Arts

വിഷാദ രോഗത്താല്‍ ഞെരുങ്ങുന്ന അയര്‍ലണ്ടിന് പ്രതീക്ഷയേകാന്‍ നോക്ക് പ്രത്യക്ഷീകരണ ഡോക്യുഡ്രാമ

സ്വന്തം ലേഖകന്‍ 03-02-2020 - Monday

ഡബ്ലിന്‍: ഉയര്‍ന്ന തോതിലുള്ള വിഷാദ രോഗവും, ആത്മഹത്യാ പ്രവണതയും പിടിമുറുക്കിയ അയര്‍ലണ്ടില്‍ പ്രതീക്ഷയുടേയും സൗഖ്യത്തിന്റെയും ഇടമായി “ഹോപ്‌” എന്ന ഐറിഷ് ഡോക്യുഡ്രാമയുടെ നിര്‍മ്മാതാക്കള്‍ ചൂണ്ടിക്കാട്ടുന്നത് നോക്കിലെ പരിശുദ്ധ കന്യകാമാതാവിന്റെ ദേവാലയത്തെയാണ്. കത്തോലിക്ക ടെലിവിഷന്‍ ശ്രംഖലയായ ഇ.ഡബ്ല്യു.ടി.എന്‍ നു വേണ്ടി പ്രാദേശിക അഭിനേതാക്കളെ വെച്ച് ഐറിഷ് സംവിധായകനായ കാംബെല്‍ മില്ലറാണ് ‘ഹോപ്‌’ സംവിധാനം ചെയ്തിരിക്കുന്നത്. നോക്കിലെ മാതാവിന്റെ പ്രത്യക്ഷീകരണങ്ങളുടെ കഥ പറയുന്ന സിനിമ ഇക്കഴിഞ്ഞ ജനുവരി 27ന് വത്തിക്കാനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മുന്‍പത്തേതിനേക്കാള്‍ അധികമായി അയര്‍ലണ്ടിനും ലോകത്തിനും പ്രത്യാശ ആവശ്യം ഇപ്പോഴാണെന്ന് സംവിധായകനായ കാംബെല്‍ പറയുന്നു.

പരിശുദ്ധ കന്യകാമാതാവിനെ ഐറിഷ് ജനതയുടേയും, ലോകത്തിന്റേയും പ്രതീക്ഷയുടെ വെളിച്ചമാക്കി മാറ്റുവാന്‍ ആഗ്രഹിക്കുന്നതായി ഇ.ഡബ്ല്യു.ടി.എന്നിന്റെ ചീഫ് എക്സിക്യുട്ടീവ്‌ ഓഫീസറായ ഐഡന്‍ ഗല്ലാഘര്‍ കാത്തലിക് ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. 1879-ല്‍ പരിശുദ്ധ കന്യകാമാതാവ് നോക്കില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഐറിഷ് ജനതക്ക് ഒരു പുതിയ ആശയും പ്രതീക്ഷയും ലഭിച്ചു. ഇന്ന്‍ അത്തരത്തിലുള്ള മറ്റൊരു ക്ഷാമത്തെ, ആത്മീയ ക്ഷാമത്തെ ഐറിഷ് ജനത നേരിട്ടുകൊണ്ടിരിക്കുകയാണ്. വിഷാദ രോഗവും, ആത്മഹത്യയും ഒരു ദേശീയ പ്രശ്നമായി മാറിക്കൊണ്ടിരിക്കുന്നുവെന്നും അതിന് പരിഹാരം നിര്‍ദ്ദേശിക്കുക എന്ന കാഴ്ചപ്പാടോടെയാണ് സിനിമയെന്നും ഗല്ലാഘര്‍ പറഞ്ഞു.

യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ വിഷാദരോഗികള്‍ ഉള്ളത് നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ആണെന്നാണ് കണക്കുകള്‍. ഏറ്റവും പുതിയ യൂറോ ഫൗണ്ട് കണക്കനുസരിച്ച് 15-നും 24-നും ഇടയില്‍ പ്രായുള്ളവരില്‍ 12 ശതമാനവും കടുത്ത വിഷാദ രോഗത്തിനു അടിമകളാണ്. 1989-ല്‍ നോക്കിലെ ദേവാലയത്തില്‍ ദിവ്യകാരുണ്യ ആരാധനക്കിടയില്‍ സംഭവിക്കുകയും 2019 സെപ്റ്റംബറില്‍ ഔദ്യോഗികമായി അംഗീകരിക്കപ്പെടുകയും ചെയ്ത അത്ഭുത രോഗശാന്തി സിനിമയില്‍ പ്രമേയമാകുന്നുണ്ട്.

1879-ല്‍ നോക്കില്‍ സംഭവിച്ച മാതാവിന്റെ പ്രത്യക്ഷീകരണം വിശ്വസനീയമാണെന്ന് വത്തിക്കാന്‍ നിയമിച്ച വിവിധ കമ്മീഷനുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ദൈവവചന ഞായര്‍ ആചരണത്തിന്റെ ഭാഗമായി ജനുവരി 26ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്സ് ബസലിക്കയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച വേളയില്‍ നോക്കിലെ ദൈവമാതാവിന്റെ രൂപവും അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »