India - 2025
വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്നു ലത്തീന്‍ സഭ
22-02-2020 - Saturday
കൊച്ചി: കേരളത്തിലെ വിദ്യാഭ്യാസവളര്‍ച്ചയ്ക്ക് അടിത്തറ പാകിയ എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്നു ലത്തീന്‍സഭ. കെആര്‍എല്‍സിബിസി വിദ്യാഭ്യാസകമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശേരിയുടെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. എയ്ഡഡ് മേഖലയുമായി ബന്ധപ്പെട്ടു ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവനകളും കണക്കുകളും വിവേചനപരവും വസ്തുതാവിരുദ്ധവുമാണെന്ന് യോഗം വിലയിരുത്തി.
വിദ്യാര്‍ത്ഥി അധ്യാപക അനുപാതം, സംരക്ഷിത അധ്യാപകരുടെ എണ്ണം എന്നിവ സംബന്ധിച്ചുള്ള പ്രസ്താവന സര്‍ക്കാര്‍ സംവിധാനങ്ങളുടെ വിശ്വാസ്യതയെത്തന്നെയാണ് ചോദ്യം ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാര്‍ നിലപാടുകളോടുള്ള വിമര്‍ശനങ്ങളോടു മുഖ്യമന്ത്രിയുടെ പ്രകോപനപരമായ നിലപാടിലും യോഗം കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി.വസ്തുതാവിരുദ്ധമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കി എയ്ഡഡ് മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. സ്വകാര്യമേഖലയെ ഒഴിവാക്കി കേരളത്തിന്റെ വിദ്യാഭ്യാസവളര്‍ച്ചയെക്കുറിച്ച് ചിന്തിക്കുന്നത് മൗഢ്യമാണെന്നും യോഗം ചൂണ്ടിക്കാട്ടി. 12 ലത്തീന്‍ രൂപതകളില്‍നിന്നുള്ള വിദ്യാഭ്യാസ ഡയറക്ടര്‍മാരും കോര്‍പറേറ്റ് മാനേജര്‍മാരും വിദ്യാഭ്യാസമേഖലയിലെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. കമ്മീഷന്‍ സെക്രട്ടറി ഫാ. ചാള്‍സ് ലിയോണ്‍ സമകാലിക സാഹചര്യങ്ങളും സര്‍ക്കാര്‍ നിലപാടുകളും വിശദീകരിച്ചു.
എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ച സര്‍ക്കാര്‍ നിലപാടിനെതിരേയുള്ള പ്രമേയം പാസാക്കി. തുടര്‍ നടപടികള്‍ക്കായി 12 അംഗ ഉപസമിതിയെ യോഗം നിയോഗിച്ചു. കൊല്ലം രൂപത വിദ്യാഭ്യാസ സെക്രട്ടറി ഫാ. ബിനു തോമസാണ് ഉപസമിതിയുടെ കണ്‍വീനര്‍. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍, യുവജന കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍ സണ്ണി, തോമസ് കെ. സ്റ്റീഫന്‍, ജെസി ജയിംസ് എന്നിവര്‍ പ്രസംഗിച്ചു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
![](/images/close.png)