India - 2024

കോവിഡ് പ്രതിരോധം: ഇടുക്കി രൂപത ആശുപത്രി സര്‍ക്കാരിന് കൈമാറി

26-03-2020 - Thursday

നെടുങ്കണ്ടം: കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഐസൊലേഷന്‍ വാര്‍ഡ് ക്രമീകരിക്കുന്നതിനായി നെടുങ്കണ്ടം കരുണ ആശുപത്രിയുടെ കെട്ടിടം ഇടുക്കി രൂപത അധികൃതര്‍ സര്‍ക്കാരിന് താത്കാലികമായി കൈമാറി. സ്ഥാപനത്തിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറും രൂപത വികാരി ജനറാളുമായ മോണ്‍. ജോസ് പ്ലാച്ചിക്കല്‍ എത്തിയാണ് കെട്ടിടം ഉടുന്പന്‍ചോല തഹസില്‍ദാര്‍ നിജു പി. കുര്യന് കൈമാറിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി പനച്ചിക്കല്‍, ഫാ. ജോണ്‍ ചേനംചിറയില്‍ തുടങ്ങിയവരും റവന്യു, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും എത്തിയിരുന്നു.

ഇന്നലെ രാവിലെയാണ് കെട്ടിടവും ഫര്‍ണിച്ചറും ഉള്‍പ്പെടെ മുഴുവന്‍ സൗകര്യങ്ങളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുനല്‍കിയത്. ഐസോലേഷന്‍ വാര്‍ഡിനൊപ്പം ഐസിയുകളും ഇവിടെ ഒരുക്കും. ഉടുമ്പന്‍ചോല തഹസില്‍ദാരുടെയും നെടുങ്കണ്ടം താലൂക്കാശുപത്രി സൂപ്രണ്ടിന്റെയും നിര്‍ദേശാനുസരണം യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കെട്ടിടം ശുചീകരിച്ചു. ആശുപത്രിയിലേക്ക് പ്രവേശിക്കുന്ന വരാന്ത, അല്‍ഫോന്‍സ ബ്ലോക്ക്, ഓപ്പറേഷന്‍ തീയറ്റര്‍, സമീപത്തെ വാര്‍ഡുകള്‍ എന്നിവയാണ് പ്രവര്‍ത്തകര്‍ വൃത്തിയാക്കിയത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മുകേഷ് മോഹനന്റെ നേതൃത്വത്തില്‍ നിയോജകമണ്ഡലം കമ്മിറ്റിയിലെ പ്രവര്‍ത്തകരും, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി രമേഷ് കൃഷ്ണന്റെ നേതൃത്വത്തില്‍ നെടുങ്കണ്ടം ബ്ലോക്ക് കമ്മിറ്റിയിലെ പ്രവര്‍ത്തകരുമാണ് ശുചീകരണം നടത്തിയത്. 11 സംഘങ്ങളായി തിരിഞ്ഞ് കൂട്ടംകൂടാതെ ഒരുമീറ്റര്‍ അകലം പാലിച്ചും മുഖാവരണവും കൈയുറകളും ധരിച്ചുമാണ് പ്രവര്‍ത്തകര്‍ ശുചീകരണം നടത്തിയത്. ഇവര്‍ക്ക് ആവശ്യമായ മാസ്‌കുകളും കൈയുറകളും ആരോഗ്യവകുപ്പ് വിതരണം ചെയ്തു.


Related Articles »