India
മലയാറ്റൂര്‍ കുരിശുമുടി തീര്‍ത്ഥാടനത്തിനു ആരംഭം
02-03-2020 - Monday
മലയാറ്റൂര്‍: മലയാറ്റൂര്‍ മഹാ ഇടവകയിലെ വിശ്വാസികള്‍ വൈദികരുടെ നേതൃത്വത്തില്‍ മലകയറിയതോടെ ഈ വര്‍ഷത്തെ കുരിശുമുടി തീര്‍ത്ഥാടനത്തിനു തുടക്കമായി. രാവിലെ അടിവാരത്തെ മാര്‍ത്തോമാശ്ലീഹായുടെ കപ്പേളയില്‍ വിശ്വാസികള്‍ ഒരുമിച്ചു ചേര്‍ന്നു. മഹാഇടവകയിലെ വിമലഗിരി പള്ളി വികാരി ഫാ.തോമസ് മഴുവഞ്ചേരി പ്രാരംഭ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് സെബിയൂര്‍ പള്ളി വികാരി ഫാ. അരുണ്‍ വലിയവീട്ടില്‍, ഇല്ലിത്തോട് പള്ളി വികാരി ഫാ. ചാക്കോ കിലുക്കന്‍ എന്നിവരുടെ നേതൃത്വത്തില്‍ മലകയറ്റം ആരംഭിച്ചു.
റോജി എം.ജോണ്‍ എംഎല്‍എയും ഇവര്‍ക്കൊപ്പം മലകയറി. കുരിശുമുടിയിലും സെന്റ് തോമസ് പള്ളി (താഴത്തെ പള്ളി)യിലും കുമ്പസാരത്തിനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ മാസം എട്ടു മുതല്‍ താഴത്തെ പഴയദേവാലയം നിത്യാരാധന ചാപ്പലായി മാറ്റും. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ ഇവിടെ പ്രാര്‍ത്ഥിക്കാന്‍ വിശ്വാസികള്‍ക്ക് സൗകര്യമൊരുക്കുമെന്നു വികാരി ഫാ. വര്‍ഗീസ് മണവാളന്‍ അറിയിച്ചു.