News - 2024

ക്രൈസ്തവരെ സംരക്ഷിക്കണമെന്ന് ഇറാഖി പ്രസിഡന്‍റിനോട് നേരിട്ട് ആവശ്യപ്പെട്ട് പാപ്പ

സ്വന്തം ലേഖകന്‍ 27-01-2020 - Monday

വത്തിക്കാന്‍ സിറ്റി: അതികഠിനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ഇറാഖിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ ഇറാഖി പ്രസിഡന്‍റ് ബർഹാം സാലേയോട് നേരിട്ട് ആവശ്യപ്പെട്ടു. ശനിയാഴ്ചയാണ് പാപ്പയുമായും പരിശുദ്ധ സിംഹാസനത്തിന്റെ ഉന്നത പ്രതിനിധികളുമായും ചര്‍ച്ച നടത്തുവാന്‍ ഇറാഖി പ്രസിഡന്‍റ് വത്തിക്കാനിലെത്തിയത്. ഇറാഖിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി സംഘടനയുടെ ആക്രമണങ്ങളെ ഭയന്ന് പലായനം ചെയ്യേണ്ടിവന്ന ന്യൂനപക്ഷങ്ങൾക്ക്, പ്രത്യേകിച്ച് ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്ക് സമാധാനവും, സുരക്ഷയും വർദ്ധിപ്പിക്കുന്നതിൽ ഊന്നിയുള്ളതായിരുന്നു മാർപാപ്പയും പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയെന്ന് വത്തിക്കാൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.

രാജ്യത്ത് ക്രൈസ്തവരുടെ ചരിത്രപരമായ സാന്നിധ്യം നിലനിർത്തുന്നതിനെ പറ്റിയും ചർച്ച നടന്നു. ഇറാഖ് സന്ദർശിക്കാനായുള്ള ആഗ്രഹം മാർപാപ്പ പ്രകടിപ്പിച്ചുവെന്നും, അതിനെപ്പറ്റി ഇരുവരും തമ്മിൽ ചർച്ച നടന്നുവെന്നും പ്രസിഡന്റിന്റെ ഓഫീസ് പ്രതികരിച്ചു. എന്നാൽ മാർപാപ്പയുടെ സന്ദർശനം സംബന്ധിച്ച തീയതിക്ക് സ്ഥിതീകരണമായിട്ടില്ല. ക്രൈസ്തവരും- മുസ്ലിങ്ങളും തമ്മിൽ സഹവർത്തിത്വത്തോടെ ജീവിച്ചാൽ മാത്രമേ തീവ്രവാദം ഇല്ലായ്മ ചെയ്യാൻ സാധിക്കുകയുള്ളൂ എന്നു ബർഹാം സാലേയുടെ ഓഫീസ് വിശദീകരിച്ചു. കൂടിക്കാഴ്ചയ്ക്കു ഒടുവില്‍ ഇരുവരും സമ്മാനങ്ങള്‍ കൈമാറി. പ്രാചീന ലോകത്തെ നിയമമായിരുന്ന ഹമുറബി പ്രമാണത്തിന്റെ പകർപ്പ് പ്രസിഡന്റ്, ഫ്രാൻസിസ് മാർപാപ്പയ്ക്ക് നൽകി. ക്രൈസ്തവ - ഇസ്ലാമിക സഹോദര്യം സംബന്ധിച്ച് എഴുതിയ പ്രബോധനത്തിന്റെ പകർപ്പും മെഡലുമാണ് മാർപാപ്പ പ്രസിഡന്റിന് സമ്മാനമായി നൽകിയത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »