Life In Christ - 2025
116ാമത് ജന്മദിനമാഘോഷിച്ച് 'കര്‍ത്താവിന്റെ ഏറ്റവും പ്രായമേറിയ മണവാട്ടി'
സ്വന്തം ലേഖകന്‍ 15-02-2020 - Saturday
ടൌലോണ്‍: ലോകത്തെ ഏറ്റവും പ്രായം കൂടിയ കന്യാസ്ത്രീ എന്ന പദവിയ്ക്കു അര്‍ഹയായ ‘ഡോട്ടേഴ്സ് ഓഫ് ചാരിറ്റി സഭാംഗവും’ ഫ്രഞ്ച് സ്വദേശിനിയുമായ സിസ്റ്റര്‍ ആന്‍ഡ്രെ റാന്‍ഡണ്‍ തന്റെ നൂറ്റിപതിനാറാമത് ജന്മദിനമാഘോഷിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരി 11ന് ഫ്രാന്‍സിലെ ടൌലോണിലുള്ള സെന്റ് കാതറിന്‍ റിട്ടയര്‍മെന്റ് ഹോമില്‍ വെച്ച് തന്റെ കുടുംബാംഗങ്ങളുടേയും, സുഹൃത്തുക്കളുടെയും നിറഞ്ഞ സാന്നിദ്ധ്യത്തിലായിരുന്നു ജന്മദിനാഘോഷം. യൂറോപ്പിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയും ലോകത്തെ രണ്ടാമത്തെ പ്രായം കൂടിയ വ്യക്തിയുമാണ് സിസ്റ്റര്‍ ആന്‍ഡ്രെ റാന്‍ഡണ്‍. 117കാരിയായ ജാപ്പനീസ് വനിതാ കാനെ തനാക മാത്രമാണ് പ്രായത്തിന്റെ കാര്യത്തില്‍ സിസ്റ്റര്‍ റാന്‍ഡന്റെ മുന്നിലുള്ളത്.
1904 ഫെബ്രുവരി 11നാണ് ലുസിലെ റാന്‍ഡണ്‍ എന്ന സിസ്റ്റര്‍ ആന്‍ഡ്രെ റാന്‍ഡണ്‍ ജനിച്ചത്. തന്റെ പത്തൊന്‍പതാമത്തെ വയസ്സില്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ച സിസ്റ്റര്‍ ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ ഒരു ഫ്രഞ്ച് ആശുപത്രിയില്‍ പ്രായമായവരേയും, അനാഥരേയും ശുശ്രൂഷിക്കുവാനുള്ള ദൗത്യം ഏറ്റെടുത്തു. 15 വര്‍ഷങ്ങള്‍ക്ക് ശേഷം നാല്പതാം വയസ്സിലാണ് സിസ്റ്റര്‍ ഡോട്ടേഴ്സ് ഓഫ് ചാരിറ്റി സഭയില്‍ ചേരുന്നത്. വൈകിയാണ് മഠത്തില്‍ ചേര്‍ന്നതെങ്കിലും ക്രിസ്തുവിന്റെ മണവാട്ടിയായി നീണ്ട 76 വര്‍ഷങ്ങളാണ് സിസ്റ്റര്‍ റാന്‍ഡണ്‍ ചിലവഴിച്ചത്. 2009-ല്‍ പ്രായത്തിന്റെ അവശതകള്‍ പരിഗണിച്ചു സെന്റ് കാതറിന്‍ റിട്ടയര്‍മെന്റ് ഹോമിലേക്ക് മാറി.
കാഴ്ചശക്തി നഷ്ടപ്പെട്ട് വീല്‍ ചെയറിലാണെങ്കിലും സിസ്റ്റര്‍ റാന്‍ഡണ്‍ തന്റെ നര്‍മ്മബോധം കൈവിട്ടിട്ടില്ല. നല്ലവനായ ദൈവം ഒട്ടും വൈകില്ലെന്നും, തന്നെ കൂടുതല്‍ കാത്തിരിക്കാനനുവദിക്കില്ലെന്നും പ്രതീക്ഷിക്കുന്നുവെന്നും സിസ്റ്റര്‍ തന്റെ ജന്മദിനത്തില്‍ പറഞ്ഞു. തന്റെ സന്തോഷത്തിന്റേയും നീണ്ട ആരോഗ്യത്തിന്റേയും രഹസ്യമായി സിസ്റ്റര്‍ റാന്‍ഡണ്‍ ചൂണ്ടിക്കാട്ടിയത് അനുദിനമുള്ള പ്രാര്‍ത്ഥനയും ഒരു കപ്പ് ചോക്ലേറ്റുമായിരുന്നു. പ്രാര്‍ത്ഥിക്കുവാന്‍ കഴിയുന്നതാണ് ഓരോ ദിവസത്തെയും തന്റെ സന്തോഷമെന്നും സിസ്റ്റര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം സിസ്റ്റര്‍ റാന്‍ഡന്റെ 115-മത് ജന്മദിനത്തില്‍ ഫ്രാന്‍സിസ് പാപ്പ ജന്മദിനാശംസകള്‍ നേര്‍ന്ന് ജപമാലയോടൊപ്പം കത്തയച്ചിരുന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക