India - 2024

കുറവിലങ്ങാട് തീര്‍ത്ഥാടന ദേവാലയത്തില്‍ സന്ദര്‍ശനവുമായി കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി

09-02-2020 - Sunday

കുറവിലങ്ങാട്: സീറോ മലബാര്‍ സഭാ തലവന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു കുറവിലങ്ങാട്ട് പ്രൗഢോജ്വല വരവേല്‍പ്പ്. കുറവിലങ്ങാട് മര്‍ത്ത്മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ത്ഥാടന ദേവാലയത്തെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയമാക്കി ഉയര്‍ത്തിയതിനെത്തുടര്‍ന്നുള്ള ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം. ദേവാലയമുറ്റവും കല്‍പ്പടവുകളും നിറഞ്ഞുകവിഞ്ഞ ജനസഞ്ചയത്തിലേക്കാണു കര്‍ദിനാള്‍ വന്നിറങ്ങിയത്. പുഞ്ചിരി തൂകിയും കുരുന്നുകളുടെ തലയില്‍ കൈവച്ച് അനുഗ്രഹിച്ചും സന്തോമറിയിച്ച കര്‍ദിനാള്‍ ദേവാലയത്തിനുള്ളില്‍ പ്രവേശിക്കുന്‌പോള്‍ സ്വാഗതമോതിയതു മാലാഖമാരുടെ വേഷമണിഞ്ഞ നൂറോളം കുരുന്നുകളാണ്. സഭയോടും സഭാ നേതൃത്വത്തോടും വൈദികരോടും സന്യസ്തരോടും കുറവിലങ്ങാട് പുലര്‍ത്തുന്ന ആദരവും സ്‌നേഹവും ശ്ലാഘനീയമാണെന്ന് മാര്‍ ആലഞ്ചേരി പറഞ്ഞു. വിശ്വാസികള്‍ക്കൊപ്പം ജപമാല പ്രദക്ഷിണത്തില്‍ പങ്കെടുത്ത് ശ്ലൈഹിക ആശീര്‍വാദവും നല്‍കി. വൈദികരുടെയും സന്യാസിനിമാരുടെയും പള്ളി യോഗാംഗങ്ങളുടെയും സംഗമത്തിലും മാര്‍ ആലഞ്ചേരി പങ്കെടുത്തു.

ഇന്നു രാവിലെ 8.30ന് ഇടവകയിലെ ഭക്തസംഘടനാ ഭാരവാഹികളുടെ യോഗത്തില്‍ പങ്കെടുക്കും. പത്തിനു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും. ആര്‍ച്ച് പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍ എഡിറ്റ് ചെയ്ത 'കുറവിലങ്ങാടും മരിയദര്‍ശനങ്ങളും' എന്ന പുസ്തകത്തിന്റെ പ്രകാശനവും മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിക്കും. ഉച്ചകഴിഞ്ഞ് 2.30ന് കുടുംബക്കൂട്ടായ്മാ ഭാരവാഹികളുടെ സമ്മേളനത്തില്‍ പങ്കെടുത്താണ് രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം സമാപിക്കുക. 2018 ജനുവരി 21നാണ് സീറോ മലബാര്‍ സഭയില്‍ ഒരു ഇടവക ദേവാലയത്തിനു നല്‍കുന്ന പരമോന്നത പദവിയായ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവി കുറവിലങ്ങാട് മര്‍ത്ത്മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ത്ഥാടന ദേവാലയത്തിനു സഭ നല്‍കിയത്. ഇതിന്റെ ഭാഗമായുള്ള ആദ്യസന്ദര്‍ശനം കഴിഞ്ഞ വര്‍ഷം ജനുവരി 26, 27 തീയതികളില്‍ കര്‍ദ്ദിനാള്‍ നടത്തിയിരുന്നു.


Related Articles »