Arts
'ഹീല്‍ അസ് ഓ ലോര്‍ഡ്': ക്വാറന്റൈന്‍ നാളുകളില്‍ മനോഹരമായ പാട്ടൊരുക്കി റോമിലെ മലയാളി വൈദികര്‍
04-04-2020 - Saturday
കൊച്ചി: മുറികള്‍ക്കുള്ളിലൊതുങ്ങുന്ന ക്വാറന്റൈന്‍ നാളുകളില്‍ മനോഹരമായ പാട്ടൊരുക്കി റോമിലെ മലയാളി വൈദികര്‍. തങ്ങള്‍ താമസിക്കുന്നിടത്തുനിന്നു പുറത്തിറങ്ങാതെ ഒരുക്കിയ 'ഹീല്‍ അസ് ഓ ലോര്‍ഡ്'' എന്ന വീഡിയോ ഗാനം രാജ്യാതിര്‍ത്തികള്‍ ഭേദിച്ചു യുട്യൂബില്‍ ഇപ്പോള്‍ ഹിറ്റാണ്. ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്റെ സ്കോളര്‍ഷിപ്പോടുകൂടി റോമിലെ ഡമഷീനോ കോളജില്‍ ഉന്നതപഠനം നടത്തുന്ന സീറോ മലബാര്‍, സീറോ മലങ്കര റീത്തുകളിലെ എഴുപതോളം വൈദികരാണു പാട്ടിനു പിന്നില്‍.
എറണാകുളം അങ്കമാലി അതിരൂപതാംഗമായ ഫാ. നിബിന്‍ കുരിശുങ്കല്‍ ആണ് പാട്ടിന്റെ വരികളെഴുതിയത്. സഹപാഠികളായ ഫാ. റെനില്‍ കാരത്തറയ്ക്കും ഫാ. പോള്‍ റോബിനും ഒപ്പം ചേര്‍ന്ന് ഈണവുമൊരുക്കി. ഫാ. നിബിന്റെ സ്വിറ്റ്‌സര്‍ലന്‍ഡിലുള്ള സുഹൃത്ത് ജിയോ ഏബ്രഹാമിനു പാട്ട് അയച്ചുകൊടുത്തു. അദ്ദേഹത്തിനൊപ്പം കാതറിന്‍ സിമ്മെര്‍മാനും ഇയാന്‍ ജെയ്ദനും ചേര്‍ന്നു പാട്ടിനു ശബ്ദം നല്‍കി. ഓര്‍ക്കസ്‌ട്രേഷന്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പൂര്‍ത്തിയാക്കി.
റോമിലെ കോളജ് കാമ്പസിനോടു ചേര്‍ന്നുള്ള താമസസ്ഥലത്തും ചുറ്റുപാടുകളിലുമായി ഗാനത്തിന്റെ വീഡിയോ ചിത്രീകരണം പൂര്‍ത്തിയാക്കി. ഫാ. ജെറി അലക്‌സ് കാമറയും ഫാ. ജോബിന്‍സ് എഡിറ്റിംഗും നടത്തി. ക്വാറന്റൈന്‍ നിയമങ്ങള്‍ പാലിച്ചായിരുന്നു ഗാനത്തിന്റെ ചിത്രീകരണവും അനുബന്ധ ജോലികളും. കോളജ് റെക്ടര്‍ ഒസിഡി വൈദികനായ റവ. ഡോ. വര്‍ഗീസ് കുരിശുതറ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.
![](/images/close.png)