽവേ ട്രാക്കിൽ കത്തോലിക്ക സന്യാസിനിയുടെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഡിസംബർ നാലിന് പുലർച്ചെ മൂന്നരയോടെയാണ് സേക്രഡ് ഹാർട്സ് ഓഫ് ജീസസ് ആൻഡ് മേരി കോൺവെന്റിലെ സിസ്റ്റര്‍ മേരി സെൻഡ്ര വിയന്നിയുടെ മൃതദേഹം ട്രാക്കിൽ നിന്നും ലഭിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മദനഭാവി ഫാത്തിമ കോൺവെന്റ്, കാലബുരാകി ബഥനി കോൺവെന്റ്, ബെലഗാവി കോൺവെന്റ് ക്യാമ്പ് എന്നിവടങ്ങളിൽ ശുശ്രുഷ ചെയ്ത സി. മേരി സെൻഡ്ര ബെൽഗാവി സെന്‍റ് ജോസഫ്‌സ് കോളേജിൽ ടീച്ചർ ട്രെയിനിങ് നടത്തുമ്പോഴാണ് ദുരൂഹ മരണം.
ഘടക് വംശത്തിലെ ഗുരുശാന്തപ്പ - കോസ്‌മരിയ ദമ്പതികളുടെ നാലു മക്കളിൽ രണ്ടാമത്തെ പുത്രിയായിരിന്നു സിസ്റ്റര്‍ മേരി സെൻഡ്ര. 2012 മെയ് 22ന് സിസ്റ്റേഴ്സ് ഓഫ് ലിറ്റിൽ ഫ്ലവർ ഓഫ് ബഥനി സന്യാസ സഭയിൽ ചേർന്ന അവർ, മൈസൂർ ബഥനി നോവിഷ്യറ്റിൽ നിന്നും പ്രഥമ പരിശീലനം പൂർത്തിയാക്കി. തുടര്‍ന്നു സന്യാസ സഭയുടെ പടിഞ്ഞാറൻ മേഖലയിൽ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.