News - 2024

മക്കളുടെ എണ്ണം പരിമിതപ്പെടുത്തിയുള്ള സര്‍ക്കാര്‍ ആനുകൂല്യ നയം ഉപേക്ഷിക്കണം: മെത്രാന്മാര്‍ യുകെ സര്‍ക്കാരിനോട്

സ്വന്തം ലേഖകന്‍ 02-03-2020 - Monday

ലെയിസെസ്റ്റര്‍: ചൈല്‍ഡ് ടാക്സ് ക്രഡിറ്റ്, യൂണിവേഴ്സല്‍ ക്രെഡിറ്റ് പോലെയുള്ള സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ കുടുംബങ്ങളിലെ ആദ്യത്തെ രണ്ടു കുട്ടികള്‍ക്കു മാത്രമാക്കി നിജപ്പെടുത്തുന്ന നയം ഉപേക്ഷിക്കണമെന്ന് ഇംഗ്ലണ്ടിലെ കത്തോലിക്ക മെത്രാന്മാര്‍ യുകെ സര്‍ക്കാരിനോടാവശ്യപ്പെട്ടു. പുതിയ ബജറ്റ് പ്രഖ്യാപിക്കുവാനിരിക്കെയാണ് മെത്രാന്മാരുടെ അഭ്യര്‍ത്ഥന. നയം കുട്ടികളുടെ ദാരിദ്ര്യത്തിനും, ഗര്‍ഭഛിദ്രത്തിന്റെ വര്‍ദ്ധനവിനും കാരണമാകുമെന്നു മെത്രാന്മാര്‍ ചൂണ്ടിക്കാട്ടി. 2017-ല്‍ യു.കെ ഗവണ്‍മെന്റ് അവതരിപ്പിച്ച ‘രണ്ടു കുട്ടി പരിധി’ നയപ്രകാരം മൂന്നോ അതില്‍ കൂടുതലോ കുട്ടികളുള്ള കുടുംബത്തിലെ ഓരോ കുട്ടിക്കും വര്‍ഷം തോറും ലഭിച്ചുകൊണ്ടിരുന്ന ഏതാണ്ട് 2780 പൗണ്ടിന്റെ ($3,500) ചൈല്‍ഡ് ടാക്സ് ക്രഡിറ്റും, യൂണിവേഴ്സല്‍ ക്രഡിറ്റും നഷ്ടമാകും.

ഇംഗ്ലണ്ട് ആന്‍ഡ്‌ വെയില്‍സ് കത്തോലിക്ക മെത്രാന്‍ സമിതിയുടെ സോഷ്യല്‍ ജസ്റ്റിസ് വിഭാഗം ചെയര്‍മാനായ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത്, യുകെ ആസ്ഥാനമായ കത്തോലിക്ക യൂണിയന്റെ ഡയറക്ടറായ നൈജേല്‍ പാര്‍ക്കര്‍ എന്നിവര്‍ രണ്ടു കുട്ടികള്‍ നയവുമായി ബന്ധപ്പെട്ട തങ്ങളുടെ ആശങ്കകള്‍ അറിയിച്ചുകൊണ്ട് പുതുതായി നിയമിതനായ ചാന്‍സിലര്‍ റിഷി സുനാകിന് ഫെബ്രുവരി 24ന് കത്തയച്ചിരുന്നു. നികുതി ഇളവുകള്‍ വഴി കുട്ടികളുടെ ദാരിദ്ര്യം ഇല്ലാതാക്കുമെന്ന് ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കഴിഞ്ഞ വര്‍ഷം നടത്തിയ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗതടസ്സമാണ് സര്‍ക്കാര്‍ നയമെന്ന് കത്തില്‍ സൂചിപ്പിക്കുന്നു. കൂടാതെ ഓരോ കുട്ടിക്കും തുല്യ പ്രാധാന്യമാണുള്ളതെന്നും കുട്ടികളുടെ മാനുഷികാന്തസ്സ് കാത്തുസൂക്ഷിക്കണമെന്നും കത്തില്‍ പറയുന്നുണ്ട്.

ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് പാര്‍ലമെന്റിലെ എഴുപത്തിയെട്ടോളം ലേബര്‍ പാര്‍ട്ടി അംഗങ്ങളും, ഇരുപത്തിമൂന്ന് സര്‍വ്വകലാശാല അധ്യാപകരും റിഷി സുനാകിന് കത്തയച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ ആംഗ്ലിക്കന്‍ സഭയുടെ ചൈല്‍ഡ് പോവര്‍ട്ടി ആക്ഷന്‍ ഗ്രൂപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ടനുസരിച്ച് ഏതാണ്ട് 1,60,000-ത്തോളം കുടുംബങ്ങള്‍ ഈ നയം കൊണ്ട് ക്ലേശമനുഭവിക്കുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും മൂന്ന്‍ കുട്ടികള്‍ ഉള്ള കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. 2023-2024 ആകുമ്പോഴേക്കും രണ്ടുകുട്ടികള്‍ നയം മൂന്നു ലക്ഷത്തോളം കുട്ടികളെ ദാരിദ്ര്യത്തിലേക്കും, ഇപ്പോള്‍ ദാരിദ്യത്തില്‍ കഴിയുന്ന പത്തു ലക്ഷത്തോളം കുട്ടികളെ കഠിനമായ ദാരിദ്യത്തിലേക്കും തള്ളിവിടുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ജീവിതത്തിലെ അടിസ്ഥാന ചിലവുകള്‍ പോലും വഹിക്കുവാന്‍ തങ്ങള്‍ക്ക് കഴിയുന്നില്ലെന്ന് സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 95 ശതമാനവും അറിയിച്ചു. മാര്‍ച്ച് 11നാണ് പുതിയ ബജറ്റിന്റെ പ്രഖ്യാപനം.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »