News - 2025
രണ്ടു മാസങ്ങൾക്കു ശേഷം ഫ്രാൻസിൽ പൊതു ദിവ്യബലിയർപ്പണം പുനഃരാരംഭിച്ചു
സ്വന്തം ലേഖകന്‍ 25-05-2020 - Monday
പാരീസ്: കൊറോണ വൈറസിനെ തുടര്‍ന്നു രാജ്യം മുഴുവന്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾക്ക് ഒടുവില്‍ രണ്ടു മാസത്തിന് ശേഷം ഫ്രാൻസിലെ ദേവാലയങ്ങളിൽ ഇന്നലെ പൊതു ദിവ്യബലിയർപ്പണം നടന്നു. ഫ്രഞ്ച് സർക്കാരിന് നിയമോപദേശം നൽകുന്ന കൗൺസിൽ ഓഫ് സ്റ്റേറ്റ് കഴിഞ്ഞ തിങ്കളാഴ്ച, ദേവാലയങ്ങളിൽ ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നു. ആരാധനാസ്വാതന്ത്ര്യം വിലക്കുന്നത് നിയമവിരുദ്ധമാണെന്ന് കൗൺസിൽ ഓഫ് സ്റ്റേറ്റ് ചൂണ്ടിക്കാട്ടി. ഇത് പ്രകാരമാണ് സർക്കാർ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയത്. അറുപതോളം ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെ നടന്ന പൊതു ബലിയര്‍പ്പണത്തില്‍ സാമൂഹിക അകലം പാലിച്ച് നിരവധി വിശ്വാസികളാണ് ദേവാലയത്തില്‍ എത്തിയത്.
ദേവാലയങ്ങളിൽ വരുന്നവർ മാസ്ക് ധരിക്കണം, ആരാധനാ സമയത്ത് കൃത്യമായ അകലം പാലിക്കണം തുടങ്ങിയ മാർഗ്ഗനിർദ്ദേശങ്ങളും സർക്കാർ നൽകിയിട്ടുണ്ട്. രാജ്യത്തെ യഹൂദ, മുസ്ലിം വിശ്വാസികൾ സാവകാശം ദേവാലയങ്ങളിലെ പൊതു ആരാധന പുനഃസ്ഥാപിക്കാം എന്ന നിലപാടിലാണ്. ഞായറാഴ്ച മുതൽ മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്കും രാജ്യത്ത് പ്രവേശിക്കാൻ ഫ്രാൻസ് അനുവാദം നൽകി. ജൂൺ 15ന് തീയതിക്ക് ശേഷം മാത്രമേ യൂറോപ്പിനു പുറത്തുനിന്നുള്ളവർക്ക് ഫ്രാൻസിൽ പ്രവേശനമുള്ളൂ.
ഫ്രഞ്ച് പൗരന്മാർക്ക് പ്രസ്തുത നിയന്ത്രണത്തിൽ ഇളവുണ്ട്. വൈറസ് ബാധിതരാവുന്നവരുടെ എണ്ണത്തിൽ രാജ്യത്ത് കുറവുണ്ട്. 1665 പേരാണ് ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്. രോഗബാധിതരായ 1,82,000 പേരിൽ 28,289 ആളുകൾ ഇതുവരെ മരണമടഞ്ഞു. വൈറസ് ബാധ ഒഴിയുന്ന സാഹചര്യത്തിൽ പൊതു ദിവ്യബലിയർപ്പണങ്ങൾ പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് യൂറോപ്പിലെ വിവിധ രാജ്യങ്ങൾ. ഇറ്റലിയിൽ കഴിഞ്ഞയാഴ്ച പൊതു ആരാധന പുനരാരംഭിച്ചിരുന്നു. ബ്രിട്ടനിൽ ജൂലൈ നാലാം തീയതി വരെ ദേവാലയങ്ങൾ തുറക്കാൻ കാത്തിരിക്കണമെന്ന നിർദ്ദേശം വലിയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക