Youth Zone

കൊല്ലത്ത് സാത്താന്‍ സംഘത്തിന്റെ കെണിയില്‍ വിദ്യാര്‍ത്ഥി: രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ഇപ്പോഴും വധഭീഷണി

സ്വന്തം ലേഖകന്‍ 14-03-2020 - Saturday

കൊല്ലം: കൊല്ലം നഗരത്തിലെ ഐ.സി.എസ്‌.എസ് സ്‌കൂളിലെ പത്താംക്ളാസ്‌ വിദ്യാർത്ഥി പൈശാചിക ആരാധന സംഘത്തിന്റെ കെണിയില്‍ നിന്ന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സാമൂഹിക മാധ്യമം വഴി “ഇലുമിനാറ്റി മെമ്പർഷിപ്പ് ഫോറ”മെന്ന ഗ്രൂപ്പിൽ അംഗമായ വിദ്യാര്‍ത്ഥി ജീവൻ പണയംവെച്ചുള്ള പരീക്ഷണങ്ങൾക്കാണ് ഇരയായത്. കൊല്ലം ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്‌ നടത്തിയ കൗൺസലിങ്ങിലാണ്‌ വിവരങ്ങൾ പുറത്തുവന്നത്. പഠനത്തിൽ സമർഥനായ കുട്ടി അച്ഛന്റെ മൊബൈലാണ് ഉപയോഗിച്ചിരുന്നത്. നവ മാധ്യമത്തിലെ സാത്താന്‍ ആരാധന സംഘത്തിന്റെ ഗ്രൂപ്പില്‍ ചേര്‍ന്ന കുട്ടിക്ക് മാന്ത്രികശക്തിയും ഒരുകോടി രൂപയുടെ കാറും വീടും മാസം അമ്പതിനായിരം യു.എസ്‌ ഡോളറുമായിരുന്നു പൈശാചിക ഗ്രൂപ്പ് വാഗ്‌ദാനം ചെയ്തിരിന്നത്.

രണ്ടായിരം രൂപ അംഗത്വഫീസ് ഓൺലൈൻ വഴി അടച്ചു ഇതില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥിയെ ലക്ഷ്യംവെച്ചു വലിയ കെണികളായിരിന്നു ഉണ്ടായത്. ലൂസിഫറിനെ ആരാധിക്കാൻ പ്രേരിപ്പിച്ചുകൊണ്ട് കുട്ടിക്ക്‌ തുടരെ സന്ദേശങ്ങൾ വരികയായിരിന്നു. ഇതിനിടെ സാത്താന്‍ സംഘത്തിന്റെ ആവശ്യപ്രകാരം ഗ്രൂപ്പിൽനിന്ന് പിന്മാറില്ലെന്ന സത്യപ്രതിജ്ഞ വീഡിയോയാക്കി കുട്ടി അയച്ചുകൊടുത്തു. നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽനിന്നുള്ളവരാണ് വീഡിയോകോൾ വഴി കുട്ടിയെ ബന്ധപ്പെട്ടത്.

You May Like:‍ കേരളത്തില്‍ സാത്താന്‍ സേവ സംഘങ്ങള്‍ പിടിമുറുക്കുന്നു

രാത്രി ഉറക്കമിളച്ചു ചെയ്യേണ്ട പൈശാചിക പ്രാർത്ഥനകളും അയച്ചുകൊടുത്തു. ആടിന്റെ ചോരകൊണ്ട് ആരാധന നടത്താൻ പറഞ്ഞതുപ്രകാരം സുഹൃത്തുക്കളുടെ സഹായത്തോടെ ആടിനെ അന്വേഷിച്ച് കുട്ടി പലയിടങ്ങളിലും പോയതായും വെളിപ്പെടുത്തലുണ്ട്. ഇതിനിടെ അർധരാത്രിക്കുശേഷം വിജനമായ സ്ഥലത്ത് നടക്കാന്‍ അടക്കം നിഗൂഡമായ നിരവധി നിര്‍ദ്ദേശങ്ങള്‍ സാത്താന്‍ സംഘത്തില്‍ നിന്ന്‍ ലഭിച്ചു. ഇത് ഇത് നിരീക്ഷിക്കാൻ ഗ്രൂപ്പിലെ അംഗമായ അമീൻ എന്നു പരിചയപ്പെടുത്തിയ തിരുവനന്തപുരം സ്വദേശി എത്തി. കായലിന് കുറുകെയുള്ള തീവണ്ടിപ്പാലത്തിലൂടെ അർധരാത്രിക്കുശേഷം കുട്ടിയെ നടത്തിയായിരുന്നു രണ്ടാമത്തെ പരീക്ഷണം. അതിന്റെ വീഡിയോ അമീൻ പകർത്തി.

സാത്താന്റെ രൂപം പതിപ്പിച്ച ബുള്ളറ്റിലെത്തിയ ഇയാൾ കറുത്ത വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. മൂന്നുവിരലുകളിൽ മുറിവുണ്ടാക്കിയുള്ള സത്യപ്രതിജ്ഞയായിരുന്നു അടുത്തതായി നടന്നത്. ഇതിനെല്ലാം കുട്ടി ഇരയായി. വീട്ടിൽ ലൂസിഫറിന് ആരാധനാലയം പണിയണമെന്നും അതിൽ വെക്കേണ്ട രൂപങ്ങൾക്കായി അമ്പതിനായിരം രൂപ അയച്ചുകൊടുക്കാനും ആവശ്യപ്പെട്ടു.

വിദേശത്ത്‌ ഇന്റേൺഷിപ്പിനുവേണ്ടിയാണെന്ന് രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിച്ച്‌ കുട്ടി ഇതിനിടെ പാസ്‌പോർട്ട് എടുത്തു. ഇന്റേൺഷിപ്പിന്‌ അവസരം ലഭിച്ചെന്ന വ്യാജരേഖ കുട്ടിക്ക്‌ അയച്ചുകൊടുക്കുകയും ചെയ്തു. പിന്നീട്‌ കൊല്ലത്തും കൊച്ചിയിലുമുള്ള ഗ്രൂപ്പംഗങ്ങളെ സംഘടിപ്പിച്ച് പ്രാർത്ഥന നടത്തണമെന്നും നിർദേശം വന്നു. കുട്ടി നിരന്തരം രാത്രി വീടുവിട്ടു പുറത്തുപോകുന്നതും സ്വഭാവമാറ്റവും ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കൾ മൊബൈൽഫോൺ പരിശോധിച്ചപ്പോഴാണ് വിവരങ്ങൾ അറിഞ്ഞത്. കുട്ടിക്ക് മാതാപിതാക്കള്‍ മൊബൈല്‍ നിഷേധിച്ചെങ്കിലും വീട്ടുകാര്‍ അറിയാതെ കുട്ടി പുതിയ മൊബൈൽ വാങ്ങി ഗ്രൂപ്പിൽ വീണ്ടും സജീവമായി.

You May Like:‍ ബെംഗളൂരുവില്‍ തിരുവോസ്തി കടത്തിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത് പെൺകുട്ടികൾ

വീട്ടുകാർ അറിയാതെ സ്വർണമെടുത്ത് പണയംവെച്ച് രണ്ടുതവണ 12,000 രൂപ അജ്ഞാതസംഘത്തിന്റെ അക്കൗണ്ട്‌ നമ്പറിൽ അയച്ചുകൊടുത്തു. വീണ്ടും പണം ആവശ്യപ്പെട്ടതോടെ കുട്ടി ഗ്രൂപ്പിൽനിന്ന് പിന്മാറുകയാണെന്ന് അറിയിച്ചു. വധഭീഷണി ലഭിച്ചതോടെയാണ് വിഷയം പുറംലോകത്തെത്തുന്നത്. ജില്ലാ ശിശുസംരക്ഷണ ഓഫീസർ പ്രസന്നകുമാരി ലഭ്യമായ എല്ലാ വിവരങ്ങളും കൊല്ലം സിറ്റി പോലീസ്‌ കമ്മിഷണർക്കും കുട്ടിയുടെ വീടിനടുത്തുള്ള പോലീസ്‌ സ്റ്റേഷനിലും സൈബർ സെല്ലിനും കൈമാറിയിട്ടുണ്ട്‌. മാതാപിതാക്കളുടെ തിരിച്ചറിയല്‍ രേഖകളും നമ്പറുകളും അടക്കം സാത്താന്‍ സംഘത്തിന്റെ കെണിയിലായതിനാല്‍ വലിയ ഭീഷണിയാണ് കുടുംബം നേരിടുന്നത്. വിദ്യാര്‍ത്ഥിയെ വിളിച്ചുകൊണ്ടിരിന്ന നമ്പര്‍ സ്വിച്ച് ഓഫ് ആണെങ്കിലും പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കേരളത്തില്‍ വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും ലക്ഷ്യമിട്ട് സാത്താന്‍ സേവ സംഘം സജീവമാണെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരിന്നു. കഴിഞ്ഞ വര്‍ഷം താമരശ്ശേരി രൂപതയ്ക്കു കീഴിലുള്ള ചെമ്പുകടവ് പള്ളിയില്‍ നിന്ന്‍ വിശുദ്ധ കുര്‍ബാന സ്വീകരണ സമയത്ത് തിരുവോസ്തി തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നിരിന്നു. അന്നു വിശ്വാസികള്‍ പിടികൂടിയ സംഘത്തിലെ അംഗങ്ങള്‍ കോളേജ് വിദ്യാര്‍ത്ഥികളായിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »