Arts - 2025
ബൈബിളിലെ വാഗ്ദാന പേടകം സൂക്ഷിച്ചിരുന്ന ശില കണ്ടെത്തി
സ്വന്തം ലേഖകന്‍ 20-12-2019 - Friday
ടെല്‍ അവീവ്: ഇസ്രായേല്‍ ജനതക്കിടയില്‍ ദൈവസാന്നിധ്യമായി നിലകൊണ്ടിരുന്ന വാഗ്ദാന പേടകം സൂക്ഷിച്ചിരുന്ന വലിയ ശില കണ്ടെത്തിയെന്ന അവകാശവാദവുമായി ഇസ്രായേലി പുരാവസ്തുഗവേഷകര്‍. ജെറുസലേമില്‍ നിന്നും പന്ത്രണ്ടു മൈല്‍ അകലെ വടക്കായി സ്ഥിതിചെയ്യുന്ന ഇന്നത്തെ ബെത്ഷെമേഷ് പട്ടണത്തിന് സമീപം 3100 വര്‍ഷങ്ങളുടെ പഴക്കമുള്ള ക്ഷേത്രത്തില്‍ നിന്നുമാണ് ബൈബിളില്‍ സൂചിപ്പിച്ചിരിക്കുന്ന പ്രകാരം ഉടമ്പടിപ്പെട്ടകം സൂക്ഷിച്ചിരുന്ന ചതുരാകൃതിയിലുള്ള വലിയ ശില കണ്ടെത്തിയിരിക്കുന്നത്. ടെല്‍ അവീവ് സര്‍വ്വകലാശാലയിലെ പുരാവസ്തുഗവേഷകരാണ് കണ്ടെത്തലിനു പിന്നില്‍. ഫിലിസ്ത്യര്‍ ഈ ക്ഷേത്രം കന്നുകാലികളെ സൂക്ഷിക്കുവാന്‍ ഉപയോഗിച്ചിരുന്ന സ്ഥലമാക്കി മാറ്റിയെന്നാണ് നിലവില്‍ പുരാവസ്തുഗവേഷകരുടെ അനുമാനം.
28 അടി നീളമുള്ള ചതുരാകൃതിയിലുള്ള ഒരു കല്‍പ്പലകയാണ് കണ്ടെത്തിയിരിക്കുന്നത്. സാമുവലിന്റെ ഒന്നാം പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന വലിയ ശില ഇതാണെന്നും, ഫിലിസ്ത്യരുടെ കൈയില്‍ നിന്നും ഇസ്രായേലികള്‍ക്ക് തിരികെ ലഭിച്ച പെട്ടകം ബെത്ഷെമേഷില്‍ എത്തിച്ചപ്പോള്‍ സൂക്ഷിച്ചിരുന്നത് ഈ കല്ലിന്റെ പുറത്തായിരുന്നുവെന്നും ഗവേഷകര്‍ വിലയിരുത്തുന്നു. ഇസ്രായേല്‍ ആക്രമിച്ച ഫിലിസ്ത്യര്‍ ഈ കേന്ദ്രം ആക്രമിച്ച് കൊള്ളയടിക്കുകയും പെട്ടകം പിടിച്ചടക്കുകയും ക്ഷേത്രത്തെ കന്നുകാലികളുടെ പറമ്പാക്കി മാറ്റുകയും ചെയ്തു. കന്നുകാലികളുടെ എല്ലുകളും, കളിമണ്‍ പാത്രങ്ങളും ഈ സ്ഥലത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്.
ഹീബ്രു ബൈബിളില്‍ പറയുന്നതനുസരിച്ച് പ്രകാരം ദൈവീക നിര്‍ദ്ദേശപ്രകാരം ഇസ്രായേലികള്‍ സീനായ് മലമുകളില്‍ വെച്ച് ദൈവം മോശക്ക് നല്‍കിയ പത്തുകല്‍പ്പനകള്‍ ഉള്‍പ്പെടെയുള്ള വിശുദ്ധ വസ്തുക്കള്‍ സൂക്ഷിക്കുവാന്‍ അക്കേഷ്യ മരത്തില്‍ പണികഴിപ്പിച്ചതാണ് 3.75 അടി നീളവും, 2.25 അടി വീതിയുമുള്ള ഈ പെട്ടകം. എടുത്തുകൊണ്ട് പോകാവുന്ന ഒരു കൂടാരത്തിലാണ് ഈ പെട്ടകം സൂക്ഷിച്ചിരുന്നത്. പെട്ടകത്തിന് അത്ഭുത ശക്തികള്‍ ഉണ്ടായിരുന്നതായി വിശുദ്ധ ലിഖിതങ്ങളില്‍ കാണാം. ഉടമ്പടിപ്പെട്ടകം കൊണ്ടുപോയതിന് ശേഷം നിര്‍ഭാഗ്യങ്ങള്‍ വെട്ടയാടിയതിനെ തുടര്‍ന്നാണ് ഈ പെട്ടകം ഫിലിസ്ത്യര്‍ ഇസ്രായേലികള്‍ക്ക് തിരിച്ചേല്‍പ്പിച്ചത്.
ബി.സി 587-ലെ ബാബിലോണിയന്‍ ആക്രമണത്തിനു ശേഷം ഈ പെട്ടകത്തെക്കുറിച്ചുള്ള യാതൊരു വിവരവുമില്ല. നൂറ്റാണ്ടുകളായി പുരാവസ്തു ഗവേഷകര്‍ ഈ പെട്ടകം അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. സുപ്രസിദ്ധ ഹോളിവുഡ് സംവിധായകന്‍ സ്റ്റീഫന്‍ സ്പീല്‍ബര്‍ഗിന്റെ ‘റെയിഡേഴ്സ് ഓഫ് ദി ലോസ്റ്റ് ആര്‍ക്ക്’ എന്ന പ്രശസ്ത സിനിമയുടെ ഇതിവൃത്തം ഇതുമായി ബന്ധപ്പെട്ടതായിരിന്നു. ബെത്ഷെമേഷില്‍ പെട്ടകം സൂക്ഷിച്ചിരുന്ന കല്‍പ്പലക കണ്ടെത്തിയത് അനേകം ചരിത്രപരമായ കാര്യങ്ങളിലേക്കുള്ള ചൂണ്ടുപലകയായി മാറുമെന്നാണ് ഗവേഷകരുടെ അനുമാനം. അതേസമയം ഗവേഷണ ഫലങ്ങളില്‍ ചിലതു വൈരുദ്ധ്യം നിറഞ്ഞതാണെന്ന ആരോപണവുമായി ഏതാനും പേര്‍ രംഗത്തെത്തിയിട്ടുന്നതും ശ്രദ്ധേയമാണ്.
![](/images/close.png)