Life In Christ - 2025
കൊറോണക്കുള്ള മറുപടി കൂടുതല്‍ വിശുദ്ധ കുര്‍ബാന, ദേവാലയങ്ങള്‍ അടച്ചിടുന്നത് ചിന്തിക്കാനാകില്ല: പോളിഷ് മെത്രാന്‍ സമിതി
സ്വന്തം ലേഖകന്‍ 12-03-2020 - Thursday
പോസ്നാന്‍: കൊറോണ പകര്‍ച്ചവ്യാധിയോടുള്ള പ്രതികരണം കൂടുതല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണമാണെന്നും കൊറോണ ഭീതിയില്‍ ദേവാലയങ്ങള്‍ അടച്ചിടുന്നതിനെക്കുറിച്ച് ചിന്തിക്കുവാന്‍ പോലും കഴിയില്ലെന്നും വ്യക്തമാക്കിക്കൊണ്ട് പോളിഷ് മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റും പോസ്നാന്‍ അതിരൂപതയുടെ അധ്യക്ഷനുമായ സ്റ്റാനിസ്ലോ ഗാഡെക്കി മെത്രാപ്പോലീത്തയുടെ പ്രസ്താവന. വിശുദ്ധ കുര്‍ബാനയുടെ എണ്ണം കൂട്ടുന്നത് വഴി വിശ്വാസികളുടെ വന്‍തോതിലുള്ള ഒത്തുചേരലുകള്‍ തടയുവാന്‍ കഴിയുമെന്നും അതുവഴി സാനിട്ടറി വകുപ്പിന്റെ നിര്‍ദ്ദേശം പാലിക്കുവാന്‍ കഴിയുമെന്നും മെത്രാപ്പോലീത്തയുടെ പ്രസ്താവനയില്‍ പറയുന്നു.
ആശുപത്രികള്‍ ശരീരത്തിലെ അസുഖങ്ങള്‍ ചികിത്സിച്ച് ഭേദമാക്കുന്നത് പോലെ തന്നെ ദേവാലയങ്ങള്‍ ആത്മാവിന്റെ അസുഖം ഭേദമാക്കുന്നതുള്‍പ്പെടെ പല സേവനങ്ങളും ചെയ്യുന്നുണ്ട്. അതുകൊണ്ട് ദേവാലയങ്ങളില്‍ പ്രാര്‍ത്ഥിക്കുവാന്‍ സാധിക്കാത്തതിനെക്കുറിച്ച് ചിന്തിക്കുവാന്‍ പോളണ്ടിലെ കത്തോലിക്കാ വിശ്വാസികള്‍ക്ക് കഴിയില്ല. വലിയ ഒത്തുചേരലുകള്‍ ഒഴിവാക്കണമെന്ന മുഖ്യ സാനിട്ടറി ഇന്‍സ്പെക്ടറുടെ നിര്‍ദ്ദേശം അംഗീകരിച്ചു കൊണ്ട് ദേവാലയങ്ങളിലെ ഞായറാഴ്ച കുര്‍ബാനകളുടെ എണ്ണം പരമാവധി കൂട്ടുവാന്‍ താന്‍ ആവശ്യപ്പെടുന്നുവെന്നും, അതുവഴി സാനിറ്ററി നിര്‍ദ്ദേശങ്ങളില്‍ പറയുന്നത് പോലെ ഒരേസമയത്ത് ഒന്നിച്ചു കൂടുന്ന വിശ്വാസികളുടെ എണ്ണം കുറയ്ക്കുവാന്‍ കഴിയുമെന്നും മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി.
പ്രത്യേക സാഹചര്യം കണക്കിലെടുത്തു കൊണ്ട് പ്രായമായവര്‍ക്കും, രോഗികള്‍ക്കും വീട്ടില്‍ തന്നെ ഇരുന്നുകൊണ്ട് ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്ന വിശുദ്ധ കുര്‍ബാന കാണാമെന്ന്‍ ദിവ്യബലിയര്‍പ്പണം സംപ്രേഷണം ചെയ്യുന്ന വിവിധ പോളിഷ് ടെലിവിഷന്‍ ചാനലുകളുടെ പട്ടിക വിവരിച്ചു കൊണ്ട് മെത്രാപ്പോലീത്ത പറഞ്ഞു. വിശുദ്ധ കുര്‍ബാനക്കിടയില്‍ ഹസ്തദാനം ചെയ്തുകൊണ്ട് പരസ്പരം സമാധാനം ആശംസിക്കണമെന്ന യാതൊരു നിയമവുമില്ല. കൊറോണ വൈറസ് ബാധയാല്‍ മരിച്ചവര്‍ക്ക് വേണ്ടിയും കൊറോണ രോഗികളുടേയും, രോഗബാധക്കെതിരെ പോരാടുന്ന ഡോക്ടര്‍മാരുടേയും, മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് മെത്രാപ്പോലീത്തയുടെ പ്രസ്താവന അവസാനിക്കുന്നത്. നിലവില്‍ പോളണ്ടില്‍ വെറും 22 കൊറോണ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക