India - 2025
ഇന്നു മുതൽ 31വരെ പ്രത്യേക പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി ഫാ. സേവ്യർഖാൻ വട്ടായിൽ
12-03-2020 - Thursday
പാലക്കാട്: കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിൽ ഇന്ന് മാർച്ച് 12 മുതൽ 31വരെ നീളുന്ന പ്രാർത്ഥനാ ആഹ്വാനവുമായി സുപ്രസിദ്ധ വചനപ്രഘോഷകൻ ഫാ. സേവ്യർഖാൻ വട്ടായിൽ. ലോകത്തിന്റെ മേൽ ദൈവകരുണ വർഷിക്കാനും ലോകരാജ്യങ്ങൾ കൊറോണാ വിമുക്തമാകാനും വേണ്ടി ഉച്ചയ്ക്ക് 12 മുതൽ 2 വരെയും വൈകിട്ട് 3 മുതൽ 3.30വരെയും അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ക്രമീകരിക്കുന്ന തിരുക്കർമങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ തത്‌സമയം പ്രക്ഷേപണം ചെയ്യും. വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സാധിക്കുന്നവരെല്ലാം വിശിഷ്യാ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശുശ്രൂഷ ചെയ്യുന്ന മിഷണറിമാർ ഉൾപ്പെടെയുള്ളവർ അവരവർ ആയിരിക്കുന്ന ഇടങ്ങളിൽ ആയിരുന്ന് പ്രാർത്ഥനയിൽ അണിചേരണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. 12 മുതൽ 2 വരെയുള്ള ശുശ്രൂഷകളിൽ ദിവ്യബലി അർപ്പണം ഉണ്ടായിരിക്കും. 3.00മുതൽ 3.30വരെയുള്ള സമയം കരുണ കൊന്തയ്ക്കുവേണ്ടിയാണ് മാറ്റിവെച്ചിരിക്കുന്നത്. കൊറോണ വൈറസിനെതിരെ ലോകമെങ്കും പോരാടുന്നവർക്കൊപ്പം പ്രാർത്ഥനയിൽ അണിചേരേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണെന്ന് ഓർമിപ്പിച്ച ഫാ. വട്ടായിൽ, പ്രാർത്ഥനയ്ക്ക് നൽകേണ്ട പ്രാധാന്യത്തെക്കുറിച്ചും വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ തത്സമയ സംപ്രേക്ഷണം ഷെക്കെയ്‌ന ടെലിവിഷനിലും ഒരുക്കുന്നുണ്ട്. കേരള വിഷനിൽ ചാനൽ നമ്പർ 512-ലാണ് ഷെക്കെയ്‌ന സംപ്രേക്ഷണം ചെയ്യുന്നത്.
![](/images/close.png)