Life In Christ

കൊറോണയ്ക്കെതിരെ ദൈവത്തില്‍ ആശ്രയിച്ച് യു‌എസ് ഭരണകൂടം: നാളെ ദേശീയ പ്രാര്‍ത്ഥന ദിനമായി ട്രംപ് പ്രഖ്യാപിച്ചു

പ്രവാചക ശബ്ദം 14-03-2020 - Saturday

വാഷിംഗ്‌ടണ്‍ ഡി.സി: കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ നാളെ മാര്‍ച്ച് 15 ഞായര്‍ ‘ദേശീയ വാര്‍ഷിക പ്രാര്‍ത്ഥനാ ദിന’മായിരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം. ഇന്നലെ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപ് ജനങ്ങളോട് ദൈവത്തിലേക്ക് തിരിയുവാന്‍ ആഹ്വാനം ചെയ്തത്. മെയ് മാസത്തിലെ ആദ്യ വ്യാഴാഴ്ചയാണ് സാധാരണ ഗതിയില്‍ ദേശീയ വാര്‍ഷിക പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുന്നത്. എന്നാല്‍ കോവിഡ്-19 പടരുന്ന സാഹചര്യത്തില്‍ ദേശീയ വാര്‍ഷിക പ്രാര്‍ത്ഥനാ ദിനം നാളെ നടത്തുവാന്‍ ട്രംപ് ഭരണകൂടം ദ്രുതഗതിയിലുള്ള തീരുമാനമെടുക്കുകയായിരിന്നു. രോഗവ്യാപനത്തിനിടെ ദൈവീക അസ്ഥിത്വത്തെ പരിഹസിച്ചുകൊണ്ട് രംഗത്തുള്ള നിരീശ്വരവാദികള്‍ക്കുള്ള മറുപടിയായാണ് ട്രംപിന്‍റെ പ്രഖ്യാപനത്തെ വിശ്വാസികള്‍ വിലയിരുത്തുന്നത്.

“ഇതുപോലുള്ള അവസരങ്ങളില്‍ സംരക്ഷണത്തിനും, ശക്തിക്കുമായി ദൈവത്തെ നോക്കിക്കൊണ്ടിരുന്ന ഒരു രാജ്യമാണ് നമ്മുടേതെന്ന് ചരിത്രം നോക്കിയാല്‍ കാണാം. നിങ്ങള്‍ എവിടെ ആയിരുന്നാലും കുഴപ്പമില്ല, വിശ്വാസത്തോടു കൂടി ദൈവത്തോട് പ്രാര്‍ത്ഥിക്കുവാന്‍ ഞാന്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. നമ്മള്‍ ഒരുമിച്ച് അനായാസമായി ഇതിനെ അതിജീവിക്കും” ട്രംപ് ഫേസ്ബുക്കിലും ട്വിറ്ററില്‍ കുറിച്ചു. ദേശീയ വാര്‍ഷിക പ്രാര്‍ത്ഥനാ ദിനമായി പ്രഖ്യാപിക്കുന്നത് തന്നെ സംബന്ധിച്ചിടത്തോളം ഒരംഗീകാരമാണെന്നും ട്രംപിന്റെ ട്വീറ്റില്‍ പറയുന്നുണ്ട്.

വെള്ളിയാഴ്ച പ്രാദേശിക സമയം മൂന്നു മണിക്ക് വൈറ്റ്ഹൗസില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലൂടെയായിരുന്നു ട്രംപ് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. രോഗത്തെ നേരിടുന്നതിനായി 5000 കോടി യുഎസ് ഡോളർ (3.65 ലക്ഷം കോടി രൂപ) സഹായവും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രസിഡന്റെന്ന നിലയില്‍ ദൈവ വിശ്വാസത്തെ മുറുകെ പിടിച്ചുകൊണ്ടുള്ള ട്രംപ് ഭരണകൂടത്തിന്റെ ഭരണവും മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങളും ക്രൈസ്തവ സമൂഹത്തിനിടയില്‍ അദ്ദേഹത്തിന് വലിയ സ്വീകാര്യത ഉണ്ടാക്കിയിട്ടുണ്ട്. അമേരിക്കയില്‍ പ്രാര്‍ത്ഥനയിലൂടെ തങ്ങള്‍ ശബ്ദമുയര്‍ത്തുകയും ദൈവമഹത്വത്തിലേക്ക് ദൃഷ്ടികള്‍ ഉയര്‍ത്തുകയും ചെയ്യുമെന്ന് കഴിഞ്ഞ മാസം ‘സ്റ്റേറ്റ് ഓഫ് ദി യൂണിയന്‍’ പ്രസംഗത്തിനിടക്ക് ട്രംപ് പറഞ്ഞിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Posted by Pravachaka Sabdam on 

Related Articles »