India - 2020

ക്രിസ്തു പ്രാവര്‍ത്തികമാക്കിയ ശുശ്രൂഷാശൈലി തുടര്‍ന്ന പിതാവാണ് മാര്‍ മാത്യു അറയ്ക്കലെന്നു മുഖ്യമന്ത്രി

02-03-2020 - Monday

കാഞ്ഞിരപ്പള്ളി: ക്രിസ്തു പ്രാവര്‍ത്തികമാക്കിയ ശുശ്രൂഷാശൈലി സുവിശേഷത്തിന്റെ ചൈതന്യത്തില്‍ നിര്‍വഹിച്ച സാമൂഹ്യ പ്രവര്‍ത്തകനും ആത്മീയ പിതാവുമാണ് മാര്‍ മാത്യു അറയ്ക്കലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ആത്മീയ നേതൃസേവനത്തിനൊപ്പം സമൂഹത്തിന്റെ സമസ്ത മേഖലകളുടെയും പുരോഗതിക്കും എല്ലാ സമുദായങ്ങളുടെയും ഉന്നതിക്കും വേണ്ടി വൈവിധ്യമാര്‍ന്ന സംരംഭങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയ മാര്‍ അറയ്ക്കല്‍ ബഹുമുഖ പ്രതിഭയാണെന്നും അദ്ദേഹം പറഞ്ഞു.

ആദിവാസികളെയും സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും കരുതലോടെ കൈപിടിച്ചുയര്‍ത്തിയ മനുഷ്യസ്‌നേഹിയാണ് പിതാവ്. തുടക്കംകുറിച്ച എല്ലാ സംരംഭങ്ങളിലും അദ്ഭുതാവഹവും അതിശയകരവുമായ വിജയം സമ്മാനിച്ച ഈ പുരോഹിത ശ്രേഷ്ഠന്റെ സേവനങ്ങളെ നാടിനു മറക്കാനാവില്ല. പിണറായി പറഞ്ഞു. രൂപതാധ്യക്ഷ സ്ഥാനത്തുനിന്ന് വിരമിച്ച മാര്‍ മാത്യു അറയ്ക്കലിന് ഇന്നലെ കാഞ്ഞിരപ്പള്ളി കൂവപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജ് അങ്കണത്തില്‍ നല്‍കിയ ജനകീയ സ്‌നേഹാദരവില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജാതിമത ഭേദമെന്യേ എല്ലാവരെയും സമഭാവനയോടെ കാണുന്ന അറയ്ക്കല്‍ പിതാവ് ജനസമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് അവരെ കൈപിടിച്ചുയര്‍ത്തിയതായി കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍. അമ്പൂരിയിലും പീരുമേട്ടിലും തുടര്‍ന്ന് കാഞ്ഞിരപ്പള്ളി രൂപതമുഴുവനിലും വികസനത്തിന്റെ അത്ഭുതങ്ങള്‍ കാഴ്ചവച്ച അറയ്ക്കല്‍ പിതാവ് തൊട്ടതെല്ലാം പൊന്നാക്കിയതായി മാര്‍ പുളിക്കല്‍ അധ്യക്ഷപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ വിദ്യാഭ്യാസ, കാര്‍ഷിക, സാംസ്‌കാരിക രംഗത്തു വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച മാര്‍ മാത്യു അറയ്ക്കല്‍ ഭാരതസഭയുടെ അഭിമാന സ്തംഭമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സുവിശേഷം ജീവിതത്തിലൂടെ പ്രഘോഷിച്ച മനുഷ്യസ്‌നേഹിയായ ആത്മീയ നേതാവാണ് മാര്‍ മാത്യു അറയ്ക്കലെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ. പത്മനാഭന്‍ പറഞ്ഞു. സാമൂഹിക പ്രവര്‍ത്തകനെന്ന നിലയില്‍ അറയ്ക്കലച്ചന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനും പൊതുസമൂഹത്തിനും മാതൃകയാണെന്ന് മുന്‍ കേന്ദ്ര പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍ അഭിപ്രായപ്പെട്ടു. അവഗണിക്കപ്പെട്ടവരെയും അശരണരെയും കൈപിടിച്ചുയര്‍ത്താന്‍ ഒരു പുരോഹിതന്‍ ഇത്രയേറെ സമര്‍പ്പിതനായി സമൂഹത്തിലേക്കിറങ്ങിച്ചെന്നതില്‍ താന്‍ അഭിമാനം കൊള്ളുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘാടക സമിതി കണ്‍വീനര്‍ ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍ സ്വാഗതവും ചെയര്‍മാന്‍ ഫാ. ജസ്റ്റിന്‍ പഴേപറന്പില്‍ കൃതജ്ഞതയും പറഞ്ഞു.

മാര്‍ മാത്യു അറയ്ക്കലിനെക്കുറിച്ച് കാഞ്ഞിരപ്പള്ളി രൂപത തയാറാക്കിയ സ്മരണിക മുഖ്യമന്ത്രി പിണറായി വിജയന്‍ ടി.കെ. അയ്യപ്പന്‍നായര്‍ക്കും അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജ് സ്മരണിക മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. സിറിയക് തോമസിനും കോപ്പി നല്‍കി പ്രകാശനംചെയ്തു. അമല്‍ജ്യോതി കോളജ് ഇരുപതാം വര്‍ഷ ലോഗോയുടെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. പൗരാവലിയുടെ ഉപഹാരം മുഖ്യമന്ത്രി മാര്‍ മാത്യു അറയ്ക്കലിന് സമ്മാനിച്ചു.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, എംപിമാര്‍, എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, സാംസ്‌കാരിക നായകര്‍ തുടങ്ങി ഒട്ടേറെ വിശിഷ്ട വ്യക്തികള്‍ വേദിയില്‍ സന്നിഹിതരായിരുന്നു. വിവിധ സമുദായങ്ങളെയും പ്രദേശങ്ങളെയും പ്രതിനിധീകരിച്ച് ആയിരക്കണക്കിനു ജനങ്ങള്‍ മാര്‍ മാത്യു അറയ്ക്കലിന് സ്‌നേഹാദരവുകളര്‍പ്പിച്ചു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »