India - 2024

'രണ്ടു കുട്ടികള്‍ മതി': ഗര്‍ഭഛിദ്ര ബില്ലിന് പിന്നാലെ ജനസംഖ്യാ നിയന്ത്രണ ബില്ല് രാജ്യസഭയില്‍

സ്വന്തം ലേഖകന്‍ 12-02-2020 - Wednesday

ന്യൂഡൽഹി: ഗര്‍ഭഛിദ്രത്തിനു കൂടുതല്‍ സാധ്യത തുറന്നു കൊടുക്കുന്ന എം‌ടി‌പി ഭേദഗതി സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ രാജ്യത്ത് ജനസംഖ്യ നിയന്ത്രണം കൊണ്ടുവരാന്‍ രാജ്യസഭയിൽ സ്വകാര്യ ബിൽ. ശിവസേന എംപിയായ അനിൽ ദേശായിയാണ് ജനസംഖ്യാ നിയന്ത്രണത്തിനായി ഭരണഘടനാ ഭേദഗതി വേണമെന്ന് ആവശ്യപ്പെട്ടാണ് സ്വകാര്യ ബിൽ. ജനസംഖ്യാ നിയന്ത്രണവുമായി സഹകരിക്കുന്ന കുടുംബങ്ങള്‍ക്ക് (പരമാവധി രണ്ടു കുട്ടികള്‍ ഉള്ളവര്‍ക്ക്) നികുതി, ജോലി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ സൗജന്യങ്ങള്‍ നൽകി പ്രോത്സാഹിപ്പിക്കണമെന്നാണ് ബില്ലിലെ ആവശ്യം. ചെറിയ കുടുംബമെന്ന ആശയം പിന്തുടരാത്തവര്‍ക്ക് നല്‍കുന്ന എല്ലാ ഇളവുകളും റദ്ദാക്കണമെന്നും ബില്ലിൽ ആവശ്യമുണ്ട്.

ജനസംഖ്യ നിയന്ത്രിക്കാൻ ഫലപ്രദമായ ആശയം ഇതു മാത്രമാണെന്നാണ് സ്വകാര്യ ബില്ലിൽ ചൂണ്ടിക്കാണിക്കുന്നത്. ഭരണഘടനയിൽ സംസ്ഥാനങ്ങള്‍ക്കുള്ള ഡയറക്ടറേറ്റീവ് പ്രിൻസിപ്പിള്‍സ് ഓഫ് സ്റ്റേറ്റ് പോളിസീസ് എന്ന ഭാഗത്ത് ഇത് കൂട്ടിച്ചേര്‍ക്കാനായി ഭരണഘടനാഭേദഗതി വേണമെന്നാണ് ആവശ്യം. രാജ്യജനസംഖ്യ 125 കോടി കടന്നത് ആശങ്കാജനകമാണെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഈ പ്രതിസന്ധി നേരിടാനായി പദ്ധതികള്‍ ആവിഷ്കരിക്കണമെന്നും ബില്ലിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ജനസംഖ്യാ നിയന്ത്രണം പ്രോത്സാഹിപ്പിക്കാനായി ചെറിയ കുടുംബങ്ങള്‍ക്ക് സാമൂഹ്യസുരക്ഷ പദ്ധതികളിലും നികുതിയിളവുകളും നല്‍കണമെന്നും ബില്ലിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരിന്‍റെ ജനസംഖ്യാ നിയന്ത്രണ പദ്ധതികളോട് സഹകരിക്കാത്തവര്‍ക്ക് ഉയര്‍ന്ന നികുതി ഉള്‍പ്പെടെ ചുമത്തണമെന്നുമാണ് ആവശ്യം.

രണ്ടിൽ കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് നിയമപരമായി ലഭിക്കുന്ന അനുകുല്യങ്ങൾ നിഷേധിക്കണമെന്ന് ആവശ്യപ്പെട്ടു രാജ്യസഭയിൽ അവതരിപ്പിച്ച സ്വകാര്യ ബില്ല് ദുരൂഹത ഉണർത്തുന്നുവെന്ന് സീറോ മലബാർ സഭ പ്രോലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറി സാബു ജോസ് പ്രതികരിച്ചു. തങ്ങളുടെ ആഗ്രഹത്തിനും സാഹചര്യങ്ങൾക്കും അനുസരിച്ചു കുഞ്ഞുങ്ങളെ സ്വീകരിക്കുവാൻ മാതാപിതക്കൾക്കു സാധിക്കണം. ഏറെ വിഷമങ്ങളും ത്യാഗങ്ങളും സഹിച്ചാണ് ഈ കാലഘട്ടത്തിൽ കുഞ്ഞുങ്ങളെ വളർത്തുന്നത്. ദമ്പതികൾക്ക് കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്തുവാൻ നിര്‍ദേശിക്കുമ്പോൾ, നിയമവിരുദ്ധമായി ഒന്നിലധികം വിവാഹം നടത്തുവാനും വിവാഹേതര ബന്ധങ്ങൾ വര്‍ദ്ധിക്കുവാനും സാഹചര്യം ഉണ്ടാകും. ഇത്തരം നിർദേശങ്ങൾ കുടുംബങ്ങളുടെ അവകാശത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം പറഞ്ഞു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »