News - 2024

കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര ജൂൺ 1 മുതൽ പ്രവാചകശബ്ദത്തിൽ

പ്രവാചക ശബ്ദം 31-05-2020 - Sunday

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഇതിനു വഴിയൊരുക്കുകയാണ് ജൂൺ 1 മുതൽ പ്രവാചകശബ്ദം.

കേരള കത്തോലിക്കാ സഭയുടെ ആസ്ഥാനകാര്യാലയമായ പി. ഒ. സി. 2005-ൽ ഈ ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ പ്രസിദ്ധീകരിച്ചപ്പോൾ എറെ ആവേശത്തോടെയാണ് മലയാളികളായ വിശ്വാസികൾ ഇതിനെ സ്വീകരിച്ചത്. അന്ന് ഈ മഹത്തായ ഗ്രന്ഥത്തിലെ പഠനങ്ങൾ ലോകമെമ്പാടുമുള്ള വിശ്വാസികളിലേക്കെത്തിക്കാൻ മുഖ്യപങ്കുവഹിച്ച ഒരു വ്യക്തിയായിരുന്നു ബ്രദർ കെ തോമസ് പോൾ. ഇന്നത്തേതുപോലെ സോഷ്യൽ മീഡിയ സൗകര്യങ്ങൾ ലഭ്യമല്ലാതിരുന്ന ആ കാലത്ത് ഈ ഗ്രന്ഥത്തിലെ പ്രബോധനങ്ങളെക്കുറിച്ചു പഠിപ്പിച്ചുകൊണ്ട് അത് അനേകരിലേക്കെത്തിക്കുന്നതിന് അദ്ദേഹം സ്തുത്യർഹമായ പങ്കു വഹിച്ചു.

കഴിഞ്ഞ ഇരുപതു വർഷക്കാലമായി കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠിപ്പിച്ചുകൊണ്ട് വിശ്വാസികൾക്ക് ആഴമായ ബോധ്യങ്ങൾ നൽകിവരുന്ന ബ്രദർ തോമസ് പോൾ തന്നെയായിരിക്കും ഈ പഠനപരമ്പരയും നയിക്കുക. ജൂൺ 1 മുതൽ, ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും പ്രവാചകശബ്ദത്തിന്റെ വെബ്സൈറ്റിലും, യൂട്യൂബ് ചാനലിലും ഫേസ്ബുക് പേജിലും ഈ പഠനപരമ്പര ലഭ്യമായിരിക്കും.

നിരവധി തെറ്റായ പ്രബോധനങ്ങളിലൂടെ വിശ്വാസികളെ വഴിതെറ്റിക്കുന്ന അബദ്ധ പ്രബോധനങ്ങൾ സോഷ്യൽമീഡിയയിലൂടെ പ്രചരിക്കുന്ന ഈ കാലത്ത് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം ആഴത്തിൽ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യേണ്ടത് ഈ കാലഘത്തിലെ വിശ്വാസസംരക്ഷണത്തിന് അത്യാവശ്യമാണ്. ബൈബിളിലൂടെ ദൈവം എന്താണ് നമ്മോട് സംസാരിക്കുന്നത് എന്ന് വ്യക്തമായി മനസ്സിലാക്കുവാൻ ഈ ഗ്രന്ഥത്തിലൂടെ നമ്മുക്കു സാധിക്കും. സഭയുടെ പ്രബോധനങ്ങളാൽ സംശുദ്ധമായ വിശ്വാസജീവിതത്തിൽ ആഴപ്പെടുവാൻ ഈ പഠനപരമ്പരയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »