News - 2025
കൊറോണ: ഉത്തര ഇറ്റലിയിലും ദേവാലയ ശുശ്രൂഷകള്‍ റദ്ദാക്കി
സ്വന്തം ലേഖകന്‍ 25-02-2020 - Tuesday
മിലാന്‍: കൊറോണ വൈറസ് അതീവ ഗുരുതരമായ വിധത്തില്‍ പടരുന്ന സാഹചര്യത്തില്‍ ഉത്തര ഇറ്റലിയിലെ ഏതാനും രൂപതകൾ വിശുദ്ധ കുർബാനയും മറ്റ് കൂദാശ ശുശ്രൂഷകളും ഒരാഴ്ചത്തേക്ക് റദ്ദാക്കി. കഴിഞ്ഞയാഴ്ച ഉത്തര ഇറ്റലിയിലെ ഏതാനും സ്ഥലങ്ങളിൽ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. വൈറസ് നിയന്ത്രണ വിധേയമാകുന്നതുവരെ കൈകളിൽ മാത്രം വിശുദ്ധ കുർബാന സ്വീകരിക്കണമെന്നു ഏതാനും രൂപതകൾ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ലോമ്പാർഡി, വെനീറ്റ നഗരങ്ങളുടെ മേൽ കടുത്ത നിയന്ത്രണങ്ങൾ ഇറ്റാലിയൻ സർക്കാർ ചുമത്തി കഴിഞ്ഞു.
ഫെബ്രുവരി 23നു വൈകുന്നേരം മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിശുദ്ധ കുർബാന അർപ്പണം ഉണ്ടാകില്ലായെന്ന് മിലാൻ അതിരൂപത പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി മിലാൻ കത്തീഡ്രലിലേക്കുളള സന്ദർശകരുടെ പ്രവേശനാനുമതിയും നിരോധിച്ചിരിക്കുകയാണ്. വെനീസ് പാത്രിയാർക്കീസായ ആർച്ച് ബിഷപ്പ് ഫ്രാൻസിസ്കോ മോറഗ്ലിയ ആരാധനകൾക്കും, മാമോദീസയ്ക്കും, കുരിശിന്റെ വഴിയ്ക്കുമുൾപ്പെടെ മാർച്ച് ഒന്നാം തീയതി വരെ നിയന്ത്രണമേർപ്പെടുത്തി. ടൂറിൻ രൂപതയിലും മറ്റു ചില രൂപതകളിലും സമാനമായ നിയന്ത്രണമുണ്ട്. പാദുവയിൽ വിശുദ്ധ അന്തോണിസിന്റെ ബസിലിക്ക പ്രാർത്ഥനയ്ക്കായി തുറന്ന് കിടക്കുമെങ്കിലും, കുർബാന അർപ്പണത്തിനും, മറ്റ് പരിപാടികൾക്കും നിയന്ത്രണമുണ്ട്.
ബസിലിക്കയുടെ മ്യൂസിയം മാർച്ച് ഒന്നാം തീയതി വരെ അടച്ചിട്ടിരിക്കുകയാണ്. കൊറോണ പകർച്ചവ്യാധിയിൽ ദുരിതമനുഭവിക്കുന്നവരെയും, അവരുടെ പ്രിയപ്പെട്ടവരെയും വിശുദ്ധ അന്തോണീസിന്റെ മാധ്യസ്ഥത്തിനായി സമർപ്പിക്കുകയാണെന്ന് ബസിലിക്കയുടെ ചുമതലയുള്ള ഫ്രാൻസിസ്കൻ സന്യാസികൾ പ്രഖ്യാപിച്ചു. തിങ്കളാഴ്ച വരെയുള്ള കണക്കെടുത്തു നോക്കുമ്പോൾ ഇറ്റലിയിൽ ഏകദേശം 219 ആളുകളിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ചൈനയുടെ ഹെനാൻ പ്രവിശ്യയിൽ പിറവിയെടുത്ത പകർച്ചവ്യാധിയാണ് കൊറോണ വൈറസ്. ന്യൂമോണിയ, കിഡ്നി തകരാർ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് കൊറോണ വൈറസ് ബാധ കാരണമായേക്കാം. കൊറോണ വൈറസ് മൂലം ചൈനയിൽ ഇതുവരെ 2442 പേരാണ് മരിച്ചത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക