Faith And Reason

കൊറോണ പിടിമുറുക്കിയപ്പോള്‍ വാല്‍സിംഹാം മരിയൻ തീർത്ഥാടന കേന്ദ്രത്തിലേക്ക് ഓണ്‍ലൈന്‍ സന്ദർശക പ്രവാഹം

പ്രവാചക ശബ്ദം 06-06-2020 - Saturday

ലണ്ടന്‍: കൊറോണ വൈറസ് ഇംഗ്ലണ്ടിൽ പിടിമുറുക്കിയപ്പോൾ ബ്രിട്ടനിലെ പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ വാല്‍സിംഹാം അടച്ചിടേണ്ടി വന്നെങ്കിലും ഓണ്‍ലൈന്‍ വഴി തീര്‍ത്ഥാടനത്തില്‍ അനുദിനം പങ്കുചേരുന്നത് ആയിരങ്ങള്‍. വിശുദ്ധ കുർബാനയോടുകൂടിയാണ് എല്ലാ ദിവസത്തെയും തത്സമയ സംപ്രേക്ഷണം ആരംഭിക്കുന്നത്. തുടർന്ന് ദിവ്യകാരുണ്യം എഴുന്നള്ളിച്ചുവയ്ക്കും. ഇതേ തുടര്‍ന്നു ജപമാല പ്രാർത്ഥന, ത്രികാല പ്രാർത്ഥന, വചനസന്ദേശം തുടങ്ങിയവയാണ് നടക്കുക. കരുണക്കൊന്തയും ശുശ്രൂഷകളുടെ ഭാഗമാകുന്നു. ആയിരക്കണക്കിന് ആളുകളാണ് ദിവസവും തൽസമയ സംപ്രേഷണം കണ്ടുകൊണ്ടിരിക്കുന്നത്.

നേരത്തെ ലോക്ക്ഡൗണിനെ തുടര്‍ന്നു തീർത്ഥാടന കേന്ദ്രത്തിന്റെ റെക്ടറായ മോൺസിഞ്ഞോർ ജോൺ ആർമിട്ടേജാണ് തീർത്ഥാടന കേന്ദ്രത്തിന്റെ വെബ്സൈറ്റിലൂടെ വിശുദ്ധ കുർബാനയും, അവിടെ നടക്കുന്ന മറ്റു ശുശ്രൂഷകളും തൽസമയം ജനങ്ങളിലെത്തിക്കാൻ തീരുമാനിക്കുന്നത്. കത്തോലിക്കാ മാധ്യമമായ ഇറ്റേണൽ വേൾഡ് ടെലിവിഷൻ നെറ്റ്‌വർക്ക് ഇതിനുവേണ്ടിയുള്ള വേഗതയേറിയ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കി. 135 രാജ്യങ്ങളിൽ നിന്നുള്ള വിശ്വാസികൾ തൽസമയ സംപ്രേക്ഷണം കാണാൻ വെബ്സൈറ്റ് സന്ദർശിച്ചിട്ടുണ്ടെന്ന് മോണ്‍. ജോൺ ആർമിട്ടേജ് വെളിപ്പെടുത്തി. ഓൺലൈനിലൂടെ ആണെങ്കിലും ഇങ്ങനെയുള്ള ഒരു തീർത്ഥാടക പ്രവാഹം ആദ്യമായിട്ടാണ് ഉണ്ടാകുന്നതെന്ന് അദ്ദേഹം പറയുന്നു.

ഇതിനിടെ നിരവധി ആളുകൾ മോൺസിഞ്ഞോർ ആർമിട്ടേജിന് നന്ദി പ്രകാശിപ്പിച്ചു കത്തുകള്‍ അയച്ചിരിന്നു. വർഷങ്ങളായി ലോക്ക്ഡൗണിനു സമാനമായ അവസ്ഥയിൽ ഭവനങ്ങളിൽ കഴിയുന്ന പ്രായമായവരുമായി ഒരു ആത്മീയ ബന്ധം സ്ഥാപിച്ചെടുക്കാൻ സാധിച്ചത് ഒരു വലിയ നേട്ടമായാണ് അദ്ദേഹം കരുതുന്നത്. മാർച്ച് 29നു ഇംഗ്ലണ്ടിനെ മാതാവിന് സമർപ്പിക്കുന്ന ചടങ്ങ് തീര്‍ത്ഥാടനകേന്ദ്രത്തില്‍ നടത്തിയിരിന്നു. കോവിഡ് 19 നിയന്ത്രണങ്ങൾ മൂലം തീർത്ഥാടന കേന്ദ്രത്തിന്റെ വെബ്സൈറ്റിലൂടെയും, യൂട്യൂബ് പേജിലൂടെയുമാണ് ആളുകൾ ചടങ്ങ് വീക്ഷിച്ചത്.

തന്നെ തീർത്ഥാടന കേന്ദ്രത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ദൗത്യം മെത്രാൻ ഏൽപ്പിച്ചപ്പോൾ കെട്ടിടങ്ങളുടെ വികസനമാണ് താൻ മനസ്സിൽ കണ്ടതെന്നും എന്നാൽ മരിയൻ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു തന്റെ ദൗത്യമെന്ന് പിന്നീടാണ് മനസ്സിലായതെന്നും മോൺസിഞ്ഞോർ ആർമിട്ടേജ് പറഞ്ഞു. 2014 റെക്ടർ പദവി ഏറ്റെടുത്ത ആർമിട്ടേജ് സെപ്റ്റംബർ മാസം സ്ഥാനമൊഴിയും. നേരത്തെ നിശ്ചയിച്ചിരുന്ന പോലെ ജൂലൈ നാലാം തീയതി തീർത്ഥാടന കേന്ദ്രം തുറന്നാലും തൽസമയ സംപ്രേഷണം തുടരുവാനാണ് അധികൃതരുടെ തീരുമാനം. 1061ൽ പരിശുദ്ധ ദൈവമാതാവ് നിരവധി തവണ പ്രത്യക്ഷപ്പെട്ട വാല്‍സിംഹാമിൽ റിച്ചൽഡിസ് ഡി ഫവർച്ചസ് എന്ന ധനികയായിരുന്ന കത്തോലിക്ക യുവതിയാണ് തീർത്ഥാടന കേന്ദ്രം പണികഴിപ്പിച്ചത്. മധ്യകാലഘട്ടത്തിൽ, ഇംഗ്ലണ്ടിലെ നസ്രത്ത് എന്ന പേരിൽ വാൽസിംഹാം അറിയപ്പെട്ടിരുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  ➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »