Youth Zone - 2025

ഓസ്‌ട്രേലിയയിലെ ബ്ലാക്ക് മാസിന് മറുപടിയായി പ്രാര്‍ത്ഥന ക്യാപെയിൻ: ചുക്കാൻ പിടിച്ചത് 22 വയസുള്ള യുവതികള്‍

പ്രവാചക ശബ്ദം 11-11-2020 - Wednesday

ക്വീന്‍സ്‌ലാന്‍ഡ്‌: സാത്താൻ സേവകരുടെ കറുത്ത കുര്‍ബാനയ്ക്കെതിരെ ഓസ്ട്രേലിയയിലെ ക്വീന്‍സ്‌ലാന്‍ഡിലെ രണ്ടു കത്തോലിക്കാ യുവതികള്‍ സംഘടിപ്പിച്ച പ്രാര്‍ത്ഥനായത്നം അന്താരാഷ്‌ട്ര ശ്രദ്ധ നേടുന്നു. പ്രാര്‍ത്ഥനായത്നത്തിന്റെ ഭാഗമായി അര്‍പ്പിക്കപ്പെട്ട വിശുദ്ധ കുര്‍ബാനകള്‍ക്കും ദിവ്യകാരുണ്യ ആരാധനയ്ക്കും ജാഗരണ പ്രാര്‍ത്ഥനകള്‍ക്കും പ്രധാന ദൂതനായ വിശുദ്ധ മിഖായേലിനോടുള്ള പ്രത്യേക നൊവേനയ്ക്കും നൂറുകണക്കിന് വിശ്വാസികളുടെ പങ്കാളിത്തമാണ് ലഭിച്ചത്.

22 വയസ്സ് വീതം പ്രായമുള്ള ബെഥനി മാര്‍ഷ്, സോഫിയ ഷോഗ്രെന്‍ എന്നീ സുഹൃത്തുക്കളാണ് പ്രാര്‍ത്ഥനാ യത്നം സംഘടിപ്പിച്ചത്. സാത്താനെതിരായ പോരാട്ടത്തില്‍ പ്രധാന പങ്കുവഹിക്കുന്ന വിശുദ്ധ മിഖായേല്‍ മാലാഖയോടുള്ള നവനാൾ നൊവേനയായിരുന്നു പ്രാര്‍ത്ഥനായത്നത്തിന്റെ മുഖ്യ ഭാഗം. സിഡ്നി മെത്രാപ്പോലീത്ത അന്തോണി ഫിഷറും നൊവേനയില്‍ പങ്കെടുത്തു. തിന്മ യാഥാര്‍ത്ഥ്യമാണെന്നും, അതിനെ കളിയായി കാണേണ്ടതോ, തള്ളികളയേണ്ടതോ അല്ലെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

ഓസ്ട്രേലിയയിലെ മതസ്വാതന്ത്ര്യ നിയമത്തിന്റെ മറവിൽ സ്വയം പ്രഖ്യാപിത സാത്താന്‍ ആരാധക സംഘടന നടത്തിയ കറുത്ത കുര്‍ബാനയോടുള്ള പ്രതികരണമെന്നനിലയില്‍ സംഘടിപ്പിച്ച ഈ ആത്മീയ പ്രചാരണത്തിന് ലഭിച്ച പിന്തുണ തങ്ങളെ അതിശയിപ്പിച്ചുകളഞ്ഞുവെന്ന് ബെഥനിയും, സോഫിയയും പറയുന്നു. ബ്രിസ്ബേണിന് വടക്കുഭാഗത്തുള്ള നൂസയിലെ കൗണ്‍സില്‍ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ ഒക്ടോബര്‍ 30നായിരുന്നു സാത്താന്‍ ആരാധന നടന്നത്.

സാത്താന്‍ ആരാധനയെക്കുറിച്ച് അറിഞ്ഞ ഉടന്‍തന്നെ തങ്ങള്‍ പ്രാര്‍ത്ഥന തുടങ്ങിയെന്നും, അതിനായി ഉണ്ടാക്കിയ ഫേസ്ബുക്ക് ഗ്രൂപ്പില്‍ വളരെപെട്ടെന്നാണ് ആയിരത്തിലധികം പേര്‍ അംഗങ്ങളായതെന്നും ഇരുവരും അറിയിച്ചു. തിരുവോസ്തി സാത്താന്‍ ആരാധനക്ക് ഉപയോഗിക്കുവാന്‍ പദ്ധതിയില്ലെന്ന് ബ്ലാക്ക് മാസിനു മുൻപ് മൂന്നാഴ്ച മുന്‍പ് തന്നെ സാത്താൻ സേവകർ അറിയിച്ചിരുന്നുവെന്ന് ബെഥനി 'കാത്തലിക് വീക്കിലി'ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പൈശാചിക ആരാധനയ്ക്കെതിരെ സംഘടിപ്പിച്ച പ്രാര്‍ത്ഥനായത്നത്തിന്റെ വാര്‍ത്ത വളരെ പെട്ടെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ ഓസ്ട്രേലിയക്കകത്തും പുറത്തുമുള്ള പ്രാര്‍ത്ഥനാ കൂട്ടായ്മകളിലും, ഇടവകകളിലും, മെത്രാന്‍മാര്‍ക്കിടയിലും പ്രചരിച്ചത്. സാത്താന്‍ ആരാധന റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒരു ലക്ഷത്തിലധികം പേര്‍ ഒപ്പിട്ട അപേക്ഷ കൗണ്‍സിലിന് സമര്‍പ്പിച്ചുവെങ്കിലും ഫലമുണ്ടായില്ല.

ഏതാണ്ട് 20 പേരാണ് പൈശാചിക ആരാധനയില്‍ പങ്കെടുത്തത്. കറുത്ത കുര്‍ബാനയ്ക്കുള്ള പരിഹാരമായി വിവിധ പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ ഉള്‍പ്പെടെ നിരവധി പേരാണ് പരിഹാര പ്രാര്‍ത്ഥനകള്‍ സംഘടിപ്പിച്ചത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »