News - 2024

ഈസ്റ്ററിന് തീവ്രവാദികള്‍ ക്രൈസ്തവരെ ലക്ഷ്യമിട്ടിരിന്നു: ഈജിപ്ഷ്യന്‍ ഭരണകൂടത്തിന്റെ വെളിപ്പെടുത്തല്‍

സ്വന്തം ലേഖകന്‍ 18-04-2020 - Saturday

കെയ്റോ: കഴിഞ്ഞ വര്‍ഷം ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ആക്രമണത്തിന് സമാനമായി ഈജിപ്തില്‍ ഇത്തവണ ഈസ്റ്റര്‍ ദിനത്തില്‍ തീവ്രവാദി ആക്രമണം പദ്ധതിയിട്ടിരിന്നതായി ഭരണകൂടത്തിന്റെ വെളിപ്പെടുത്തല്‍. ഈജിപ്ഷ്യന്‍ ആഭ്യന്തര മന്ത്രാലയമാണ് ക്രൈസ്തവര്‍ക്ക് നേരെ നടത്തുവാനിരുന്ന ആക്രമണ പദ്ധതി നിഷ്ഫലമാക്കിയെന്നു വെളിപ്പെടുത്തിയിരിക്കുന്നത്. വന്‍തോതില്‍ സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തതായും ഭരണകൂടം അവകാശപ്പെട്ടു. ഈസ്റ്റര്‍ ദിനത്തില്‍ മതന്യൂനപക്ഷമായ ക്രൈസ്തവര്‍ക്ക് നേര്‍ക്ക് ആക്രമണമുണ്ടാകുവാന്‍ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനിടെ വെടിവെയ്പ്പുണ്ടായി. ഒരു പോലീസുകാരനും ഏഴു തീവ്രവാദികളും കൊല്ലപ്പെട്ടുവെന്നും ഭരണകൂടം സ്ഥിരീകരിച്ചു.

കെയ്റോയുടെ തെക്ക്-കിഴക്കന്‍ ഭാഗത്ത് താവളമുറപ്പിച്ചിട്ടുള്ള തക്ഫിരി ആശയങ്ങളുമായി ആഭിമുഖ്യം പുലര്‍ത്തുന്ന ഇസ്ലാമിക തീവ്രവാദി സെല്‍ വിശുദ്ധ വാരത്തിലും ഈസ്റ്റര്‍ ഞായറിലും കോപ്റ്റിക് ക്രിസ്ത്യാനികളെ ആക്രമിക്കുവാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നാണ് തങ്ങള്‍ക്ക് ലഭിച്ച വിവരമെന്നു ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വെടിവെപ്പ് നടന്ന സ്ഥലത്ത് നിന്നും വന്‍ തോതില്‍ സ്ഫോടക വസ്തുക്കളും, ആയുധങ്ങളും അധികാരികള്‍ പിടിച്ചെടുത്തതായി വാഷിംഗ്‌ടണ്‍ ആസ്ഥാനമായുള്ള ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ ‘ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍’ന്റെ (ഐ.സി.സി) റിപ്പോര്‍ട്ടില്‍ പറയുന്നു. തീവ്രവാദി ആക്രമണ ശ്രമം പരാജയപ്പെടുത്തിയത് നല്ല കാര്യമാണെങ്കിലും, ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ ക്രൈസ്തവരെ അടിച്ചമര്‍ത്തുന്നത് ഇപ്പോഴും തുടരുന്നുണ്ടെന്ന്‍ സംഘടന വ്യക്തമാക്കി.

തങ്ങളുടെ അധികാരം നിലനിര്‍ത്തുവാന്‍ സര്‍ക്കാര്‍ ഒത്താശയോടെ ഇത്തരം ആക്രമണങ്ങള്‍ നടക്കാറുണ്ട്. കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ദേവാലയങ്ങളില്‍ ഈസ്റ്റര്‍ ആഘോഷങ്ങള്‍ നടക്കില്ലെന്ന കാര്യം എല്ലാവര്‍ക്കും അറിവുള്ളതാണെന്നും, അതിനാല്‍ തന്നെ പരാജയപ്പെടുത്തിയ ആക്രമണപദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സര്‍ക്കാര്‍ സുതാര്യമാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. 2018 നവംബറില്‍ 7 പേരുടെ മരണത്തിനിടയാക്കിയ തീവ്രവാദി ആക്രമണമാണ് ഈജിപ്തിലെ കോപ്റ്റിക് ക്രിസ്ത്യാനികള്‍ക്ക് നേര്‍ക്കുണ്ടായ ഏറ്റവും ഒടുവിലത്തെ ആക്രമണം.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »