News - 2025
ബംഗ്ലാദേശി അഭയാര്‍ത്ഥി ക്യാമ്പില്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം: തട്ടിക്കൊണ്ടുപോകല്‍
സ്വന്തം ലേഖകന്‍ 16-02-2020 - Sunday
ധാക്ക: ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നും റോഹിംഗ്യന്‍ പാസ്റ്ററേയും, അദ്ദേഹത്തിന്റെ പതിനാലുകാരിയായ മകളേയും തട്ടിക്കൊണ്ടുപോയി. ഇക്കഴിഞ്ഞ ജനുവരി അവസാന വാരത്തിലാണ് പാസ്റ്റര്‍ ടാഹെറേയും, മകളേയും കോക്സ് ബസാറിലെ കുടുപാലോങ് ക്യാമ്പ് നമ്പര്‍ 2-ല്‍ നിന്നും കാണാതാകുന്നത്. തലേദിവസം രാത്രിയില്‍ ഇതേ ക്യാമ്പില്‍ അതിക്രമിച്ച് കയറിയ അക്രമികള്‍ ഇരുപത്തിരണ്ടോളം ക്രിസ്ത്യന്‍ കുടുംബങ്ങളെ ആക്രമിച്ചിരിന്നു. ഇവരെ മര്‍ദ്ദിച്ച ശേഷം വീടുകള്‍ തകര്‍ത്ത അക്രമികള്‍ കയ്യില്‍ കിട്ടിയതെല്ലാം എടുത്തുകൊണ്ട് കടന്നുകളയുകയായിരുന്നു. പരിക്കേറ്റ പന്ത്രണ്ടോളം റോഹിംഗ്യന്‍ ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു താല്‍ക്കാലിക ക്രിസ്ത്യന്‍ ദേവാലയവും, സ്കൂളും തകര്‍ക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു.
ആക്രമണത്തിനിരയായ കുടുംബാംഗങ്ങളെ ഐക്യരാഷ്ട്രസഭയുടെ ട്രാന്‍സിറ്റ് കേന്ദ്രത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. അക്രമത്തിനു ഉത്തരവാദികളായ അറുപതോളം പേര്‍ക്കെതിരെ യുഎന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. റോഹിംഗ്യന്‍ ഗോത്രത്തില്‍ പെട്ട സായുധ പോരാളി സംഘടനയായ ‘അറാകാന്‍ റോഹിംഗ്യന്‍ സാല്‍വേഷന്‍ ആര്‍മി’യില്‍ (എ.ആര്‍.എസ്.എ) പെട്ടവരാണ് ആക്രമണത്തിന്റെ പിന്നിലെന്ന് ‘ബെനാര്‍ ന്യൂസ് ഏജന്‍സി’യുടേയും, ‘റേഡിയോ ഏഷ്യ’യുടേയും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്നാല്‍ റോഹിംഗ്യക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള തങ്ങളുടെ പോരാട്ടത്തിന്റെ വിശ്വാസ്യതയാണ് ഇത് തകര്‍ക്കുന്നതെന്ന് പറഞ്ഞുകൊണ്ട് ഒരു എ.ആര്‍.എസ്.എ പ്രതിനിധി ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്.
തന്റെ ഭര്‍ത്താവ് കൊല്ലപ്പെട്ടിരിക്കുമോ എന്ന ആശങ്കയിലാണ് പാസ്റ്ററിന്റെ ഭാര്യ റോഷിദ. ആര്‍ക്കും കൃത്യമായ ഒരു വിവരവും നല്‍കുവാന്‍ കഴിയുന്നില്ലെന്നും അവര്‍ പറഞ്ഞു. തന്റെ മകളെ നിര്‍ബന്ധപൂര്‍വ്വം ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്ത് വിവാഹം കഴിപ്പിച്ചതായി തന്റെ ബന്ധുക്കള്‍ തന്നോടു പറഞ്ഞുവെന്ന് ഒരു മനുഷ്യാവകാശ സംഘടനയോട് അവര്‍ വെളിപ്പെടുത്തുകയുണ്ടായി. ക്രൈസ്തവര്‍ക്ക് നേരെ ആക്രമണമായല്ല മറിച്ച് ഒരു സാധാരണ സംഭവമായാണ് ബംഗ്ലാദേശ് പോലീസ് ഈ അക്രമത്തെ കാണുന്നതെന്നും, പാസ്റ്ററേയും മകളേയും കണ്ടെത്തുവാന്‍ പോലീസ് കാര്യമായൊന്നും ചെയ്യുന്നില്ലെന്നും, ക്യാമ്പ് അധികാരികള്‍ തങ്ങളുടെ അന്വേഷണങ്ങളെ അവഗണിക്കുകയാണെന്നുമാണ് ആക്രമണത്തിനിരയായവരുടെ പരാതി.
അക്രമത്തിനിരയായവര്‍ക്ക് സംരക്ഷണം വേണമെന്നുണ്ടെങ്കില്‍ ചന്ദ്രനിലേക്ക് പോകണമെന്ന് കോക്സ് ബസാറിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായും വെളിപ്പെടുത്തലുണ്ട്. 2017-ലെ മ്യാന്മര്‍ സൈന്യത്തിന്റെ വംശഹത്യയെ തുടര്‍ന്ന്‍ ബംഗ്ലാദേശിലേക്ക് കുടിയേറിയ 7 ലക്ഷത്തോളം മുസ്ലീം റോഹിംഗ്യക്കാര്‍ക്കിടയില്‍ ഏതാണ്ട് ആയിരത്തിഅഞ്ഞൂറോളം ക്രിസ്ത്യന്‍ റോഹിംഗ്യരും ഉള്‍പ്പെടുന്നു. ഇതിനു മുന്‍പും ബംഗ്ലാദേശിലെ റോഹിംഗ്യന്‍ ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഭീഷണികളും ആക്രമണങ്ങളും നേരിടേണ്ടതായി വന്നിട്ടുണ്ട്. ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ക്ക് സംരക്ഷണം നല്‍കണമെന്നും, കാണാതായ പാസ്റ്ററേയും മകളേയും ഒട്ടും വൈകാതെ തന്നെ കണ്ടെത്തണമെന്നുമുള്ള ആവശ്യം അഭയാര്‍ത്ഥികള്‍ക്കിടയില്‍ ശക്തമായിരിക്കുകയാണ്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക