News - 2025
രണ്ട് മാസങ്ങള്‍ക്ക് ശേഷം ലെബനോനില്‍ പൊതു വിശുദ്ധ കുര്‍ബാന അര്‍പ്പണം
സ്വന്തം ലേഖകന്‍ 11-05-2020 - Monday
ബെയ്റൂട്ട്: രണ്ട് മാസങ്ങള്‍ക്ക് ശേഷം ആദ്യമായി ലെബനോനിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ പൊതു വിശുദ്ധ കുര്‍ബാന ആരംഭിച്ചു. കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്ന്‍ മാര്‍ച്ചില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഉപാധികളോടെ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് വിശ്വാസികള്‍ക്ക് ബലിയില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചത്. ഇന്നലെ ബെയ്റൂട്ടിലെ സെന്റ് ജോര്‍ജ്ജ് കത്തീഡ്രലില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ സാമൂഹ്യ അകലം പാലിച്ചുകൊണ്ടാണ് വിശ്വാസികള്‍ പങ്കെടുത്തത്. സാനിറ്റൈസര്‍ ഉപയോഗത്തിന് ശേഷവും ശരീര താപനില അളന്നതിനും ശേഷമാണ് വിശ്വാസികളെ ദേവാലയങ്ങളിലേക്ക് പ്രവേശിപ്പിച്ചത്.
നിയന്ത്രണങ്ങള്‍ പിന്‍വലിച്ച സാഹചര്യത്തില്‍, വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്തി സാമൂഹിക അകലം പോലെയുള്ള സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഞായറാഴ്ചകളില്‍ വിശ്വാസികള്‍ക്ക് വിശുദ്ധ കുര്‍ബാനയും വെള്ളിയാഴ്ച നിസ്കാരം പോലെയുള്ള മതപരമായ കര്‍മ്മങ്ങളിലും പങ്കെടുക്കുവാനാണ് ഭരണകൂടം അനുമതി നല്‍കിയിരിക്കുന്നത്.
സമീപകാല ചരിത്രത്തില്‍ ഇതാദ്യമായാണ് ലെബനനില്‍ ഈസ്റ്റര്‍ ദിന തിരുകര്‍മ്മങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതു പ്രാര്‍ത്ഥനകള്‍ ആളൊഴിഞ്ഞ ദേവാലയങ്ങളില്‍ നടത്തിയത്. 1975-90 കളിലെ ആഭ്യന്തര യുദ്ധകാലഘട്ടത്തില്‍ പോലും വിശ്വാസികള്‍ക്ക് ആരാധനാലയങ്ങളില്‍ പോകുവാന്‍ തടസ്സമില്ലായിരുന്നു. 40% ക്രൈസ്തവ വിശ്വാസികളുള്ള ലെബനോന്‍ മധ്യപൂര്‍വ്വേഷ്യയില്‍ ഏറ്റവുമധികം ക്രിസ്ത്യന്‍ ജനസംഖ്യയുള്ള രാഷ്ട്രങ്ങളില്‍ ഒന്നാണ്. നിലവില്‍ 809 കൊറോണ കേസുകളാണ് രാജ്യത്തു സ്ഥിരീകരിച്ചിരിക്കുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക