Life In Christ - 2024

സിസ്റ്റര്‍ കാര്‍ല വെന്റിറ്റി: ഇറ്റലിയിലെ ലൈംഗീക തൊഴിലാളികളെ ക്രിസ്തുവിലേക്ക് അടുപ്പിച്ച കന്യാസ്ത്രീ

05-01-2020 - Sunday

അബ്രൂസോ: ഇറ്റലിയിലെ തെരുവുകളിലെ ലൈംഗീക തൊഴിലാളികളുടെ പുനരാധിവാസത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന അപ്പസ്‌തോല്‍സ് ഓഫ് സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് സന്യാസ സമൂഹത്തിലെ അംഗമായ സിസ്റ്റര്‍ കാര്‍ല വെന്റിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. റോമിന് അടുത്തായി സ്ഥിതി ചെയ്യുന്ന അബ്രൂസോ എന്ന തെരുവില്‍ നിന്ന് അനേകം ലൈംഗിക തൊഴിലാളികളെ ജീവിതത്തിലേക്ക് പിടിച്ചു കയറ്റിയ കഥയാണ് സിസ്റ്ററിന് പറയാനുള്ളത്. ഒരിക്കല്‍ പ്രാര്‍ത്ഥന മദ്ധ്യേ ഉണ്ടായ പ്രത്യേക അനുഭവമാണ് സിസ്റ്ററിനെ ഈ വലിയ ദൌത്യത്തിലേക്ക് കൂട്ടിക്കൊണ്ടു പോയത്. ‘ദൈവം നിന്റെ ഉള്ളില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ നീ രക്ഷിക്കപ്പെടും. പരിവര്‍ത്തനത്തിനു വിധേയയാവുകയും ചെയ്യും’ എന്ന് യേശു തന്നോട് പറയുന്നതായി തോന്നിയെന്ന്‍ സിസ്റ്റര്‍ പറയുന്നു.

എന്താണ് ഈശോ തന്നോട് ആവശ്യപ്പെടുന്നത് എന്നറിയാന്‍ സിസ്റ്റര്‍ കൂടുതല്‍ നേരം പ്രാര്‍ത്ഥനയില്‍ ചിലവിട്ടു. അങ്ങനെ ഇരുന്നപ്പോഴാണ് ഈ തെരുവിലെ സ്ത്രീകളെ സിസ്റ്റര്‍ കാണുന്നത്. അന്നുവരെ ഇവരൊന്നും നന്നാവില്ല എന്ന് ചിന്തിച്ചിരുന്ന തന്റെ മനോഭാവം, ദൈവം പ്രവര്‍ത്തിച്ച് ഇവരില്‍ മാറ്റങ്ങള്‍ ഉണ്ടാകും എന്ന ബോധ്യത്തിലേയ്ക്ക് മാറുന്നത് സിസ്റ്റര്‍ക്കു അനുഭവപ്പെട്ടു. അപ്പോളാണ് ദൈവം തന്നോട് പറഞ്ഞതിന്റെ അര്‍ത്ഥവും ആവശ്യകതയും സിസ്റ്ററിനു മനസിലാകുന്നത്. സിസ്റ്റര്‍ തന്റെ ആഗ്രഹം മഠത്തിലെ അധികാരികളെ അറിയിച്ചു. വീണ്ടും പ്രാര്‍ത്ഥന തുടര്‍ന്നു. അങ്ങനെ ഇരിക്കെ ഫ്രാന്‍സിസ് പാപ്പാ അവിടെ സന്ദര്‍ശനത്തിന് എത്തി.

പാപ്പാ അവരോടു സംസാരിച്ചതൊക്കെയും കാരുണ്യമുള്ളവരായി മാറുവാനായിരുന്നു. പാപ്പായുടെ വാക്കുകള്‍, സിസ്റ്ററിന് ദൈവം തന്നെ ഏല്‍പ്പിച്ച പദ്ധതിയുമായി മുന്നോട്ടുപോകുവാനുള്ള ധൈര്യം പകര്‍ന്നു. പാപ്പായുടെ സന്ദര്‍ശനത്തിനു ശേഷം അധികാരികളില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ സിസ്റ്ററിനു ലഭിച്ചു. അങ്ങനെ 2012 ലാണ് സിസ്റ്റര്‍ തന്റെ മിഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. എന്നിരിന്നാലും ‘ഈ സിസ്റ്റര്‍ എന്തിന് ഇവിടെ വരണം’ ഇറ്റലിയിലെ ലൈംഗിക തൊഴിലാളികളുടെ ഇടയിലേക്ക് ക്രിസ്തുവിന്റെ സ്‌നേഹം പകരുവാനായി കടന്നു വന്ന സിസ്റ്റര്‍ കാര്‍ല വെന്റിറ്റി നേരിട്ട ആദ്യ ചോദ്യം അതായിരുന്നു. അവരിലേക്ക് യേശുവിന്റെ സ്‌നേഹം പകര്‍ന്നു കൊടുത്തപ്പോള്‍ അവര്‍ തങ്ങളുടെ തെറ്റുകള്‍ തിരിച്ചറിഞ്ഞു. തിരികെ തങ്ങള്‍ക്കായി മരിച്ചവന്റെ സ്‌നേഹത്തിലേക്ക് നടക്കുവാന്‍ തുടങ്ങി.

ചീത്ത പറഞ്ഞിട്ടും തങ്ങളെ വിടാതെ പിന്തുടരുന്ന സിസ്റ്ററിന്റെ മുന്‍പില്‍ അവര്‍ മനോഭാവം മാറ്റി. സംസാരിക്കാന്‍ താത്പര്യം ഇല്ലാതെ നടന്നു. അവര്‍ പറഞ്ഞതിനെ എതിര്‍ത്തു. എന്നാല്‍ പതിയെ പതിയെ അവരില്‍ മാറ്റം വന്നു തുടങ്ങി. സിസ്റ്റര്‍മാര്‍ സംസാരിക്കുന്നത് കേള്‍ക്കാനും മറ്റും അവര്‍ തുടങ്ങി. ആ സൗഹൃദം അവര്‍ വളര്‍ത്തിക്കൊണ്ടു വന്നു. ഒപ്പം തങ്ങളുടെ ജീവിതാനുഭവങ്ങള്‍ വേദനകള്‍ ഒക്കെ അവര്‍ സിസ്റ്ററിനോട് പങ്കുവെച്ചു. അവരുടെ വേദനകള്‍ നീക്കുന്ന ദൈവത്തെ കുറിച്ച് അവരോടു പങ്കുവെച്ചു. മറ്റ് വരുമാന മാര്‍ഗ്ഗങ്ങള്‍ക്ക് വഴിയൊരുക്കി. ഇന്ന്‍ അനേകരെ തെരുവില്‍ നിന്ന് മാന്യമായ ജീവിതത്തിലേക്കും ദൈവ സ്‌നേഹത്തിലേക്കും കൈപിടിച്ചുയര്‍ത്തിയതിന്റെ സന്തോഷത്തില്‍ കഴിയുകയാണ് സിസ്റ്റര്‍ കാര്‍ല വെന്റിറ്റി.


Related Articles »