India - 2024

ജീവന്‍റെ സംരക്ഷണത്തിനു ശുശ്രുഷ ചെയ്യാനുള്ള ദൈവവിളി ഓരോ വിശ്വാസിയ്ക്കുമുണ്ടെന്ന് കർദ്ദിനാൾ ജോർജ് ആലഞ്ചേരി

സ്വന്തം ലേഖകന്‍ 11-12-2019 - Wednesday

കൊച്ചി: അപരന്‍റെ ജീവന്‍റെ സംരക്ഷണത്തിനും സുരക്ഷിതത്വത്തിനുമായി ശുശ്രുഷകൾ ചെയ്യാനുള്ള ദൈവവിളിയാണ് ഓരോ വിശ്വാസിയ്ക്കുമുള്ളതെന്നും, ആ മഹനീയ ദർശനമാണ് പ്രോ ലൈഫ് ശുശ്രുഷകർ നിർവഹിക്കുന്നതെന്നും സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. കാക്കനാട് സെന്‍റ് തോമസ് മൗണ്ടിൽ കെസിബിസി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട കർദ്ദിനാളിനെ അനുമോദിക്കാനെത്തിയ കെസിബിസി പ്രോലൈഫ് സമതിയുടെ എറണാകുളം മേഖല ഭാരവാഹികളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം ജീവൻ നമ്മുടെ രക്ഷയ്ക്കായി സമർപ്പിച്ച കർത്താവായ ക്രിസ്തു ഓരോ വിശ്വാസിക്കും ജീവിതമാതൃകയാണ്. ജീവന്‍റെ സംരക്ഷണം സഭയുടെ മുഖ്യദൗത്യമാണ്. മനുഷ്യജീവന്‍റെ മഹത്വം സമൂഹത്തിൽ പ്രഘോഷിയ്ക്കുവാനും സമഗ്ര സംരക്ഷണത്തിനായി പ്രവർത്തിക്കാനുമുള്ള മുഖ്യദൗത്യം സഭാംഗങ്ങൾക്കുണ്ടെന്നും കർദ്ദിനാൾ ചൂണ്ടികാട്ടി.

മേഖലാ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ വലിയതാഴത്തു കര്‍ദ്ദിനാളിന് അനുമോദനമറിയിച്ച് ബൊക്കെ നൽകി. മേഖലാ പ്രസിഡന്‍റ് ജോണ്‍സൻ സി എബ്രഹാം ഷാൾ അണിയിച്ചു. സംസ്ഥാന പ്രസിഡന്‍റ് സാബു ജോസ്, വൈസ് പ്രസിഡന്‍റ് ഉമ്മച്ചൻ ചക്കുപുരയ്ക്കൽ, മേഖലാ ജനറൽ വൈസ് പ്രസിഡന്‍റ് ബിന്ദു വള്ളമറ്റം, ജനറൽ സെക്രട്ടറി ജോയ്സ് മുക്കുടം , ട്രഷറർ ബാബു അത്തിപ്പൊഴിയിൽ, വരാപ്പുഴ അതിരൂപതാ സെക്രട്ടറി ലിസാ തോമസ്, ഭിന്നശേഷി വിഭാഗം കോ ഓർഡിനേറ്റർ ബേബി ചിറ്റിലപ്പള്ളിയിൽ, യൂത്ത് കോ ഓർഡിനേറ്റർ റെനി എഴുപുന്ന, ടാബി ജോർജ് തുടങ്ങിവർ പങ്കെടുത്തൂ.


Related Articles »