News - 2025
പുനരുത്ഥാനത്തിന്റെ സ്മരണ പുതുക്കി ഇന്ന് ഈസ്റ്റര്‍
സ്വന്തം ലേഖകന്‍ 12-04-2020 - Sunday
മരണത്തെ പരാജയപ്പെടുത്തി രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന യേശു ക്രിസ്തുവിന്‍റെ പുനരുത്ഥാനത്തിന്റെ സ്മരണ പുതുക്കി ആഗോള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. കോവിഡ് 19 പശ്ചാത്തലത്തില്‍ ഭരണകൂടങ്ങള്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദേവാലയങ്ങളില്‍ ഉയിര്‍പ്പ് ശുശ്രൂഷകള്‍ ജനപങ്കാളിത്തമില്ലാതെയാണ് നടക്കുന്നത്. അതേസമയം വിശ്വാസികൾക്ക് വീട്ടിലിരുന്നു ചടങ്ങുകൾ വീക്ഷിക്കുന്നതിനായി സമൂഹമാധ്യമങ്ങളിലൂടെ ലൈവ് സ്ട്രീമിങ് നടത്തുന്നുണ്ട്. ഇന്നലെ വൈകീട്ട് നടന്ന ശുശ്രൂഷകള്‍ക്ക് മലങ്കര കത്തോലിക്കാ സഭയുടെ ഈസ്റ്റർ തിരുകർമ്മങ്ങൾക്കു കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിച്ചു. വത്തിക്കാനില്‍ ഇന്നലെ രാത്രി ഈസ്റ്റര്‍ ജാഗരണ ശുശ്രൂഷകള്‍ നടന്നു.
ഇന്ന്‍ വിവിധ ദേവാലയങ്ങളില്‍ ശുശ്രൂഷ നടക്കും. ഉയിര്‍പ്പ് തിരുനാള്‍ ശുശ്രൂഷകള്‍ വത്തിക്കാനില്‍ പ്രാദേശികസമയം രാവിലെ 11 മണിക്ക് (ഇന്ത്യന്‍ സമയം 2.30 PM ) ആണ് നടക്കുക. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍, അര്‍പ്പിക്കപ്പെടുന്ന സമൂഹ ദിവ്യബലിയ്ക്കു മാര്‍പാപ്പ മുഖ്യകാര്‍മ്മികനാകും. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം റോമാ നഗരത്തിനും ലോകത്തിനും എന്നര്‍ത്ഥം വരുന്ന ഊര്‍ബി ഏത്ത് ഓര്‍ബി എന്ന സന്ദേശം പങ്കുവെയ്ക്കും. തുടര്‍ന്നു പാപ്പ അപ്പസ്തോലിക ആശീര്‍വാദം നല്‍കും. സഭ നിഷ്കര്‍ഷിച്ചിട്ടുള്ള വ്യവസ്ഥകള്‍ക്കനുസൃതമായി ഈ തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിച്ച് ആശീര്‍വ്വാദം സ്വീകരിക്കുന്നവര്‍ക്ക് പൂര്‍ണ്ണ ദണ്ഡവിമോചനം ലഭിക്കും. തിരുകര്‍മ്മങ്ങളുടെ തത്സമയ സംപ്രേക്ഷണം പ്രവാചകശബ്ദം ഫേസ്ബുക്ക് പേജില്‍ ലഭ്യമാക്കുന്നതാണ്.