Editor's Pick

വിശ്വാസവും മോക്ഷവും പരസ്പ്പര ബന്ധമില്ലാത്തതാണെങ്കിൽ ജ്ഞാനസ്നാനത്തിന്റെ ആവശ്യമെന്ത്?: ബനഡിക്ട് പതിനാറാമൻറെ അഭിമുഖത്തിന്റെ പൂർണ്ണരൂപം

അഗസ്റ്റസ് സേവ്യര്‍ 21-04-2016 - Thursday

ഈ അടുത്ത കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട എമിരിറ്റസ് മാർപാപ്പ ബനഡിക്ട് പതിനാറാമൻറെ ഒരു അഭിമുഖത്തിൽ വിശ്വാസം, കരുണ, പശ്ചാത്താപം, സഹനം, കുരിശിലൂടെയുള്ള രക്ഷ, ജ്ഞാനസ്നാനത്തിന്റെ ആവശ്യകത, എന്നീ വിവിധ വിഷയങ്ങളെ പറ്റി അദ്ദേഹം അഭിപ്രായം രേഖപ്പെടുത്തിയിരുന്നത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

2015 ഒക്ടോബറിൽ ഫാദർ ജാക്വിസ് സെർവീയാസാണ് എമിരിറ്റസ് മാർപാപ്പയെ അഭിമുഖം ചെയ്തത്. ആദ്യം ഒരു കോൺഫ്രൻസിൽ അവതരിക്കപ്പെട്ട പ്രസ്തുത അഭിമുഖം പിന്നീട് “Through Faith: Doctrine of Justification and Experience of God in the Preaching of the Church and the Spiritual Exercises,” (by Fr. Daniel Libanori, SJ) എന്ന ഇറ്റാലിയൻ പുസ്തകത്തിന്റെ ആമുഖമായി പ്രസിദ്ധീകരിക്കപ്പെട്ടു.

അഭിമുഖത്തിന്റെ പൂർണ്ണരൂപം

ഫാദർ ജാക്വിസ് സെർവയ്സ്: The residence for Jesuit seminarians in Rome-ന്റെ ഈ വർഷത്തെ പഠനത്തിനു വേണ്ടിയുള്ള വിഷയം 'വിശ്വാസത്തിന്റെ ന്യായീകരണ'മാണ്. അങ്ങയുടെ തിരഞ്ഞെടുത്ത കൃതികളുടെ അവസാനവോള്യത്തിൽ അങ്ങ് ഉറപ്പിച്ചു പറയുന്നുണ്ട്, "ക്രൈസ്തവവിശ്വാസം ഒരു ആശയമല്ല, ഒരു ജീവിതമാർഗ്ഗമാണ്" എന്ന്. വിശുദ്ധ പൗലോസ് അപ്പോസ്തലൻ റോമക്കാർക്ക് എഴുതിയ ലേഖനത്തെ പറ്റി (3:28) അങ്ങയുടെ അഭിപ്രായം ഞാനിവിടെ ഉദ്ധരിക്കാം."സഭ, വിശ്വാസികൾക്ക് സമ്മാനിക്കുന്ന ദാനമാണ് വിശ്വാസം. അത് ദൈവത്തിൽ നിന്നും സഭയ്ക്ക് ലഭിക്കുന്ന ദാനമാണ്. (“Glaube ist Gabe durch die Gemeinschaft; die sich selbst gegeben wird,” gs iv, 512) അതുകൊണ്ട് അങ്ങ് ഉദ്ദേശിക്കുന്നത് എന്താണെന്ന് വിശദീകരിക്കാമോ?

എമിരിറ്റസ് പോപ്പ് ബനഡിക്ട് XVI: വിശ്വാസം എന്നാൽ എന്തെന്നും നാം എങ്ങനെ വിശ്വാസത്തിലെത്തുന്നു എന്നതുമാണ് ചോദ്യം. വിശ്വാസമെന്നത് ദൈവത്തോടുള്ള അഗാധമായ ഒരു വ്യക്തിബന്ധമാണ്. അത് എന്റെ ജീവിതത്തിന്റെ അഗാതതലങ്ങളെ സ്പർശിക്കുന്നു. എന്റെ ജീവിതത്തിൽ, എന്റെ മുന്നിൽ, എനിക്ക് തൊടാനാവും വിധം ദൈവം നിൽക്കുകയാണ്! അത്യന്തം വ്യക്തിപരമായ ഈ അനുഭവത്തിൽ, പക്ഷേ ഒരു സാമൂഹ്യ വശം കൂടി അടങ്ങിയിരിക്കുന്നു. 'ഞാൻ' എന്ന ഭാഗം, അവിഭാജ്യമായ വിധം ദൈവജനമായ സ്ത്രീ-പുരുഷ സമൂഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. ദൈവത്തെ കണ്ടുമുട്ടുന്നതോടെ ഞാൻ, ദൈവജനമായ സമൂഹത്തിന്റെ കൂടി ഭാഗമായി തീരുന്നു. ദൈവജനത്തിന്റെ സഭ തന്നെയാണ് ദൈവത്തോടുള്ള എന്റെ സംയോഗം സാധ്യമാക്കുന്നത്. ആ സംയോഗം എന്റെ ഹൃദയത്തെ വ്യക്തിപരമായി സ്പർശിക്കുന്നു.

ക്രിസ്തുവിനെക്കുറിച്ച് കേൾക്കുന്നതിലൂടെ വിശ്വാസത്തിലെത്തുമെന്ന് വിശുദ്ധ പൗലോസ് നമ്മെ പഠിപ്പിക്കുന്നുണ്ട്. ഇവിടെ, ശ്രവിക്കുക എന്ന പ്രവർത്തി ഒന്നിൽ കൂടുതൽ പങ്കാളികളെ സൂചിപ്പിക്കുന്നു. വിശ്വാസത്തിന്റെ ഉറവിടം ചിന്തയല്ല. ഉള്ളിന്റെയുള്ളിൽ ചികഞ്ഞുനോക്കി കണ്ടെത്താവുന്ന ഒന്നല്ല വിശ്വാസം. ഇതെല്ലാം ഒരളവിൽ ഉണ്ടെങ്കിലും അതിനെല്ലാം ഉപരിയായി ദൈവത്തെ അനുഭവിച്ചറിഞ്ഞവരെ നാം ശ്രവിക്കേണ്ടിയിരിക്കുന്നു. വിശ്വാസമൂഹം സ്വയം സൃഷ്ടിയല്ല. ഒരേ ആശയങ്ങളുള്ള കുറച്ചു പേർ ഒരുമിച്ചു ചേരുന്നിടം സഭയാകുന്നില്ല. ഒരുമിച്ചിരുന്ന് ആലോചിച്ച് വോട്ടിനിട്ട് തീരുമാനമെടുക്കുന്ന ഒരു പൊതുവേദിയല്ല തിരുസഭ. അങ്ങനെ പ്രവർത്തിക്കുന്ന ഒരു തിരുസഭയ്ക് നിത്യജീവിതം പ്രദാനം ചെയ്യാനാവില്ല.

തിരുസഭ ദൈവസൃഷ്ടിയാണ്. ദൈവം അതിനെ പരിപാലിച്ചുകൊണ്ടിരിക്കുന്നു. ഞാൻ തിരുസഭയിലേക്ക് എത്തിച്ചേരുന്നത് ഏതെങ്കിലും ഉദ്യോഗസ്ഥരുടെയോ ഓഫീസുകളുടെയോ പ്രവർത്തനഫലമായല്ല. പ്രത്യുത, ജ്ഞാനസ്നാനം എന്ന കൂദാശയിലൂടെയാണ്. അതിലൂടെ നാം എത്തിച്ചേരുന്ന സഭ ദൈവത്തിലേക്കുള്ള വഴിയാണ്.

സ്വയംകൃതമായ സഭ എന്ന ആശയം ഉപേക്ഷിച്ച്, സഭയെന്നാൽ യേശുവിന്റെ ശരീരമാകുന്നു എന്നു നാം മനസിലാക്കണം. അങ്ങനെയുള്ളപ്പോൾ തിരുസഭയിൽ പ്രവേശിക്കുന്നയാൾ യേശുവിന്റെ ശരീരത്തിന്റെ ഭാഗമാകുകയാണ്.

ഫാദർ ജാക്വിസ് സെർവയ്സ്: 1999-ൽ അങ്ങ് 'Congregation for the Doctrine of the Faith'-ന്റെ പ്രീഫെക്ട് ആയിരുന്നപ്പോൾ, തിരുസഭയും ലുധറൻ സഭയും ചേർന്നുള്ള ഒരു സംയുക്ത പ്രഖ്യാപന സമയത്ത്, മോക്ഷം, അനുഗ്രഹം തുടങ്ങിയ വിഷയങ്ങളിൽ ലൂധറിന്റെ ചില വീക്ഷണങ്ങളോട് അങ്ങ് യോജിക്കുന്നില്ല എന്ന് പറയുകയുണ്ടായി. ലൂധറിന്റെ ആത്മീയാനുഭവം ദൈവത്തിന്റെ മുമ്പിലുള്ള ഭയമാണ്. ആധുനിക മനുഷ്യന് ആ ഭയം അന്യമാണ്. കുറച്ചു പേർക്ക് ദൈവം തന്നെ അന്യമായി തീർന്നിരിക്കുന്നു. അങ്ങനെയുള്ളപ്പോൾ, നമുക്ക് നിത്യജീവിതമല്ല, ഭൂമിയിലെ ഒരു പൂർണ്ണ ജീവിതമാണ് അഭികാമ്യം എന്ന് കുറച്ചു പേർക്കെങ്കിലും തോന്നിയിരിക്കുന്നു. ഈ സന്ദർഭത്തിൽ 'വിശ്വാസത്തിന്റെ ന്യായീകരണ'ത്തെ പറ്റിയുള്ള വിശുദ്ധ പൗലോസിന്റെ ചിന്തകളുടെ പ്രസക്തിയെന്ത്?

എമിരിറ്റസ് പോപ്പ് ബനഡിക്ട് XVI: കമ്മ്യൂണിയോയിൽ (2000) 'വിശ്വാസത്തിന്റെ ന്യായീകരണ'ത്തെ പറ്റി ഞാൻ പറഞ്ഞത് ഒരിക്കൽ കൂടി ആവർത്തിക്കാം. ലൂധറിന്റെ കാലഘട്ടത്തിലെ മനുഷ്യനിൽ നിന്നും വ്യത്യസ്തമാണ് ആധുനിക മനുഷ്യന്റെ ചിന്താഗതി. ദൈവത്തിനു മുമ്പിൽ താൻ ന്യായീകരണം നൽകേണ്ടതില്ല; ലോകത്തിലെ ദുരിതങ്ങൾക്കും ഭയാനകതകൾക്കും ദൈവമാണ് ന്യായീകരണം നൽകേണ്ടത് എന്ന് ആധുനികമനുഷ്യന്‍ കരുതുന്നു.

പക്ഷേ, മനുഷ്യന് ദൈവത്തിൽ നിന്നും കൃപാവരങ്ങളും പാപമോചനവും ആവശ്യമുണ്ട് എന്ന് ഞാൻ കരുതുന്നു. ആധുനിക മനുഷ്യൻ എത്തി നിൽക്കുന്ന ജീവിതസന്ധിയിൽ, ദൈവത്തിന്റെ കരുണയ്ക്ക് കേന്ദ്രസ്ഥാനമാണുള്ളത്. സിസ്റ്റർ ഫൗസ്റ്റീനയുടെ ദൈവീക അനുഭൂതികളും, സാധാരണ മനുഷ്യന് ദൈവനന്മയെ പറ്റിയുള്ള അവബോധവും ദൈവത്തിന്റെ കരുണയ്ക്ക് മനുഷ്യജീവിതത്തിലുള്ള കേന്ദ്രസ്ഥാനം ഒന്നുകൂടി ഉറപ്പിക്കുന്നതാണ്. ജോൺ പോൾ രണ്ടാമൻ മാർപാപ്പയ്ക്കും, ദൈവത്തിന്റെ കരുണയ്ക്കുള്ള കേന്ദ്രസ്ഥാനത്തെ പറ്റി സമാനമായ അഭിപ്രായമായിരുന്നു. മരണത്തിനു തൊട്ടുമുമ്പ് പ്രസിദ്ധീകരിക്കപ്പെട്ട അദ്ദേഹത്തിന്റെ കൃതിയിൽ ദൈവത്തിന്റെ കരുണയെ പറ്റി അദ്ദേഹം വിശദമായി പ്രതിപാദിക്കുന്നുണ്ട്. ജീവിതാരംഭം മുതൽ താൻ കടന്നു പോന്നതും അനുഭവിച്ചതുമായ ക്രൂരതകളെയും തിന്മകളെയും മുൻനിറുത്തി, കരുണയ്ക്കു മാത്രമേ തിന്മയ്ക്കെതിരെ വിജയകരമായി പ്രവർത്തിക്കാൻ കഴിയുകയുള്ള എന്ന് അദ്ദേഹം തന്റെ കൃതിയിൽ സമർത്ഥിക്കുന്നു.

കരുണയുള്ളിടത്ത് ക്രൂരത അവസാനിക്കും; കരുണയുള്ളിടത്ത് തിന്മയും അക്രമവും ഇല്ലാതാകും. ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഇതേ ചിന്താഗതിയാണുള്ളത്. ആധുനിക മനുഷ്യൻ പ്രതിഫലിപ്പിക്കുന്ന നന്മയും ധൈര്യവും വെറും ആവരണങ്ങൾ മാത്രമാണ്. ആ ആവരണത്തിനു താഴെ, ആഴത്തിലുള്ള മുറിവുകളും പാപത്തിന്റെ ആത്മസംഘർഷങ്ങളും അവൻ ഒളിപ്പിച്ചു വെച്ചിരിക്കുന്നു. ദൈവത്തിന്റെ കരുണയ്ക്കു വേണ്ടി അവൻ കാത്തിരിക്കുകയാണ്.

സുവിശേഷത്തിൽ ആധുനിക മനുഷ്യനെ പ്രത്യേകിച്ച് ആകർഷിക്കുന്ന ഒരു ഭാഗമാണ് നല്ല സമരിയക്കാരന്റെ ഉപമ. ക്രൈസ്തവ ജീവിതത്തിന്റെ സേവന തലങ്ങൾ എടുത്തുകാണിക്കുന്ന ഒരു സംഭവമാണത്. അവിശ്വാസിയായ സമരിയാക്കാരനാണ്, അല്ലാതെ ദൈവവിശ്വാസികളല്ല, അവിടെ നന്മ പ്രവർത്തിക്കുന്നത് എന്ന വസ്തുത ആധുനിക മനുഷ്യനെ പ്രത്യേകം രസിപ്പിക്കുന്നുണ്ട്.

പക്ഷേ, ആധുനിക മനുഷ്യന് നല്ല സമരിയക്കാരന്റെ കഥയോടുള്ള പ്രത്യേക താൽപ്പര്യത്തിനു കാരണം ഇതൊന്നുമല്ല. പ്രത്യുത, നല്ല സമരിയക്കാരൻ തന്റെ ജീവിതത്തിലും പ്രത്യക്ഷപ്പെടാം എന്ന പ്രത്യാശ ആധുനിക മനുഷ്യന് സന്തോഷം പകരുന്നു. സമരിയക്കാരൻ തന്റെയരികിൽ വരും, തന്റെ മുറിവുകളിൽ എണ്ണ പുരട്ടി ആശ്വസിപ്പിക്കും എന്ന് അവൻ പ്രതീക്ഷിക്കുന്നു.

അന്തിമ വിശകലനത്തിൽ. അവർ ആഗ്രഹിക്കുന്നത് ദൈവത്തിന്റെ കരുണയാണ്. അവിടുത്തെ തലോടലാണ്, സാന്ത്വനമാണ്. ക്രൈസ്തവരുടെ ദൈവം കരുണയുടെ ദൈവമാണ് (എഫേ 2:4). ഇതുമായി ബന്ധപ്പെട്ട് മൂന്നു കാര്യങ്ങളാണ് എന്റെ ചിന്തയിൽ വരുന്നത്.

പൂർണ്ണമായി നീതി ആഗ്രഹിക്കുന്ന പിതാവും അദ്ദേഹത്തെ അനുസരിക്കുകയും, നീതിയുടെ ക്രൂരതകൾ അംഗീകരിക്കുകയും ചെയ്യുന്ന പുത്രനും തമ്മിലുള്ള വൈരുദ്ധ്യം മനസിലാക്കാൻ ബുദ്ധിമുട്ടുണ്ട്. ത്രീത്വത്തിന്റെ ദൈവശാസ്ത്രത്തിൽ അത് തെറ്റുമാണ്. പിതാവും പുത്രനും ഒന്നു തന്നെയാണ്, അതു കൊണ്ട് അവരുടെ മനസ്സും ഒന്നു തന്നെയായിരിക്കും.

കുരിശിന്റെയും പ്രായശ്ചിത്തത്തിന്റെയും പ്രസക്തിയെന്ത്? അതിന്റെ അർത്ഥം ഒരു പുതിയ വീക്ഷണത്തിൽ നമുക്ക് കണ്ടെത്താം. തിന്മയുടെ വിവിധ രൂപങ്ങളുടെ മദ്ധ്യത്തിലാണ് നാം ജീവിക്കുന്നത്. അക്രമം, നുണ, വിദ്വേഷം, ക്രൂരത, ധിക്കാരം, ഇതെല്ലാം ലോകത്തെ ബാധിച്ചിരിക്കുന്ന വിഷമാണ്. ആ തിന്മ നിലനിൽക്കുന്നില്ല എന്ന് വിശ്വസിച്ച് കണ്ണടയ്ക്കാൻ നമുക്കാവില്ല. ഈ ലോകത്തു നിന്നും തിന്മ തുടച്ചു നീക്കേണ്ടതുണ്ട്. ദൈനംദിന പ്രാർത്ഥനകളും ബലികളും തിന്മയെ ദൂരീകരിക്കുന്നതിന് ആവശ്യമുണ്ട് എന്ന് പൗരാണിക ഇസ്രയേൽ വിശ്വസിച്ചിരുന്നു. തിന്മയുടെ പഴയ ദേവാലയം നശിപ്പിക്കപ്പെട്ടുവെന്നും അതിന്റെ സ്ഥാനത്ത് ക്രിസ്തുവിന്റെ ശരീരമാകുന്ന ദേവാലയം പൂർത്തീകരിച്ചിരിക്കുന്നു എന്നും നമുക്ക് അറിയാം. ഘോരമായ തിന്മയെ നേരിടാൻ അനന്തമായ ദൈവസ്നേഹം മതി എന്നും നമ്മൾ അറിയുന്നു.

നന്മയും തിന്മയും തിരിച്ചറിഞ്ഞ് ഉചിതമായത് സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം ദൈവം മനുഷ്യന് നൽകിയിരിക്കുന്നു. തിന്മ തിരഞ്ഞെടുത്ത മനുഷ്യനെ രക്ഷിക്കാനായി ദൈവം സ്വയം സമർപ്പിക്കുന്നു. സ്വന്തം ആത്മഭാവമായ തന്റെ പുത്രനെ ലോകത്തിന്റെ പാപങ്ങൾ ഏറ്റെടുക്കാനായി അദ്ദേഹം ലോകത്തിലേക്ക് അയക്കുന്നു. ഹെന്റി ഡി. ലൂബാക്കിന്റെ പുസ്തകത്തിൽ നിന്ന്: "മനുഷ്യവർഗ്ഗത്തോടുള്ള കരുണയാൽ, രക്ഷകൻ എത്തിച്ചേർന്നു. കുരിശു മരണത്തിനും മുമ്പേ, വചനം മാംസമാവുന്നതിനും മുമ്പേ മനുഷ്യദുഖത്തെ ദൈവം അറിഞ്ഞിരിക്കുന്നു."

ജർമ്മനിയിൽ ചില ഭാഗങ്ങളിൽ 'ദൈവത്തിന്റെ ദാരിദ്ര്യം' എന്ന വിഷയത്തെ പറ്റി ധ്യാനിക്കുന്ന പതിവുണ്ട്. പുത്രന്റെ ദുഖങ്ങൾ പിതാവിന്റെയും ദുഖങ്ങളാകുന്നു. മനുഷ്യവംശത്തിന്റെ ദുഖങ്ങൾ പുത്രനിലൂടെ പിതാവും അനുഭവിക്കുകയാണ്.

ഫാദർ ജാക്വിസ് സെർവയ്സ്: യേശുവിന്റെ മനുഷ്യാവതാരത്തിന് മുമ്പ്, ദൈവത്തിന്റെ കരുണയിൽ പെടാതെ നരകത്തിനു വിധിക്കപ്പെട്ടവരെ പറ്റി, വിശുദ്ധ ഇഗ്നേഷ്യസ് ഓഫ് ലയോള പറയുന്നുണ്ട്. അതേ മനോഭാവത്തോടെയാണ് വിശുദ്ധ ഫ്രാൻസിസ് സേവ്യർ തന്റെ മിഷിനറി പ്രവർത്തനങ്ങൾ തുടർന്നത്. പ്രസ്തുത വിഷയങ്ങളിൽ ആധുനിക സഭയുടെ നിലപാട് എന്താണ്?

എമിരിറ്റസ് പോപ്പ് ബനഡിക്ട് XVI: ഈ വിഷയത്തിൽ സഭയുടെ വീക്ഷണങ്ങളിൽ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. മദ്ധ്യകാലഘട്ടങ്ങളിലെ പരിമിതമായ (ഭൂമി ശാസ്ത്രസംബന്ധമായ) അറിവിന്റെ ബലത്തിൽ, ലോകം മുഴുവൻ കത്തോലിക്കരായി കഴിഞ്ഞുവെന്നും അവിശ്വാസികളുടെ ജനസംഖ്യ വളരെ കുറവാണെന്നും കരുതപ്പെട്ടിരുന്നു. എന്നാൽ ആധുനിക യുഗത്തിന്റെ ആരംഭത്തിൽ പുതിയ ലോകങ്ങളുടെ (പുതിയ രാജ്യങ്ങൾ) കണ്ടുപിടുത്തത്തോടെ ലോകത്തിന്റെയും സഭയുടെയും വീക്ഷണങ്ങൾ മാറി മറിഞ്ഞു. ജ്ഞാനസ്നാനപ്പെടാതെ മരിക്കുന്നവരെല്ലാം നരകത്തിൽ പോകും എന്ന വീക്ഷണം രണ്ടാം വത്തിക്കാൻ കൗൺസിലിൽ ഉപേക്ഷിക്കപ്പെട്ടു.

അതോടെ ക്രൈസ്തവ സഭ ഒരു ഇരട്ട പ്രതയില്‍ അകപ്പെട്ടു. ഒന്നാമതായി, ജ്ഞാനസ്ന പ്പെടാത്തവരും രക്ഷിക്കപ്പെടുമെങ്കിൽ, മിഷിനറി പ്രവർത്തനങ്ങളുടെ പ്രസക്തിയെന്ന്? രണ്ടാമതായി, ജ്ഞാനസ്നാനപ്പെടാത്ത അക്രൈസ്തവർക്കും ദൈവരാജ്യം നിഷേധിക്കപ്പെടുന്നില്ല എങ്കിൽ ക്രൈസ്തവ ധാർമ്മികതയും ക്രൈസ്തവ വിശ്വാസവും സംരക്ഷിക്കേണ്ട ആവശ്യമെന്ത്?" വിശ്വാസവും മോക്ഷവും പരസ്പ്പര ബന്ധമില്ലാത്തതാണെങ്കിൽ വിശ്വാസം കാത്തു സൂക്ഷിക്കേണ്ട ആവശ്യമെന്ത്?

ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ പല ശ്രമങ്ങളും നടക്കുകയുണ്ടായി. അതിലെ രണ്ട് പ്രധാന ശ്രമങ്ങളെ പറ്റി ഞാൻ ഇവിടെ സൂചിപ്പിക്കാം.

ഒന്നാമതായി കാൾ റഹ്നറുടെ 'അറിയപ്പൊത്ത ക്രൈസ്തവ'രെ പറ്റിയുള്ള പ്രബന്ധം. മോക്ഷത്തിനു നമ്മെ യോഗ്യരാക്കുന്ന ഏറ്റവും അടിസ്ഥാനപരമായ പ്രവർത്തികളുണ്ട്. ആ പ്രവർത്തികൾ മനുഷ്യനെ ദൈവത്തിലേക്ക് അടുപ്പിക്കുന്നു. സ്വയം അറിയാതെ തന്നെ അക്രൈസ്തവർ ക്രൈസ്തവ മാർഗ്ഗത്തിലൂടെ ചരിക്കുന്നു. അവരാണ് അറിയപ്പെടാത്ത ക്രൈസ്തവർ. ഇത് വളരെ ആകർഷകമായ ഒരു ആശയമാണ്. പക്ഷേ, ഈ ആശയം ക്രൈസ്തവികതയെ മാനവികത്വം മാത്രമായി ചുരുക്കുന്നു. ക്രൈസ്തവികതയിൽ അടങ്ങിയിരിക്കുന്ന മന:പരിവർത്തനം, നവീകരണം എന്നിവയെല്ലാം ഈ ആശയത്തിൽ വിട്ടു കളഞ്ഞിരിക്കുന്നു.

ഈ സൂചിപ്പിച്ചതിലും ദുർബ്ബലമാണ് ബഹുമത സിദ്ധാന്തം. എല്ലാ മതങ്ങളും അവരവരുടെ രീതിയിൽ മനുഷ്യനെ ദൈവത്തിലേക്കും മോക്ഷത്തിലേക്കും നയിക്കുന്നു എന്ന് ഈ സിദ്ധാന്തം അനുശാസിക്കുന്നു. ഇത്ര ഗഹനമായ ചോദ്യത്തിന് അനുസൃതമായുള്ള ഒരു പ്രശ്ന പരിഹാരമല്ല ഇത്.

ഫാദർ ജാക്വിസ് സെർവയ്സ്: 19 -20 നൂറ്റാണ്ടുകളിൽ പ്രചരിച്ച നിരീശ്വരവാദത്തിന്റെ പശ്ചാത്തലത്തിൽ , ലോകത്തിൽ ഇന്നു കാണുന്ന അനീതിക്കും അനർത്ഥത്തിനും ക്രൂരതയ്ക്കുമെല്ലാം ഉത്തരവാദി മനുഷ്യനല്ല. പ്രത്യുത, (ദൈവം ഉണ്ടെങ്കിൽ) ദൈവമാണ് എന്ന് മാനവികതാവാദികൾ ചിന്തിക്കുന്നു. 'ജീസസ് ഓഫ് നസ്രേത്ത്' എന്ന ഗ്രന്ഥത്തിൽ അങ്ങ് പറയുന്നത് ഇങ്ങനെയാണ്, "തിന്മയെന്ന യാഥാർത്ഥൃത്തെ അവഗണിച്ച് ഇല്ലാതാക്കാനാവില്ല. തിന്മയെ പരാജയപ്പെടുത്തുക തന്നെ വേണം. കരുണയുടെ വഴി തിന്മയുടെ പരാജയത്തിലാണ്." തിന്മയെ പരാജയപ്പെടുത്തുന്നത് കുമ്പസാരമെന്ന കൂദാശയാലാണോ? എങ്കിൽ എങ്ങനെ?

എമിരിറ്റസ് പോപ്പ് ബനഡിക്ട് XVI: തിന്മയെ പരാജയപ്പെടുത്തുവാനുള്ള ഒരേയൊരു ആയുധം യേശുവിന്റെ ദൈവിക സ്നേഹമാണ്. തിന്മയുടെ ഒരംശത്തിന്റെ ഉത്തരവാദിത്വം വ്യക്തിക്ക് തന്നെയാണ്. തിന്മ ചെയ്യുന്നതിലൂടെ ഒരു വ്യക്തി സാത്താന്റെ ഉപകരണമായി മാറുകയും ചെയ്യുന്നു. പക്ഷേ, യേശുവിനെ സ്വീകരിക്കാൻ തയ്യാറാകുന്നതോടെ ആ വ്യക്തി തിന്മയെ കീഴടക്കുന്നു. ഈ പ്രക്രിയയിൽ പശ്ചാത്താപത്തിന് വലിയ സ്ഥാനമാണുള്ളത്. ക്രിസ്തുവിലൂടെ നാം രൂപാന്തരപ്പെടുന്നു. തിന്മയുടെ ഭാഗത്തു നിന്നും നന്മയുടെ ഭാഗത്തേക്ക്, നശീകരണത്തിന്റെ ഭാഗത്തു നിന്നും സൃഷ്ടിയുടെ ഭാഗത്തേക്ക്, നാം നീങ്ങിക്കൊണ്ടിരിക്കുന്നു.