Arts - 2024

ഏദന്‍ തോട്ടം മുതല്‍ നസ്രത്ത് വരെ ദൃശ്യാവിഷ്‌കാരം ഒരുക്കി കുമ്പിടി ഇടവക

സ്വന്തം ലേഖകന്‍ 01-01-2020 - Wednesday

കൊരട്ടി: ബൈബിളില്‍ പ്രതിപാദിക്കുന്ന ഏദന്‍ തോട്ടം മുതല്‍ നസ്രത്ത് ഉള്‍പ്പെടെയുള്ള മനോഹര ദൃശ്യങ്ങള്‍ പതിനഞ്ച് ഇടങ്ങളിലായി ക്രമീകരിച്ചു കൊണ്ട് ഒരുക്കിയ ദൃശ്യാവിഷ്‌കാരം ശ്രദ്ധയാകര്‍ഷിക്കുന്നു. തൃശൂര്‍- എറണാകുളം ജില്ലകളുടെ അതിര്‍ത്തി ഗ്രാമമായ അന്നമനട കുമ്പിടി ലിറ്റില്‍ ഫ്‌ളവര്‍ ദേവാലയത്തോടു ചേര്‍ന്നുകിടക്കുന്ന സ്വകാര്യവ്യക്തിയുടെ ആറേക്കര്‍ വരുന്ന റബര്‍തോട്ടത്തില്‍ പള്ളി വികാരി ഫാ. ഷിബു നെല്ലിശേരിയുടെ നേതൃത്വത്തില്‍ ബൈബിള്‍ ഗ്രാമം ഒരുക്കിയിരിക്കുന്നത്. ബാബേല്‍ ഗോപുരം, നോഹയുടെ പെട്ടകം, അബ്രാഹമിന്റെ ബലി, മോശയുടെ മുള്‍പ്പടര്‍പ്പ്, കാനാന്‍ ദേശത്തേക്കുള്ള യാത്രയിലെ മന്നപൊഴിക്കല്‍, ജെറീക്കോ പട്ടണം എന്നീ പഴയ നിയമ ദൃശ്യങ്ങള്‍ ദീപാലങ്കാരങ്ങളുടെയും ശബ്ദവിന്യാസത്തിന്റെയും അകന്പടിയോടെ കമനീയമായി ചിത്രീകരിച്ചിട്ടുണ്ട്.

പുതിയ നിയമത്തിലേക്കു കടന്നാല്‍ മറിയത്തിന്റെ വീടും എലിസബത്തിനെ സന്ദര്‍ശിക്കുന്നതും ജെറീക്കോ പട്ടണവും കൊളോസിയവും ഉണ്ട്. കൂടാതെ, അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മാതൃകയും കരിവീരനും പള്ളി കമ്മിറ്റിയുടെ വക വലിയ പുല്‍ക്കൂടും ആകര്‍ഷണീയതയ്ക്കു മാറ്റുകൂട്ടുന്നു. ഇടവകയിലെ 15 കുടുംബയൂണിറ്റുകള്‍ക്ക് ഓരോ ആശയങ്ങള്‍ മുന്‍കൂട്ടി നല്‍കിയശേഷം ഏവരുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് ഈ മനോഹരഗ്രാമം പിറവിയെടുത്തതെന്നു വികാരി ഫാ. ഷിബു നെല്ലിശേരി പറഞ്ഞു. ജാതിമത രാഷ്ട്രീയ ഭേദമെന്യേ ഇടവകാംഗങ്ങളും നാട്ടുകാരും ഒരു മാസത്തെ കഠിന പരിശ്രമത്തിലൂടെയാണ് ഇതു സാധ്യമാക്കിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിസ്മസിനോടനുബന്ധിച്ച് ഒരുക്കിയ മിഴിവാര്‍ന്ന ദൃശ്യങ്ങള്‍ ജനുവരി എട്ടുവരെ ആസ്വദിക്കാനാകും. ദിവസവും വൈകിട്ട് ആറുമുതല്‍ പത്തുവരെയാണു പ്രവേശനം.


Related Articles »