News - 2024

ഇറാഖില്‍ ഫ്രഞ്ച് ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയിലെ അംഗങ്ങളെ കാണാതായി

സ്വന്തം ലേഖകന്‍ 27-01-2020 - Monday

പാരീസ്: ഫ്രാൻസ് ആസ്ഥാനമായുള്ള 'ക്രിസ്ത്യൻസ് ഓഫ് ദി മിഡിൽ ഈസ്റ്റ്' എന്ന സർക്കാരിതര സന്നദ്ധ സംഘടനയിലെ നാലുപേരെ ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിൽ വെച്ച് കാണാതായി. സംഘടനയുടെ അധ്യക്ഷൻ ബെഞ്ചമിൻ ബ്ലൻചാഡ് വെള്ളിയാഴ്ച പാരീസിൽ നടത്തിയ പത്രസമ്മേളനത്തിലൂടെയാണ് സംഘടനയിലെ അംഗങ്ങളുടെ തിരോധനം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. കാണാതായവരിൽ മൂന്നു പേർ ഫ്രഞ്ച് വംശജരും, ഒരാൾ ഇറാഖി വംശജനുമാണ്. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. 2014ൽ മൊസൂൾ നഗരം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ കൈയടക്കിയതിനുശേഷം ഇസ്ലാമിക് സ്റ്റേറ്റിന്റെ അതിക്രമങ്ങൾക്ക് ഇരയായ ക്രൈസ്തവർക്ക് വേണ്ടി പ്രവർത്തിച്ചുവരികയായിരുന്നു സംഘടന.

കുർദിഷ് തലസ്ഥാനമായ ഇർബിൽ പട്ടണത്തിലും ക്രിസ്ത്യൻസ് ഓഫ് ദി മിഡിൽ ഈസ്റ്റ് സംഘടന സജീവമായിരുന്നു. വിസ പുതുക്കാനും, മറ്റ് രജിസ്ട്രേഷൻ നടപടികൾക്കുമായാണ് കാണാതായ സംഘടനയിലെ അംഗങ്ങൾ ബാഗ്ദാദിലെത്തിയത്. നഗരത്തിൽ ഒരു സ്കൂൾ ആരംഭിക്കാൻ സംഘടനയിലെ ഈ അംഗങ്ങള്‍ സംഘം പദ്ധതിയിട്ടിരുന്നു. ഫ്രഞ്ച്, ഇറാഖി അധികൃതർ തെരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്ന് ബെഞ്ചമിൻ ബ്ലൻചാഡ് പത്രസമ്മേളനത്തിൽ വ്യക്തമാക്കി. സംഘടനയ്ക്ക് വേണ്ടി അനവധി വർഷങ്ങൾ ജോലി ചെയ്ത അനുഭവ സമ്പത്തുള്ളവരെയാണ് കാണാതായിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

എന്നാൽ കാണാതായവരുടെ പേരും മറ്റു, വിശദാംശങ്ങളും വെളിപ്പെടുത്താൻ ബെഞ്ചമിൻ ബ്ലൻചാഡ് തയ്യാറായില്ല. സിറിയ, ഈജിപ്ത്, ലെബനോൻ തുടങ്ങിയ സമീപ രാജ്യങ്ങളിലും ക്രിസ്ത്യൻസ് ഓഫ് ദി മിഡിൽ ഈസ്റ്റ് സംഘടനയുടെ സാന്നിധ്യമുണ്ട്. ക്രൈസ്തവരെ പശ്ചിമേഷ്യയിൽ തന്നെ തുടരാൻ സഹായിക്കുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ 13 ലക്ഷത്തോളമുണ്ടായിരുന്ന ഇറാഖിലെ ക്രൈസ്തവ ജനസംഖ്യ ഇന്ന് രണ്ടരലക്ഷം മാത്രമാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »