News - 2025

ഭീഷണി: ബുർക്കിനാ ഫാസോയിൽ നിന്നും ക്രൈസ്തവർ കൂട്ടത്തോടെ പലായനം ചെയ്യുന്നു

സ്വന്തം ലേഖകന്‍ 05-03-2020 - Thursday

ഔഗഡോഗോ: ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ആഫ്രിക്കൻ രാജ്യമായ ബുർക്കിനാ ഫാസോയിൽ നിന്നും നൂറുകണക്കിനു ക്രൈസ്തവര്‍ പലായനം ചെയ്യുന്നു. പ്രതിദിനം ആക്രമണങ്ങൾ വർദ്ധിച്ചു വരുന്നതിനാൽ ഭവനവും മറ്റു സമ്പാദ്യങ്ങളും ഉപേക്ഷിച്ചാണ് ക്രൈസ്തവർ രാജ്യത്ത് നിന്ന് പലായനം ചെയ്യുന്നതെന്ന് കാത്തലിക് റിലീഫ് സർവീസസ് എന്ന ക്രൈസ്തവ സന്നദ്ധ സംഘടനയുടെ വെസ്റ്റ് ആഫ്രിക്ക റീജണൽ ഡയറക്ടറായ ജെനീഫർ ഓവർട്ടൺ വെളിപ്പെടുത്തി. ദരിദ്രരായ സമൂഹമാണ് ബുർക്കിനാ ഫാസോയിൽ ജീവിക്കുന്നതെന്നും, അക്രമ സംഭവങ്ങൾ ഇല്ലാതെ തന്നെ ഭക്ഷണത്തിനും മറ്റ് അവശ്യ സാധനങ്ങൾക്കും ജനങ്ങള്‍ പ്രതിസന്ധി നേരിടുകയാണെന്നും ജെനീഫർ വ്യക്തമാക്കി.

അധ്യാപകര്‍ രാജ്യം വിട്ട് പോയതിനാൽ നിരവധി വിദ്യാലയങ്ങൾ അടച്ചിടേണ്ടതായി വന്നിട്ടുണ്ട്. അഭയാർത്ഥികൾക്ക് വേണ്ടിയുള്ള ഐക്യരാഷ്ട്ര സഭയുടെ ഹൈക്കമ്മീഷണർ ഫെബ്രുവരി 21നു പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ആഫ്രിക്കൻ രാജ്യങ്ങളായ ബുർക്കിനാ ഫാസോയും, നൈജറും, മാലിയും വലിയ സുരക്ഷ ഭീഷണിയാണ് നേരിടുന്നത്. 2019ന് ശേഷം നാലായിരത്തോളം ആളുകളാണ് പ്രസ്തുത രാജ്യങ്ങളിൽ കൊല്ലപ്പെട്ടത്. ദിനംപ്രതി നാലായിരം ആളുകൾ ബുർക്കിനാ ഫാസോയിൽ നിന്നു മാത്രം പാലായനം ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഡിസംബർ ഒന്നിന് മോട്ടോർ സൈക്കിളിൽ എത്തിയ ആയുധധാരികൾ നടത്തിയ ആക്രമണത്തിൽ പതിനാലു പേരാണ് ബുർക്കിനാ ഫാസോയിൽ കൊല്ലപ്പെട്ടത്. ഫെബ്രുവരി പത്താം തീയതി ഇസ്ലാമിക തീവ്രവാദികൾ സെബ എന്ന നഗരത്തിൽ ഒരു സുവിശേഷ പ്രഘോഷകനെയും നാല് വിശ്വാസികളെയും കൊലപ്പെടുത്തിയിരുന്നു. ഇതിന് സമാനമായി നിരവധി ആക്രമണങ്ങളാണ് ദിനംപ്രതി ക്രൈസ്തവർ രാജ്യത്ത് നേരിടുന്നത്. ബുർക്കിനാ ഫാസോയിലെ ഒരു കോടി 60 ലക്ഷം വരുന്ന ജനസംഖ്യയിൽ മുപ്പതു ശതമാനം മാത്രമാണ് ക്രൈസ്തവ വിശ്വാസികള്‍.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക