News - 2024

മെത്രാനോടോ അജപാലനമേഖലയിലോ ഉണ്ടാകുന്ന ഇഷ്ടകേടാണ് ദൈവവിളി നശിപ്പിക്കുന്നത്: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 29-02-2020 - Saturday

വത്തിക്കാന്‍ സിറ്റി: രൂപതാധ്യക്ഷനായ മെത്രാനോടോ അജപാലന മേഖലയില്‍ ചിലരോടോ ഉണ്ടാകുന്ന ഇഷ്ടകേട് അല്ലെങ്കില്‍ വിദ്വേഷമാണ് ദൈവവിളിയെ നശിപ്പിക്കുന്ന ഇത്തിള്‍ക്കണ്ണിയെന്ന് ഫ്രാന്‍സിസ് പാപ്പ. ഫെബ്രുവരി 27 വ്യാഴാഴ്ച റോമാരൂപതയുടെ ഭദ്രാസനദേവാലയമായ സെന്‍റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍വച്ച് നടത്തപ്പെട്ട വൈദികരുടെ അനുതാപ ശുശ്രൂഷയില്‍ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. ഒരു മെത്രാനും വൈദികനുമെന്ന നിലയില്‍ വ്യക്തി ജീവിതത്തില്‍ വൈദികരുമായി ഇടപെഴകിയിട്ടുള്ള അനുഭവത്തിന്‍റെ വെളിച്ചത്തിലാണ് വിശ്വാസ ജീവിതത്തില്‍ വൈദികന് മെത്രാനുമായും അജപാലനമേഖലയില്‍ ചിലരോടുമുള്ള വ്യക്തിബന്ധത്തിന്‍റെ മേഖലയെക്കുറിച്ചും പരാമര്‍ശിക്കുന്നതെന്ന് പാപ്പ വ്യക്തമാക്കി.

ക്രിസ്താനുകരണത്തില്‍ മൗലികമായ പ്രാര്‍ത്ഥനയുടെ ജീവിതം ഇല്ലാതാകുമ്പോള്‍ പ്രത്യാശയും പ്രതീക്ഷയും വൈദികന് വിവേചിച്ചറിയാന്‍ സാധിക്കാതെ പോകും. അങ്ങനെ വൈദികന്‍റെ ജീവിതത്തില്‍ അജപാലനപരമായ നൈരാശ്യമുണ്ടാകുന്നു. ഇത് ദൈവവിളിയെ തകര്‍ക്കുന്ന അപകടകരമായ ഇത്തിക്കണ്ണിയാണ്. നമ്മുടെയും ജനത്തിന്‍റെയും കാര്യങ്ങള്‍ നടക്കാതാകുമ്പോഴും വിശ്വാസ ജീവിതത്തില്‍ പ്രതിഷേധത്തിനും, നിരാശയ്ക്കും സ്ഥാനമില്ല. കാരണം പ്രാര്‍ത്ഥനയിലും ആത്മീയജീവിത്തിലും പ്രതിഷേധമില്ലെന്നും, നാം ദൈവത്തോടോ, അധികാരികളോടോ പ്രതിഷേധിക്കരുതെന്നും പാപ്പ വൈദികരെ ഉദ്ബോധിപ്പിച്ചു.

പ്രതിഷേധ മനോഭാവം ഉള്ളില്‍വച്ചു നടക്കുമ്പോഴാണ് വ്യക്തി ബന്ധങ്ങള്‍ നിഷേധിക്കുകയും, അധികാരികളില്‍നിന്നും, സഹോദര വൈദികരില്‍നിന്നും അകന്നു ജീവിക്കുകയും, ജീവിതത്തില്‍ നിന്ന്‍ തെന്നി മാറുകയും ചെയ്യുന്നത്. പ്രാര്‍ത്ഥിക്കേണ്ടവന്‍ ദൈവത്തോടു നിസംഗത നടിക്കുകയോ, അകന്നുജീവിക്കുകയോ അല്ല ചെയ്യേണ്ടത്. നമ്മുടെ ആവശ്യങ്ങള്‍ ദൈവത്തോട് എളിമയോടെ പ്രാര്‍ത്ഥനയില്‍ അറിയിക്കാന്‍ നാം ബാദ്ധ്യസ്ഥരാണ്. ഗലീലി കടലിലെ കോളിളക്കത്തില്‍ ശിഷ്യന്മാര്‍ ക്രിസ്തുവിനോടു നടത്തിയ യാചന പാപ്പാ ചൂണ്ടിക്കാട്ടി.

അവര്‍ പ്രതിഷേധിച്ചില്ല, മറിച്ച് പരാതിപ്പെട്ടു. യേശുവേ, ഞങ്ങള്‍ നശിക്കുന്നത് അങ്ങു കാണുന്നില്ലേ! (മര്‍ക്കോസ് 4, 35-45). ഇതുപോലെ ദൈവരാജ്യത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ശിഷ്യന്മാര്‍ നേരിട്ടു പങ്കുകാരാകണമെന്ന് അവിടുന്ന് ആഗ്രഹിച്ചു. ക്രിസ്തുശിഷ്യന്മാര്‍ കാണികളാവുകയല്ല, സജീവ പങ്കാളികളാവുകയാണു വേണ്ടത്. കാണികളായി മാറിനിന്നാല്‍ പിറുപിറുക്കാനും വിമര്‍ശിക്കാനും ഏറെ സാദ്ധ്യകളുണ്ടെന്നും, മെത്രാനോടും രൂപതയോടും വൈദികര്‍ അകന്നുപോകുമെന്നും പാപ്പാ വ്യക്തമാക്കി. മെത്രാനെ ഒഴിവാക്കുന്ന അവസ്ഥ അപകടകരമാണ്. വ്യക്തിയുടെ ഭിന്നിപ്പ് ഭരണകാര്യങ്ങളിലോ അല്ലെങ്കില്‍ അജപാലന ശൈലിയിലോ അല്ല.

എന്തിന്‍റെയും കേന്ദ്രസ്ഥാനത്ത് ക്രിസ്തു ഉണ്ടാകണം. ക്രിസ്തു ഇല്ലെങ്കില്‍ നാം അധികാര ഭ്രമം പ്രാപിക്കുകയും എന്തും മറ്റുള്ളവരുടെമേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന അവസ്ഥയിലേയ്ക്കു നീങ്ങുമെന്നും പാപ്പ ഉദ്ബോധിപ്പിച്ചു. നേരത്തെ ശാരീരികാസ്വാസ്ഥ്യംമൂലം ശുശ്രൂഷയില്‍ പാപ്പായ്ക്ക് പങ്കെടുക്കുവാന്‍ സാധിക്കാതെ വന്നതിനാല്‍ രൂപതയുടെ വികാരി ജനറലും, സാന്‍ ജോണ്‍ ബസിലിക്കയുടെ ശ്രേഷ്ഠപുരോഹിതനുമായ കര്‍ദ്ദിനാള്‍ ആഞ്ചലോ ദി ദൊനാത്തിസ് പാപ്പയുടെ പ്രഭാഷണം ശുശ്രൂഷയ്ക്കിടെ വായിക്കുകയാണുണ്ടായത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക      


Related Articles »