India - 2025

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിസംഗതയ്ക്ക്തിരെ മാർ തോമസ് തറയില്‍

പ്രവാചകശബ്ദം 10-02-2025 - Monday

ചങ്ങനാശേരി: കേരളത്തിലെ പൊതുസമൂഹവും ക്രൈസ്‌തവ സമുദായവും കാലങ്ങളായി അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങളിൽ നിസംഗത പുലർത്തുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയവൈകല്യങ്ങളെ ചോദ്യം ചെയ്‌ത്‌ ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലിന്റെ സർക്കുലർ. 15ന് കത്തോലിക്ക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കുട്ടനാട് മങ്കൊമ്പിൽനിന്നും ചങ്ങനാശേരി എസ്‌ബി കോളജിലേക്ക് നടത്തപ്പെടുന്ന കർഷകരക്ഷാ നസ്രാണി മുന്നേറ്റം എന്ന അവകാശ സംരക്ഷണ റാലിയോടും മഹാസമ്മേളനത്തോടും അനുബന്ധിച്ചാണ് സർക്കുലർ പുറത്തിറക്കിയത്.

ഇന്നലെ ചങ്ങനാശേരി അതിരൂപതയിലെ എല്ലാ പള്ളികളിലും സർക്കുലർ വായിച്ചു. കുട്ടനാട്ടിലെയും ഇതര പ്രദേശങ്ങളിലെയും കർഷകർ അനുഭവിക്കുന്ന പ്രതിസന്ധികൾ, തൊഴിൽ, വിദ്യാഭ്യാസം, വിശ്വാസം എന്നിവയിൽ തുടർച്ചയായുള്ള ന്യൂനപക്ഷാവകാശ ധ്വംസനങ്ങൾ, ന്യൂനപക്ഷങ്ങൾക്കിടയിലെ വേർതിരിവുകൾ, എയ്‌ഡഡ് വി ദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങൾ എന്നീ വിഷയങ്ങളാണ് സർക്കുലറിൽ ചുണ്ടിക്കാണിച്ചിരിക്കുന്നത്.

ദളിത് ക്രൈസ്ത‌വ സംവരണം നടപ്പിലാക്കുന്നതിലും അവർക്ക് പ്രത്യേക ക്ഷേമപദ്ധതികൾ അനുവദിക്കുന്നതിലുമുള്ള അനാസ്ഥ, ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുന്നതിൽ കാണിക്കുന്ന ഗുരുതരമായ അലംഭാവം, വന - പരിസ്ഥിതി നിയമങ്ങൾ വന്യമൃഗ ആക്രമണങ്ങൾ എന്നിവമൂലം മലയോര ജനത അനുഭവിക്കുന്ന ദുരിതങ്ങൾ എന്നിങ്ങനെ സർക്കാരുകൾക്ക് പരിഹരിക്കാൻ സാധിക്കുന്ന ജനകീയ പ്രശ്‌നങ്ങളിൽ നിലപാടുകളോ നടപടികളോ സ്വീകരിക്കുന്നില്ല. വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ കുഴൽക്കണ്ണാടിയിലൂടെ മാത്രം ഇത്തരം വിഷയങ്ങൾ വിലയിരുത്തി അവഗണനാപൂർവമായ സമീപനം സ്വീകരിക്കുന്നതായി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ സർക്കുലറിലൂടെ വ്യക്തമാക്കി.


Related Articles »