News - 2024

ബ്ലാക്ക്മാസ് വേദിയുടെ പുറത്തു പ്രാര്‍ത്ഥന തിര ഉയര്‍ന്നു: നിശ്ചലരായി സാത്താന്‍ ആരാധകര്‍

സ്വന്തം ലേഖകന്‍ 19-08-2019 - Monday

ഒട്ടാവ: കാനഡയുടെ ചരിത്രത്തിലെ ആദ്യ ബ്ലാക്ക് മാസിന് വേദിയായ ഒട്ടാവയിലെ ദി കൊവെന്‍ ഹോട്ടലിന് മുന്നില്‍ വിശ്വാസികളും വൈദികരും തീര്‍ത്തത് പ്രാര്‍ത്ഥനാസമുദ്രം. സാത്താനിക് ടെമ്പിൾ സംഘടിപ്പിച്ച ബ്ലാക്ക് മാസിനെതിരെ പ്രാര്‍ത്ഥനയും ക്രൂശിതരൂപവും ജപമാലയും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി നൂറുകണക്കിന് ആളുകളാണ് ഹോട്ടലിന് മുന്‍പില്‍ എത്തിയത്. വിജയമെന്ന് സാത്താന്‍ ആരാധന സംഘത്തിന്റെ തലവന്‍ അവകാശപ്പെടുമ്പോഴും പ്രാര്‍ത്ഥന നിര്‍ഭരമായ അന്തരീക്ഷത്തില്‍ ബ്ലാക്ക് മാസ് പരാജയപ്പെട്ടെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. അതീവ തീക്ഷ്ണതയോടെ ജപമാലയും ക്രൂശിത രൂപവും ഉയര്‍ത്തിപ്പിടിച്ചു പ്രാര്‍ത്ഥിക്കുന്ന വിശ്വാസികളെ നോക്കി സ്തബ്ദരായി നില്‍ക്കുന്ന സാത്താന്‍ ആരാധകരുടെ ചിത്രം ഇന്നലെ പുറത്തുവന്നിരിന്നു.

സുവിശേഷ പ്രഘോഷകനായ ഡോറി ലൗ സാത്താനിക് ടെമ്പിളിലെ അംഗങ്ങളെ ബോധവൽക്കരിക്കാൻ ടോറോണ്ടോയിൽ നിന്നും നേരിട്ടു ഹോട്ടലിന് മുന്നില്‍ എത്തിയിരിന്നു. ഇതിന്റെ സംഘാടകൻ തന്നെ തങ്ങൾ ചെയ്യുന്ന പ്രവർത്തി മതനിന്ദയാണെന്ന് പറഞ്ഞിരുന്നതായി പ്രാർത്ഥനാ പ്രതിഷേധം സംഘടിപ്പിക്കാൻ മുൻകൈ എടുത്ത ജോൺ പാച്ചിക്കോ എന്ന കത്തോലിക്കാ വിശ്വാസി ചൂണ്ടിക്കാട്ടി. അതിനാൽ തന്നെ കറുത്ത കുർബാന തങ്ങളുടെ വിശ്വാസത്തിനും, രാജ്യത്തെ പടുത്തുയർത്തിയ സംസ്കാരത്തിനും എതിരാണ്. തങ്ങൾ എന്താണ് ചെയ്യുന്നതെന്ന് അവർക്ക് അറിയില്ലായെന്നും ജോൺ പാച്ചിക്കോ കൂട്ടിച്ചേർത്തു.

ഒട്ടാവ ആർച്ച് ബിഷപ്പ് ടെറൻസ് പ്രെൻറ്റർഗാസ്റ്റും ബ്ലാക്ക് മാസ് സംഘടിപ്പിക്കുന്നതിനെതിരെ കഴിഞ്ഞ ആഴ്ച രംഗത്തുവന്നിരുന്നു. സാത്താനിക ആരാധനാ രീതികൾ ഉപയോഗിക്കുന്നത് നരക ശക്തികൾക്ക് നഗരത്തിലേക്ക് പ്രവേശിക്കുന്നതിനായി വാതിൽ തുറന്നു കൊടുക്കുന്നത് പോലെയാണെന്നാണ് ആർച്ച് ബിഷപ്പ് അന്ന് പറഞ്ഞത്. ബ്ലാക്ക് മാസിനെതിരെ വൈദികരും വിശ്വാസികളും സംഘടിക്കണമെന്ന ആര്‍ച്ച് ബിഷപ്പിന്റെ ആഹ്വാനം ശിരസ്സാവഹിച്ചുകൊണ്ടാണ് വിശ്വാസികള്‍ ഇന്നലെ കൊവെന്‍ ഹോട്ടലിന് മുന്നില്‍ എത്തിയത്.


Related Articles »