News
ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ ജോലി നഷ്ടപ്പെട്ടവരുടെ മുൻപിൽ 'God’s Not Dead 2' സിനിമ പ്രദർശിപ്പിച്ചു
അഗസ്റ്റസ് സേവ്യര്‍ 23-04-2016 - Saturday
ലണ്ടൻ: ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ ജോലി നഷ്ടപ്പെട്ടവരുടെ മുൻപിൽ ഇന്നലെ 'God’s Not Dead 2' സിനിമ പ്രദർശിപ്പിച്ചു. ലോകത്തിൽ പല ഭാഗങ്ങളിലും നിലനില്ക്കുന്ന ക്രൈസ്തവ വിരുദ്ധ മനോഭാവം വരച്ചുകാട്ടുന്ന ഈ സിനിമ, ലണ്ടനിലുള്ള Crystal Palace ലെ Open Door Cinema-യിൽ ഇന്നലെ പ്രദർശിപ്പിചപ്പോൾ കാണാനെത്തിയവരിൽ അധികവും തങ്ങളുടെ ജോലി സ്ഥലങ്ങളിൽ ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞതിന്റെ പേരിൽ ജോലിനഷ്ടപ്പെട്ടവരായിരുന്നു. ബ്രിട്ടൻ ഒരു ക്രൈസ്തവ രാഷ്ട്രമാണന്ന് പ്രധാനമന്ത്രി ഡേവിസ് കാമറോൺ തന്നെ അവകാശപ്പെടുന്നുണ്ടങ്കിലും ഈ രാജ്യത്ത് നിലനിൽകുന്ന ചില നിയമങ്ങൾ സൃഷ്ടാവായ ദൈവത്തെക്കുറിച്ച് സൃഷ്ടികളോട് പ്രഘോഷിക്കുന്നതിന് തടസ്സമായി നില്കുന്നു.
UK-ൽ ഒരു മുസ്ലീമിന് ക്രൈസ്തവ പുസ്തകം കൊടുത്തതിന്റെ പേരിൽ NHS-ലെ ജോലിയിൽ നിന്നും പിരിച്ചുവിടപ്പെട്ട വിക്ടോറിയ വാസ്റ്റെനി, കുട്ടികളുടെ നല്ല വളർച്ചയ്ക്ക് മാതാപിതാക്കാൻമാർ ആവശ്യമാണ് എന്ന് അഭിപ്രായപ്പെട്ടതിന്റെ പേരിൽ ജോലിയിൽ നിന്നും നീക്കം ചെയ്യപ്പെട്ട മജിസ്ട്രേറ്റ് റിച്ചാർഡ് പേജ്, തെരുവിൽ നിന്ന് വചനം പ്രഘോഷിച്ചതിന്റെ പേരിൽ അറസ്റ് ചെയ്യപ്പെട്ട മൈക്ക് ഒവേർഡ്, വിവാഹം സ്ത്രീ-പുരുഷന്മാർ തമ്മിലാണ് എന്ന് അഭിപ്രായപ്പെട്ടതിന് ഗ്രീൻ ഗ്രൂപ്പ് ഓഫ് കൗൺസിലേർസിൽ നിന്നും പുറത്താക്കപ്പെട്ട കൗൺസിലർ ക്രിസ്റ്റീന സമ്മേർസ്, തന്റെ ഔദ്യോഗിക വാഹനത്തിൽ ചെറിയ ഒരു കുരിശ് പ്രദർശിപ്പിച്ചതിന് ജോലിയിൽ നിന്നും പിരിച്ചുവിടപ്പെട്ട ഇലക്ട്രീഷ്യൻ കോളിൻ അറ്റ്കിൻസൺ, ജയിലിൽ തടവുകാരോട് ദൈവത്തിന്റെ കരുണയെ പറ്റി സംസാരിച്ചതിന് പിരിച്ചുവിടപ്പെട്ട ജയിൽ ഉദ്യോഗസ്ഥനായ ബാരി ടേയ്ഹോൺ, സാബത്ത് ആചരിച്ചതിന് ജോലിയിൽ നിന്നും പുറത്താക്കപ്പെട്ട ചിൽഡ്രൻസ് വർക്കർ സെലസ്റ്റീന, സ്വവർഗ്ഗ രതിയെ എതിർത്ത് സംസാരിച്ചതിന് ജോലി നഷ്ടപ്പെട്ട മൈക്ക് ഡേവിഡ്സൺ, കുട്ടികളോട് തന്റെ ആത്മീയാനുഭവങ്ങൾ പങ്കുവെച്ചതിന് പിരിച്ചുവിടപ്പെട്ട ടീച്ചർ ഒലീവ് ജോൺസ്, ഫെയ്സ് ബുക്ക് പേജിൽ വിവാഹത്തെ പറ്റിയുള്ള ക്രൈസ്തവ വീക്ഷണം പോസ്റ്റ് ചെയ്തതിന് ഷെഫീൽഡ് യൂണിവേഴ്സിറ്റിയിൽ നിന്നും പുറത്താക്കപ്പെട്ട ഫെലിക്സ് എൻഗോൾ, തന്റെ രോഗിയോട് വിശ്വാസത്തെ പറ്റി പറഞ്ഞതിന് ശിക്ഷണ നടപടി നേരിടുന്ന ഡോക്ടർ ഷെഫീൽഡ് സ്കോട്ട്, ലൈംഗിക കാര്യങ്ങളിൽ ക്രൈസ്തവ വീക്ഷണം പങ്കുവെച്ചതിന് പിരിച്ചുവിടപ്പെട്ട സൈക്കോളജി കൗൺസിലർ റിച്ചാർഡ് ഗാരി മക്ഫർലെൻ എന്നിവരെല്ലാം ഇന്നലെ ഈ സിനിമ കാണാനെത്തിയവരിൽപെടുന്നു.
God’s Not Dead-2 എന്ന സിനിമ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രദർശനത്തിനെത്തുമ്പോൾ, ക്രൈസ്തവർ നേരിടുന്ന വെല്ലുവിളികളെ പറ്റി ഈ ചിത്രം കാഴ്ച്ചക്കാരെ ബോധവൽക്കരിക്കും എന്ന് ചിത്രത്തിന്റെ നിർമ്മാതാക്കൾ വിശ്വസിക്കുന്നു.
അമേരിക്കയിൽ വൻ വിജയം നേടിയ ഈ ചിത്രത്തിലെ അഭിനേതാക്കൾ അമേരിക്കക്കാരും കഥാസന്ദർഭം അമേരിക്കയിലേതുമാണ്. പക്ഷേ UKയിലെ ക്രിസ്ത്യൻ ലീഗൽ സെന്ററിന്റെ (Christian Legal Centre), കേസ് ഫയലുകളിൽ നിന്നും എടുത്തിട്ടുള്ള സംഭവങ്ങൾ പോലെ സത്യസന്ധമായ ജീവിത സന്ദർഭങ്ങളാണ് ചിത്രത്തിലുള്ളത്. സ്വന്തം വിശ്വാസത്തിന്റെ പേരിൽ ജോലി നഷ്ടപ്പെട്ട അനവധിയാളുകൾക്ക് കൃസ്ത്യൻ ലീഗൽ സെന്റർ നിയമസഹായം കൊടുത്തു വരുന്നു.
Christian Concern ന്റെ സ്ഥാപകനുംCEO- യുമായ ആൻഡ്രിയ മിനിച്ചെല്ലോ വില്യംസ് സിനിമയുടെ കഥ ഇങ്ങനെ വിവരിക്കുന്നു:
കഥയുടെ കഥാപാത്രം ഗ്രേസ് വെസ്ലെ എന്ന ചരിത്രാദ്ധ്യാപികയാണ്. യേശുവിനെ പറ്റിയുള്ള ഒരു കുട്ടിയുടെ ചോദ്യത്തിന്, ക്രൈസ്തവ വിശ്വാസപ്രകാരം സത്യമായ മറുപടി പറഞ്ഞതോടെ അവർ കഠിനമായ വിമർശനത്തിന് വിധേയയാകുന്നു. യേശുവിനെ പറ്റി പറഞ്ഞതിന് മാപ്പ് ചോദിക്കില്ല എന്ന് ഗ്രേസ് വ്യക്തമാക്കിയതോടെ സ്കൂൾ ഗവർണർമാർ അവളെ ജോലിയിൽ നിന്നും പിരിച്ചുവിടാനും, ടീച്ചിംഗ് സർട്ടിഫിക്കറ്റ് റദ്ദാക്കാനും തീരുമാനിക്കുന്നു.
തന്റെ ജോലി രക്ഷിക്കാൻ വേണ്ടി ഗ്രേസ് കോടതിയിൽ കേസ് കൊടുക്കുന്നു. ഒരു വക്കീൽ അവൾക്കു വേണ്ടി കേസ് വാദിക്കുന്നു. യേശുവിന്റെ ചരിത്രപരമായ അസ്തിത്വം തെളിയിച്ചു കൊണ്ട്, ഗ്രേസ് ക്ലാസ് മുറിയിൽ നടത്തിയ ചരിത്രക്ലാസിന്റെ പ്രാധാന്യം കോടതി മുറിയിൽ സ്ഥാപിക്കപ്പെടുകയാണ്.
ക്രൈസ്തവരായ ജോലിക്കാർ ഇപ്പോൾ UK -യിൽ നേരിട്ടു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ ഇതിന് സമാനമാണ്. ഗവണ്മെന്റ് ഉൾപ്പടെ എല്ലാവർക്കും ക്രൈസ്തവ മൂല്യങ്ങളിൽ താൽപ്പര്യമുണ്ട്. പക്ഷേ, ക്രൈസ്തവ വിശ്വാസവും മൂല്യങ്ങളും പുറത്തു പറഞ്ഞു കഴിഞ്ഞാൽ ഉടനെ അദൃശ്യമായ കോണുകളിൽ നിന്നും വിമർശനം ഉയരുന്നു; ക്രൈസ്തവികതയെ നിശ്ശബ്ദമാക്കാൻ ശ്രമിക്കുന്നു.
Christian Legal Centre-ന്റെ കേസുകൾ ദേശീയ മാധ്യമ ശ്രദ്ധ നേടിയിട്ടുണ്ട്. ക്രൈസ്തവ വിവേചനം ചില രാജ്യങ്ങളിൽ വളർന്നു വരുന്നതിനെപറ്റി എല്ലാവരെയും ബോധവാരാക്കുക എന്നതാണ് ഈ സിനിമയിലൂടെ ഉദ്ദേശിക്കുന്നത്. യേശുകൃസ്തുവിലുള്ള വിശ്വാസം ആധുനിക ലോകത്തിന് ആവശ്യമാണ് എന്ന സന്ദേശവും 'God’s Not Dead 2' എന്ന സിനിമ നൽകുന്നു. മലയാളികളടക്കം നിരവധി പേർ ബ്രിട്ടൻ അടക്കമുള്ള വിദേശരാജ്യങ്ങളിൽ ക്രിസ്തുവിനെക്കുറിച്ച് ജോലി സ്ഥലങ്ങളിൽ പ്രഘോഷിച്ചു കൊണ്ട് ജീവിക്കുന്നു. തങ്ങളുടെ ജോലിയെക്കാളും സമ്പത്തിനെക്കാളും അധികമായി ക്രിസ്തുവിനെ സ്നേഹിക്കുന്ന എല്ലാവർക്കും ഈ സിനിമ ഒരു പ്രചോദനമാകും എന്ന് പ്രതീക്ഷിക്കുന്നു.