India - 2024

ദേവഗിരി കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഫാ. ജോസഫ് പൈകട നിര്യാതനായി

21-12-2019 - Saturday

കോഴിക്കോട്: ദേവഗിരി സെന്റ് ജോസഫ്‌സ് കോളജ് മാനേജരും മുന്‍ പ്രിന്‍സിപ്പലുമായ ഫാ. ജോസഫ് പൈകട സിഎംഐ നിര്യാതനായി. എണ്‍പത്തിമൂന്നു വയസായിരിന്നു. ഇന്നലെ രാത്രി 8.10 ന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഇന്നു വൈകുന്നേരം ആറു മുതല്‍ ദേവഗിരി സെന്റ് ജോസഫ്‌സ് മൊണാസ്ട്രിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ദീപിക മുന്‍ ചീഫ് എഡിറ്റര്‍ ഫാ. അലക്‌സാണ്ടര്‍ പൈകട സിഎംഐ സഹോദരനാണ്.

1936 ഓഗസ്റ്റ് 30നു പാലാ ഇടമറുകിലെ പൈകട ജോസഫ് മറിയം ദമ്പതികളുടെ മകനായി ജനിച്ച ഫാ. ജോസഫ് പൈകട 1957-ല്‍ ആദ്യവ്രതം സ്വീകരിച്ചു. 1963ല്‍ സിഎംഐ സന്യാസസഭയില്‍ വൈദികനായി. 1970 മുതല്‍ ദേവഗിരി കോളജില്‍ അധ്യാപകനായും 1982 ഏപ്രില്‍ ഒന്നു മുതല്‍ 1989 മാര്‍ച്ച് 31 വരെ കോളജ് പ്രിന്‍സിപ്പലായും സേവനം ചെയ്തു. 1989 മുതല്‍ 2011 വരെ സിഎംഐ സഭയുടെ ജമ്മു കാഷ്മീര്‍ മിഷനില്‍ പ്രവര്‍ത്തിച്ചു.

ദേവഗിരി കോളജിന്റെ മികവിലേക്കുള്ള പ്രയാണത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഫാ. ജോസഫ് പൈകട വിദ്യാര്‍ഥികളുമായി ആത്മബന്ധം കാത്തുസൂക്ഷിക്കുന്നതില്‍ ശ്രദ്ധ ചെലുത്തി. കാലിക്കട്ട് സര്‍വകലാശാലാ സെനറ്റംഗമായിരുന്നു. സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞു രണ്ടിനു ദേവഗിരി സെന്റ് ജോസഫ്‌സ് ആശ്രമ സെമിത്തേരിയില്‍.


Related Articles »