News

ദൈവകരുണയുടെ ഞായറാഴ്ച പാപ്പയുടെ ബലിയർപ്പണം വിശുദ്ധ ഫൗസ്റ്റീനയുടെ തിരുശേഷിപ്പുള്ള ദേവാലയത്തിൽ

പ്രവാചക ശബ്ദം 18-04-2020 - Saturday

വത്തിക്കാന്‍ സിറ്റി: ദൈവകരുണയുടെ തിരുനാൾ ദിനമായ നാളെ ഞായറാഴ്ച (ഏപ്രിൽ 19) ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ ഫൗസ്റ്റീനയുടെയും, വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെയും തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്ന റോമിലെ സാന്തോ സ്പിരിത്തോ ഇൻ സാസിയ ദേവാലയത്തിൽ വിശുദ്ധ ബലി അർപ്പിക്കും. മാർപാപ്പ അർപ്പിക്കുന്ന ദിവ്യബലിയുടെ തൽസമയ സംപ്രേഷണം വത്തിക്കാൻ സമയം രാവിലെ 11 മണി മുതല്‍ വിവിധ മാധ്യമങ്ങളിലൂടെ തൽസമയം സംപ്രേക്ഷണം ചെയ്യും. പ്രവാചകശബ്ദത്തിന്റെ ഫേസ്ബുക്ക് പേജിലും തത്സമയ സംപ്രേക്ഷണമുണ്ടാകും.

റോമിന്റെ ഔദ്യോഗിക ദൈവകരുണയുടെ ദേവാലയമാണ് സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ സമീപം നിലകൊള്ളുന്ന സാന്തോ സ്പിരിത്തോ ഇൻ സാസിയ ദേവാലയം. ദൈവകരുണയുടെ തീര്‍ത്ഥാടന കേന്ദ്രമായി വിശുദ്ധ ജോൺ പോൾ മാർപാപ്പയാണ് പ്രസ്തുത ദേവാലയത്തെ മാറ്റിയെടുത്തത്. കൊറോണ വൈറസ് വ്യാപനത്തിന് മുൻപ് എല്ലാദിവസവും മൂന്നു മണിക്ക് വിശ്വാസികൾ ഇവിടെയെത്തി ദൈവ കരുണയുടെ ജപമാല ചൊല്ലി പ്രാർത്ഥിക്കുമായിരുന്നു. 1995-ലെ ദൈവകരുണയുടെ തിരുനാൾ ദിനത്തില്‍ വിശുദ്ധ ജോൺ പോൾ രണ്ടാമന്‍ പാപ്പ സാന്തോ സ്പിരിത്തോ ദേവാലയം സന്ദർശിച്ചിരുന്നു. ആത്മീയവും, ഭൗതികവുമായ വിടുതൽ ലഭിക്കാനായി ദേവാലയത്തിനുള്ള പ്രാധാന്യത്തെപ്പറ്റി പാപ്പ അന്ന് എടുത്തു പറഞ്ഞിരുന്നു.

ദേവാലയത്തോട് ചേർന്ന് തന്നെ ഒരു ആശുപത്രി കെട്ടിടവുമുണ്ട്. ശരീരത്തിന്റെയും, ആത്മാവിന്റെയും സൗഖ്യത്തിനായി ദീർഘനാളായി പ്രവർത്തിക്കുന്ന ആശുപത്രിക്ക് സമീപം പ്രാർത്ഥിക്കാൻ സാധിക്കുന്നത് വളരെ പ്രസക്തമായ കാര്യമാണെന്നും ജോൺ പോൾ പാപ്പ അന്ന് ചൂണ്ടിക്കാട്ടി. വിശുദ്ധ ഫൗസ്റ്റീന അംഗമായിരിന്ന 'ദി സിസ്റ്റേഴ്സ് ഓഫ് ഔർ ലേഡി ഓഫ് മേഴ്സി' സന്യാസിനി സഭയിലെ അംഗങ്ങളാണ് ദേവാലയത്തിലെ അനുദിന പ്രാർത്ഥനകൾക്കും, വിവിധ ശുശ്രൂഷകള്‍ക്കും ക്രമീകരണം നടത്തുന്നത്. ഞായറാഴ്ചത്തെ ദിവ്യബലിക്കുശേഷം പെസഹാക്കാല ത്രികാലജപവും ഫ്രാൻസിസ് മാർപാപ്പ ദേവാലയത്തില്‍ ചൊല്ലും.


Related Articles »