News - 2025
പാപ്പയുടെ അടിയന്തര സഹായനിധിയിലേക്ക് പതിനായിരം ഡോളര്‍ സംഭാവന ചെയ്ത് ബുദ്ധമത നേതാവ്
സ്വന്തം ലേഖകന്‍ 20-04-2020 - Monday
യാംഗൂണ്‍: കോവിഡ് രോഗബാധിതരെ സഹായിക്കാൻ ഫ്രാൻസിസ് പാപ്പ രൂപീകരിച്ച അടിയന്തര സഹായനിധിയിലേക്ക് പതിനായിരം യു.എസ് ഡോളർ സംഭാവന ചെയ്ത് മ്യാൻമറിലെ പ്രമുഖ ബുദ്ധമത നേതാവും സിതാഗു ബുദ്ധിസ്റ്റ് അക്കാദമിയുടെ സ്ഥാപകനുമായ അഷിൻ ന്യാനിസ്സാര. സേക്രട്ട് ഹാർട്ട് കത്തീഡ്രലിലെത്തിയാണ് മ്യാൻമറിലെ മണ്ടലായ് അതിരൂപത അധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർക്കോ ടിൻ വിനാണ് തുക കൈമാറിയത്. പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിൽ, എല്ലാ മതവിശ്വാസികളോടും കാട്ടേണ്ട കാരുണ്യത്തിന്റെ അടയാളമായാണ് ഈ സഹായം കൈമാറുന്നതെന്നും ഐക്യത്തിലൂന്നിയ ജീവകാരുണ്യ പ്രവർത്തികളും ഇതോടൊപ്പം സാധ്യമാകണമെന്നും അഷിൻ ന്യാനിസ്സാര പറഞ്ഞു.
മതസൗഹാർദത്തെ ഊട്ടിയുറപ്പിക്കുന്ന നടപടിയെന്നാണ് ആർച്ച് ബിഷപ്പ് മാർക്കോ ടിൻ വിൻ ബുദ്ധനേതാവിന്റെ ഇടപെടലിനെ വിശേഷിപ്പിച്ചത്. അതിരൂപതയിലുള്ളവർക്ക് ലഭ്യമാക്കാൻ അരി, സവാള, എണ്ണ, ബീന്‍സ് തുടങ്ങിയവ അടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ കിറ്റുകളും അദ്ദേഹം ആർച്ച്ബിഷപ്പിനെ ഏൽപ്പിച്ചു. യാംഗൂണ്‍ ആർച്ച്ബിഷപ്പും ഏഷ്യൻ മെത്രാൻ സമിതി അധ്യക്ഷനുമായ കർദ്ദിനാൾ ചാൾസ് ബോ, ആർച്ച് ബിഷപ്പ് മാർക്കോ ടിൻവിന് എന്നിവരുമായി അടുത്ത സൗഹൃദം പുലർത്തുന്ന നേതാവാണ് അഷിൻ ന്യാനിസ്സാര. 2011ൽ വത്തിക്കാനിൽവെച്ചു എമിരിറ്റസ് ബനഡിക്ട് 16-ാമൻ പാപ്പയുമായും മ്യാൻമര്‍ പര്യടനത്തില്‍ ഫ്രാന്‍സിസ് പാപ്പയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരിന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക