News - 2024

ഇറാഖിനെ പുനരുദ്ധരിക്കാൻ കൈക്കോർത്ത് കത്തോലിക്ക യൂണിവേഴ്സിറ്റികൾ

സ്വന്തം ലേഖകന്‍ 11-12-2019 - Wednesday

ഒഹിയോ: ഉന്നത വിദ്യാഭ്യാസം കാര്യക്ഷമമായി വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുവാന്‍ അമേരിക്കയിലെ ഒഹിയോയിൽ സ്ഥിതിചെയ്യുന്ന ഫ്രാൻസിസ്കൻ യൂണിവേഴ്സിറ്റി ഓഫ് സ്റ്റൂബൻവില്ലയും, ഇറാഖിലെ കത്തോലിക്ക യൂണിവേഴ്സിറ്റിയും കൈകോർത്തു. പരസ്പര ഐക്യത്തിനായുള്ള ധാരണാപത്രത്തിൽ ഫ്രാൻസിസ്കൻ യൂണിവേഴ്സിറ്റി അധ്യക്ഷൻ ഫാ. ഡേവ് പിവോങ്കയും, ഇറാഖിലെ ഇർബിൽ ആർച്ച് ബിഷപ്പ് ബാഷർ വർദയും ഒപ്പിട്ടു. ഇരു യൂണിവേഴ്സിറ്റികളിലെയും വിദ്യാർത്ഥികൾക്ക് പരസ്പരം വ്യത്യസ്ത സംസ്കാരങ്ങളെ അടുത്തറിയാൻ വഴിയൊരുക്കുന്നതാണ് പ്രസ്തുത ധാരണാപത്രം.

ഒരേ വിശ്വാസമാണ് രണ്ട് യൂണിവേഴ്സിറ്റികളെയും ഒരുമിച്ചു കൊണ്ടുവന്നതെന്ന് ചടങ്ങിൽവച്ച് ഫാ. പിവോങ്കയും, ആർച്ച് ബിഷപ്പ് ബാഷർ വർദയും പറഞ്ഞു. ധാരണാപത്രത്തിൽ പറഞ്ഞിരിക്കുന്നത് പ്രകാരം സ്റ്റൂബൻവില്ലയിൽ പഠനം പൂർത്തിയാക്കാനായി ഇറാഖിലെ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കും. സ്റ്റൂബൻവില്ലയിലെ വിദ്യാർഥികൾക്ക് നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ഉത്തര കുർദിസ്ഥാൻ സന്ദർശിക്കാനുള്ള അവസരവും ലഭിക്കും. ഇസ്ലാമിക് സ്റ്റേറ്റിന്റെ ആവിർഭാവത്തിനു ശേഷം ഒരുപാട് ക്രൈസ്തവർ ഇറാഖിൽ നിന്ന് പലായനം ചെയ്തെങ്കിലും കുർദിസ്ഥാൻ പ്രവിശ്യ ക്രൈസ്തവർക്ക് സുരക്ഷിതമായി ജീവിക്കാൻ പറ്റുന്ന സ്ഥലമായി മാറിയെന്ന് ആർച്ച് ബിഷപ്പ് വർദ ചൂണ്ടിക്കാട്ടി.

അദ്ദേഹം സഭാനേതൃത്വവും ചേർന്ന് പ്രദേശത്ത് നിരവധി താൽക്കാലിക താമസ കേന്ദ്രങ്ങളും, ക്ലിനിക്കുകളും മറ്റും ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്. ക്രൈസ്തവ പീഡനം ഏറ്റവും ക്രൂരമായ വിധത്തില്‍ നടന്ന ഇറാഖില്‍ ഉന്നത വിദ്യാഭ്യാസം യുവജനങ്ങൾക്ക് നൽകുവാനായാണ് ബിഷപ്പ് വർദയുടെ നേതൃത്വത്തിൽ ഇർബിലിൽ സർവ്വകലാശാല സ്ഥാപിക്കുന്നത്. വ്യത്യസ്ത മതവിഭാഗങ്ങളിൽ പെട്ട 143 വിദ്യാർത്ഥികൾ ഇപ്പോൾ അവിടെ പഠിക്കുന്നുണ്ട്.


Related Articles »