Life In Christ
ക്രൈസ്തവ പീഡനം ശക്തമായ രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യ പത്താം സ്ഥാനത്ത്: ആഗോള തലത്തില്‍ ദിവസേന കൊല്ലപ്പെടുന്നത് 8 ക്രൈസ്തവര്‍
സ്വന്തം ലേഖകന്‍ 16-01-2020 - Thursday
വാഷിംഗ്‌ടണ്‍ ഡിസി: കഴിഞ്ഞ വര്‍ഷം ക്രൈസ്തവര്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള പത്തു രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യയും. വാഷിംഗ്‌ടണ്‍ ആസ്ഥാനമായി ക്രൈസ്തവര്‍ക്കെതിരായ മതപീഡനങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ‘ഓപ്പണ്‍ഡോഴ്സ്’ ജനുവരി 15ന് പുറത്തുവിട്ട 2020-ലെ 'വേള്‍ഡ് വാച്ച് ലിസ്റ്റ് ടോപ് 10'പട്ടികയില്‍ പത്താമതാണ് ഇന്ത്യയുടെ സ്ഥാനം. ലോകത്ത് ക്രൈസ്തവര്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന പത്ത് രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഒന്നാമത് ഉത്തര കൊറിയയും രണ്ടാമത് അഫ്ഘാനിസ്ഥാനുമാണ്. സൊമാലിയ മൂന്നാം സ്ഥാനത്തും ലിബിയ നാലാം സ്ഥാനത്തും പാക്കിസ്ഥാന്‍ അഞ്ചാം സ്ഥാനത്തും എറിത്രിയ, സുഡാന്‍, യെമന്‍, ഇറാന്‍ എന്നീ രാഷ്ട്രങ്ങള്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളിലും ഉള്‍പ്പെട്ടിരിക്കുന്നു.
ലോകത്ത് ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന മതവിഭാഗങ്ങളിലൊന്നായ ക്രിസ്ത്യാനികള്‍ ഏറ്റവും ചുരുങ്ങിയത് 60 രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശമുണ്ട്. കഴിഞ്ഞവര്‍ഷം 2983 ക്രിസ്ത്യാനികള്‍ വിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിലും മുന്‍വര്‍ഷത്തെ കണക്ക് വെച്ചുനോക്കുമ്പോള്‍ ഇത് കുറവാണ്. അതേസമയം 8537 ക്രിസ്ത്യാനികളാണ് യേശുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ 2019-ല്‍ മാനഭംഗത്തിനോ/ലൈംഗീക അതിക്രമത്തിനോ ഇരയായത്. ഭൂരിഭാഗം ലൈംഗീക പീഡനങ്ങളും രഹസ്യമായോ അടച്ചിട്ട മുറികളിലോ സംഭവിക്കുന്നതിനാല്‍ മഞ്ഞുമലയുടെ ഒരഗ്രം മാത്രമാണ് ഈ സംഖ്യയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 9488 ക്രിസ്ത്യന്‍ ദേവാലയങ്ങളും കെട്ടിടങ്ങളുമാണ് കഴിഞ്ഞ വര്‍ഷം ആക്രമിക്കപ്പെട്ടത്.
ഇതില്‍ 5500-ല്‍ അധികം ആക്രമണങ്ങളും സംഭവിച്ചിരിക്കുന്നത് ചൈനയിലാണ്. 2018-ലെ കണക്കുവെച്ച് നോക്കുമ്പോള്‍ 1000 ശതമാനത്തിന്റെ വര്‍ദ്ധനവാണിതെന്നതും ശ്രദ്ധേയമാണ്. 3711 ക്രൈസ്തവരാണ് കഴിഞ്ഞ വര്‍ഷം അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ടത്. 1052 പേര്‍ തട്ടിക്കൊണ്ടുപോകലിനിരയായി. 3315 ക്രിസ്ത്യന്‍ ഭവനങ്ങള്‍ ആക്രമിക്കപ്പെടുകയോ അഗ്നിക്കിരയാവുകയോ ചെയ്തു. ഏതാണ്ട് 14645 ക്രിസ്ത്യാനികളാണ് വിവിധ തരത്തില്‍ ശാരീരികവും മാനസികവുമായി പീഡിപ്പിക്കപ്പെട്ടത്. ഇവയില്‍ ഭൂരിഭാഗവും സംഭവിച്ചിട്ടുള്ളത് ഭാരതത്തിലും, ചൈനയിലും, ഇസ്ളാമിക സംഘടനകള്‍ അസ്ഥിരതയുണ്ടാക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന സബ്-സഹാരന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലുമാണ്.
ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ ലോകമെമ്പാടുമായി ദിവസവും ചുരുങ്ങിയത് 23 പേര്‍ മാനഭംഗത്തിനിരയാവുകയും 10 പേര്‍ തടവിലാക്കപ്പെടുകയും, ഇരുപത്തിയഞ്ചോളം ദേവാലയങ്ങളോ ക്രിസ്ത്യന്‍ കെട്ടിടങ്ങളോ ആക്രമിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്നും ‘ഓപ്പണ്‍ഡോഴ്സ്’ വ്യക്തമാക്കുന്നു. എല്ലാ വര്‍ഷവും ക്രൈസ്തവ പീഡനത്തെ കുറിച്ച് ഓപ്പണ്‍ ഡോഴ്സ് പുറത്തുവിടുന്ന റിപ്പോര്‍ട്ടിന് ആഗോള തലത്തില്‍ വലിയ സ്വീകാര്യതയാണുള്ളത്. വരും ദിവസങ്ങളില്‍ റിപ്പോര്‍ട്ട് വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിയിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക